1996 ലെ ഏകദിന ലോകകപ്പും, 2014 ലെ ടി20 ലോകകപ്പും നേടിയ ഒരു ടീമിന് എത്രത്തോളം താഴേക്ക് പോകാൻ സാധിക്കും?.. പക്ഷെ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ. തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പു കുത്തുന്ന ഒരു ടീമായി മാറിയിരിക്കുന്നു ശ്രീലങ്ക. സിംബാബ്വേയുടെ അടുത്ത് നിന്ന് പോലും സീരീസ് തോൽവി ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ടീമായി മാറി അവർ. സിംബാബ്വേയ്ക്ക് വിജയിക്കാനുള്ള അവകാശമില്ല എന്നല്ല അതിനർത്ഥം, അവരെക്കാൾ താഴെയായി ശ്രീലങ്കയുടെ പെർഫോമൻസ് ലെവൽ എന്നതാണ്.
എന്താണ് ഇതിനു കാരണം
ദുലീപ് മെൻഡിസ്, അരവിന്ദ ഡിസിൽവ, അർജുന രണതുംഗ, ജയസൂര്യ, മഹേള ജയവർധനെ, കുമാർ സംഗക്കാര തുടങ്ങി ഒരു കൂട്ടം ലോകോത്തര താരങ്ങൾ ഉണ്ടായിരുന്ന ടീമാണ് ശ്രീലങ്ക. എന്നാൽ ഈ താരങ്ങൾ നേടിയെടുത്ത പെരുമ നിലനിർത്താൻ അവരുടെ പിന്ഗാമികൾക്ക് ആയില്ല. അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഈ അവസ്ഥക്ക് ഏറ്റവും ആദ്യം കുറ്റപ്പെടുത്തേണ്ടത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ തന്നെയാണ്. അവിടത്തെ ആഭ്യന്തര ക്രിക്കറ്റിൽ അവർ വരുത്തിയ മാറ്റങ്ങളാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. ചെറിയൊരു താരതമ്യത്തിലൂടെ അത് വിശദീകരിക്കാം.
ഒരു രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ (എ ലെവൽ) പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എത്രത്തോളം കുറയുന്നുവോ അത്രത്തോളം കോമ്പറ്റിഷൻ ഉണ്ടാവുകയും അത് അവിടത്തെ ക്രിക്കറ്റിനെ സ്റ്റാൻഡേർഡ് ഉയർത്താൻ സഹായിക്കുകയും ചെയ്യും.
ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടൂർണമെന്റാണ് രഞ്ജി ട്രോഫി എന്ന് നമുക്കറിയാം. 136 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 37 ആണ്. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം 18 ഉം, ഓസ്‌ട്രേലിയയിലെ ഷെഫീൽഡ് ഷീൽഡിൽ പങ്കെടുക്കുന്ന ടീമുകൾ 6ഉം ആണെന്നിരിക്കെ വെറും 2.18 കോടി ജനങ്ങൾ മാത്രമുള്ള ശ്രീലങ്കയിലെ ആഭ്യന്തര – ഫസ്റ്റ് ക്ലാസ് ലീഗിൽ, 2016-17 വരെ പങ്കെടുത്തിരുന്ന ടീമുകളുടെ എണ്ണം 14 ആയിരുന്നു. ഈ നമ്പർ കൂടുതൽ ആയിട്ടുപോലും അവർക്ക് മികച്ച താരങ്ങളെ ലോകത്തിനു സംഭാവന നല്കാൻ സാധിച്ചു.
എന്നാൽ 2016 – 17 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു തീരുമാനം എടുത്തു. ബോർഡ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ക്ലബ്ബുകളെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് ക്ലാസ് ലെവലിൽ പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം 14 ൽ നിന്ന് 24 ആയി ഉയർത്തി. ഈ ഒരൊറ്റ തീരുമാനമാണ് ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചക്ക് തുടക്കം കുറിച്ചത്. അതോടുകൂടി ബി ലെവൽ ടൂർണമെന്റിൽ മാത്രം പങ്കെടുക്കാനുള്ള നിലവാരമുള്ള ക്ലബ്ബുകൾക്ക് എ ലെവൽ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ഇത് ടൂർണമെന്റിന്റെ മാത്രമല്ല കളിക്കാരുടെയും നിലവാരം കുറയാൻ ഇടയാക്കി. ഇപ്പോഴത്തെ ശ്രീലങ്കൻ ടീമിന്റെ പരിതാപകരമായ അവസ്ഥക്ക് പ്രധാന കാരണം ഇതാണ് എന്ന് പറയുന്നതിൽ തെറ്റില്ല.
പിന്നെയുമുണ്ട് കാരണങ്ങൾ. ചെറിയ പ്രായത്തിൽ ഒരു കളിക്കാരന്റെ ടെക്‌നിക് ശെരിയാക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നതിനു പകരം, സ്കൂൾ – കോളേജ് തലത്തിൽ ടി20 ടൂർണമെന്റുകൾ കൊണ്ട് വന്നത്, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ കളിക്കാർക്ക് നൽകുന്ന തുച്ഛമായ ശമ്പളം… ഇതെല്ലം അവരെ ബാധിച്ചു.
ഐസിസി യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടീമുകളുടെ എണ്ണം 104 ആണെങ്കിലും 12 രാജ്യങ്ങൾക്ക് മാത്രമേ ടെസ്റ്റ് പദവി ലഭിച്ചിട്ടുള്ളൂ. അതിൽ അയർലണ്ട്, സിംബാബ്വേ, ടീമുകളുടെ അവസ്ഥ നമുക്കറിയാം. ബാക്കിയുള്ള ടീമുകളിൽ, ഒരു കാലത്ത് ലോക ക്രിക്കറ്റ് അടക്കി വാണിരുന്ന വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ ടീമുകളുടെ നിലവാരത്തകർച്ച ഏതൊരു ക്രിക്കറ്റ് പ്രേമിയെയും സങ്കടപ്പെടുത്തുന്നതാണ്. നാളെ, ക്രിക്കറ്റ് എന്ന കളിയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിച്ചേക്കാം.
ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയ്യാറാകും എന്ന് നമുക്ക് പ്രത്യാശിക്കാം..