in ,

തൂക്കിലേറ്റപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ കരളലിയിക്കുന്ന കഥ

Story of Leslie Hylton

സുരേഷ് വാരിയത്ത്

ലെസ്ലി ഹിൽട്ടൺ അയാളുടെ ബാല്യം ഒരിക്കലും വർണാഭമായിരുന്നില്ല. ദാരിദ്ര്യം കൊടി കുത്തി വാണ ഇംഗ്ലീഷ് കോളനികളിലൊന്നായ വെസ്റ്റ് ഇൻഡീസ് ദ്വീപ് സമൂഹത്തിലെ ജമൈക്കയിൽ അയാൾ ജനിച്ചു, 1905 മാർച്ച് 29 ന്. അക്കാലത്തെ ഏതൊരു കറുത്ത വർഗക്കാരനേയും പോലെ നിറവും സംസ്കാരവും പാരമ്പര്യവുമെല്ലാം അയാളുടെ കഴിവുകൾ തേച്ചുമിനുക്കുന്നതിന് എന്നും എതിരായി നിന്നു. പിതാവാരെന്നറിയാതെ ജനിച്ചഅയാളെ, അനാഥനാക്കി മൂന്നാം വയസ്സിൽ അമ്മയും ടീനേജിൽ സഹോദരിയും എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു.

ഏക ആശ്രയമായ അമ്മായിയും പോയതോടെ തികച്ചും അനാഥനായ ലെസ്ലി ഒരു തുണിക്കടയിൽ തയ്യൽ പരിശീലിക്കാനും പിന്നീട് കപ്പലിലെ ചെറു ജോലികൾ ചെയ്യാനും നിയോഗിതനായി. ഇതിനിടയിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും കഠിന പരിശ്രമത്തിൽ തനിക്കിഷ്ടപ്പെട്ട ഫാസ്റ്റ് ബൗളിങ്ങിൽ അയാൾ പുരോഗതി നേടിക്കൊണ്ടേയിരുന്നു. തൊലിയുടെ വെള്ള നിറം നോക്കി കളിക്കാരെ തെരഞ്ഞെടുത്തിരുന്ന ക്ലബുകൾ ഹിൽട്ടനെ പോലുള്ളവർക്കും അവസരം നൽകിത്തുടങ്ങി.

ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ

1927 ൽ വെസ്റ്റിൻഡീസിൽ സന്ദർശനത്തിനു വന്ന ഇംഗ്ലീഷ് ടീമിനെതിരെയുള്ള ജമൈക്കയുടെ ടൂർ മത്സരങ്ങളിൽ ലസ്ലി ഹിൽട്ടനും ഉൾപ്പെട്ടു. തുടർച്ചയായ ഓൾറൗണ്ട് പ്രകടനങ്ങൾ ജമൈക്കൻ ടീമിൽ അയാളുടെ സ്ഥാനം ഉറപ്പിച്ചു. 1928ൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസിൻ്റെ ടെസ്റ്റ് അരങ്ങേറ്റ സീരീസിൽ ടീമിലിടം നേടാൻ ട്രയൽ മാച്ചിൽ ഹിൽട്ടൺ കളത്തിലിറങ്ങിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. നിരാശനാവാതെ പരിശ്രമിച്ചു കൊണ്ടിരുന്ന ഹിൽട്ടൺ 1935ൽ തൻ്റെ 30ആം വയസ്സിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.1939 വരെ നീണ്ട കരിയറിൽ 6 ടെസ്റ്റിൽ നിന്നായി 16 വിക്കറ്റുകളും നേടി.

റിട്ടയർമെന്റ് വിവാഹം ദാമ്പത്യം

അന്താരാഷ്ട്ര ക്രിക്കറ്റർ എന്ന ലേബൽ അയാൾക്ക് ജമൈക്കൻ സിവിൽ സർവീസിൽ ഒരു ജോലി ശരിയാക്കിക്കൊടുത്തു. ജീവിത സാഹചര്യം മെച്ചപ്പെട്ടതോടെ 1941ൽ ക്രിക്കറ്റിനോടു വിട പറഞ്ഞ ഹിൽട്ടൻ ഒരു പോലീസുകാരൻ്റെ മകളായ ലൂർലിൻ റോസിനെ 1942ൽ വിവാഹം ചെയ്തു. ഹിൽട്ടൻ്റെ നിറം ഭാര്യവീട്ടിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതോടെ ഭാര്യാപിതാവിന് ഈ ബന്ധം അംഗീകരിക്കാൻ പറ്റാത്തതായി. 1947 ൽ ഇവർക്കൊരു മകൻ പിറന്നു. പിതാവിൻ്റെ മരണശേഷം ലൂർലിൻ റോസ് ഫാഷൻ ഡിസൈനിങ് പഠിക്കാൻ ന്യൂയോർക്കിലേക്ക് പോവുകയും ലെസ്ലി മകനോടൊപ്പം ജമൈക്കയിൽ കഴിയുകയും ചെയ്തു.

ദാമ്പത്യത്തിലെ വിള്ളലുകൾ

1954- ഹിൽട്ടന് ഒരു ഊമക്കത്ത് ലഭിച്ചു. റോസ്, ന്യൂയോർക്കിൽ റോയ് ഫ്രാൻസിസ് എന്നയാളുമായി അവിഹിത ബന്ധം ഉണ്ടെന്നതായിരുന്നു ആ അജ്ഞാതസന്ദേശം… ഉടൻ തന്നെ റോസിന് ടെലഗ്രാം ചെയ്ത ലെസ്ലി മടങ്ങിവരവ് ആവശ്യപ്പെട്ടു. തിരിച്ചെത്തിയ ലൂർലിൻ റോസ് ആരോപണങ്ങൾ നിഷേധിച്ചു ലെസ്ലിയുമായി സമരസപ്പെട്ടു കഴിഞ്ഞു.

അയാൾ പക്ഷേ തൻ്റെ സംശയങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. റോസ് മടങ്ങുന്നതിൻ്റെ തലേന്ന് സ്വയരക്ഷക്കെന്ന പേരിൽ ഒരു റിവോൾവർ അയാൾ മേടിച്ചു. അതിനിടയിൽ തൻ്റെ തോട്ടക്കാരൻ വശം പോസ്റ്റ് ഓഫീസിലേക്ക് ഒരു കത്ത് റോസ് കൊടുത്തയക്കുന്നത് ലെസ്ലി കണ്ടെത്തിയിരുന്നു. അയാളത് തിരിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. റോസ് മടങ്ങുന്ന ദിവസം രാവിലെ ഇതേ ചൊല്ലി വാക്കു തർക്കമുണ്ടാവുകയും ലൂർലിൻ റോസ്, റോയ് ഫ്രാൻസിസുമായുള്ള തൻ്റെ അടുപ്പം തുറന്നു പറയുകയും ചെയ്തു. കോപാകുലനായ ലെസ്ലി ഒരു നിമിഷത്തെ വികാര വിക്ഷുബ്ധതയാൽ തൻ്റെ റിവോൾവർ ഉപയോഗിച്ച് റോസിനെ തുടരെ വെടിവച്ചു.

അറസ്റ്റ് വിചാരണ വിധി

അറസ്റ്റിലായ ലെസ്ലി ഹിൽട്ടൻ മികച്ച അഭിഭാഷകരെ നിയമിച്ചെങ്കിലും അവരുടെ ഫീസ് അയാൾക്ക് താങ്ങാനാവുമായിരുന്നില്ല. അബദ്ധത്തിൽ നടന്ന കൊലപാതകമാണെന്ന് വാദം ബെഞ്ച് തള്ളിക്കളഞ്ഞു. ആറ് വെടിയുണ്ടകൾ നിറയ്ക്കാവുന്ന റിവോൾവർ ആണെന്നിരിക്കേ, റോസിൻ്റെ ശരീരത്തിൽ നിന്ന് കിട്ടിയ ഏഴാമത്തെ വെടിയുണ്ട ,അയാൾ തോക്ക് റീലോഡ് ചെയ്ത് ഉപയോഗിച്ചതിന് തെളിവായി പ്രോസിക്യൂഷൻ വാദിച്ചു. ഏഴാമത്തെ വെടിയുണ്ട താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ റോസിന് കിട്ടിയതാണെന്ന വാദം തള്ളി.

1954 ഒക്ടോബറിൽ ജമൈക്കൻ കോടതി ഹിൽട്ടനെ വധശിക്ഷ ( തൂക്കുകയർ) ക്ക് വിധിച്ചു. മേൽക്കോടതിയിൽ അപ്പീലിന് പോയെങ്കിലും 1955 ജനുവരിയിൽ അത് തള്ളപ്പെട്ടു. ഗവർണരുടെ ദയാഹർജിയും തള്ളപ്പെട്ടതോടെ, 1955 മെയ് 17 ന് വിധി നടപ്പാക്കാൻ ഉത്തരവായി.

അന്ത്യനാളുകൾ

വിധിയുടെ നാളുകൾ അടുക്കുന്തോറും കടുത്ത ദൈവ വിശ്വാസിയായ ഹിൽട്ടൻ റോമൻ കാത്തലിക്ക് ചർച്ചിൽ സ്വയം അർപ്പിച്ചു…. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കാണാൻ വന്ന പഴയ സഹ താരം സ്ടോൾമേയർ കണ്ടത് പുരോഹിതനെ പോലെ ളോഹ ധരിച്ച ലെസ്ലിയെ ആയിരുന്നു.

വിധി നടപ്പാക്കുന്ന ദിവസം ആരാധകർ ജയിൽ പരിസരത്ത് തടിച്ചു കൂടി. തൻ്റെ അവസാന ഭക്ഷണം അദേഹം നിരസിച്ചു. വിധി നടപ്പായ ശേഷം മൃതദേഹം ജയിൽ വളപ്പിൽ തന്നെ സംസ്കരിച്ചു.

ഓർമകളിൽ വിതുമ്പിയാർത്തിട്ടും മെസ്സിക്കും കൂട്ടർക്കും ചിലിയെ തകർക്കാനായില്ല

ഇന്ത്യക്കും ഖത്തറിനും ഇടയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഖത്തർ പരിശീകൻ