ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ഹാരിസ് മരത്തംകോട് എഴുതുന്നു ക്രിക്കറ്റ് പ്രാന്തന്മാരെ ഒരു കഥ ചൊല്ലട്ടുമാ…നാട്ടിൻ പുറത്ത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ഒരാള്‍ക്ക് കേരളാ ടീമില്‍ സെലക്ഷന്‍ കിട്ടിയ കഥ..
ഇവന്‍ ഷൗക്കത്ത്.. കടങ്ങോട് പഞ്ചായത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ടെന്നീസ് ബോളില്‍ കളി തുടങ്ങി, ക്രിക്കറ്റ് ബോള്‍ വരെ എത്തി നില്‍ക്കുന്ന കരിയര്‍…
“ഇങ്ങനെ കളിച്ച് കാട് കേറി നടന്നോ… നീയൊക്കെ എവിടെ വരെ എത്താനാ ” എന്ന് കേട്ട് പഴകിയ ശീലുകള്‍ക്ക് തന്റെ കഠിനദ്ധ്വാനം കൊണ്ടും സ്വപ്രയത്നം കൊണ്ടും കേരളാ ടീമില്‍ സെലക്ഷന്‍ നേടി പ്രത്യുത്തരം നല്‍കിയ പ്രതിഭാ ശാലി…
എന്റെ ടീമായ #Hitters_Marathamcode ന്റെ ഓപ്പണിങ് ബൗളറും ഫിനിഷിങ് ബാറ്റ്സ്മാനും ആയ ഷൗക്കത്തിന് ഉണ്ടോണ്ടിരിക്കുമ്പോള്‍ വന്ന ഒരു വിളി ഒന്നും അല്ല ഈ കേരളാ ടീം സെലക്ഷന്‍… കണ്ടം ക്രിക്കറ്റ് കളിച്ച് വളരുന്ന ലക്ഷക്കണക്കിന് യുവതാരങ്ങളില്‍ നിന്ന് അവസാന പതിനഞ്ചിലേക്കെത്തിപ്പെടാന്‍,
അയാളത്ര ശ്രമിച്ചിട്ടുണ്ട്.. ഇടം കൈ ബൗളറായ ഷൗക്കത്തിന്റെ ബോളിലുള്ള കൃത്യത ആണ് ബഹുകേമം.. ലൈനും ലെങ്ത്തും നൂല്‍ വെച്ച് അതിലെറിയാനുള്ള മിടുക്ക്, ആക്ഷന്‍ വ്യത്യാസം ഇല്ലാതെ കട്ടറുകള്‍ എറിയുന്ന വൈഭവം.. അപ്രതീക്ഷിതമായി വരുന്ന ബൗണ്‍സറുകള്‍..
അതിപ്രശസ്തമായ യോര്‍ക്കറുകള്‍, അത് ഓഫ് സ്റ്റംപിലും മിഡില്‍ സ്റ്റംപിലും ലെഗ് സ്റ്റംപിലും പറഞ്ഞെറിയാനുള്ള തന്റേടം… മൂളിപറക്കുന്ന പന്തുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വെക്കുന്ന സ്ലോ ഡെലിവറികള്‍…
ഒരു ടെന്നീസ് ബോള്‍ കൊണ്ട് എങ്ങനെ ഇത്ര അധികം വൈവിദ്ധ്യങ്ങള്‍ എറിയുന്നു എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്…
തന്റെ ഒരു ഡെലിവറി ഒരു ബാറ്റ്സ്മാന്‍ സിക്സ് അടിച്ചാല്‍, അതേ ഡെലിവറി തന്നെ എറിഞ്ഞ് അടുത്ത ബോളില്‍ ആ ബാറ്റ്സ്മാന് ഔട്ടാക്കി ശാന്തനായി അടുത്ത പന്തെറിയാന്‍ നടന്ന് പോവുന്ന അയാളെ അന്തം വിട്ട് നോക്കി നടന്ന് പോവുന്ന ബാറ്റ്സ്മാനെ ആണ് ബാക്ക് ഗ്രൗണ്ടില്‍ കാണാറ്…
കടങ്ങോട് പഞ്ചായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ഇതര പഞ്ചായത്തുകളും കടന്ന് തൃശ്ശൂര്‍ ജില്ലയില്‍ മൊത്തം അറിയപ്പെട്ട് തുടങ്ങിയതോടെ ഷൗക്കത്ത് തന്റെ സ്വപ്നത്തോട് പെട്ടെന്ന് അടുക്കുകയായിരുന്നു…
മാസ്റ്റേഴ്സ് തൃശ്ശൂര്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം കേരളാ ഘടകത്തിന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് അവര്‍ നടത്തിയ സെലക്ഷന്‍ ക്യാമ്പിലൂടെ സൗത്ത് സോണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2021 ലേക്ക് തിരഞ്ഞെടുക്കപ്പെടുകയുമാണ് ഉണ്ടായത്…
സെപ്തംബര്‍ 24_26 ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍
ഗോവ,കര്‍ണ്ണാടക,കേരളം,ആന്ധ്ര,പോണ്ടിച്ചേരി,തമിഴ്നാട്,ലക്ഷദ്വീപ്,തെലുങ്കാന എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്…
അതിന് മുന്നോടി ആയി നടക്കുന്ന കടങ്ങോട് പ്രീമിയര്‍ ലീഗ്,കുന്നംകുളം പ്ലെയേഴ്സ് കപ്പ് എന്നീ IPL മോഡല്‍ ലീഗുകളിലും ഷൗക്കത്ത് കളിക്കുന്നുണ്ട്…
ഇന്ന് ഹിറ്റേഴ്സ് മരത്തംകോട് ടീമില്‍ കളിക്കണ 25 കളിക്കാര്‍ക്കും ഒരു പ്രചോദനം ആണ് ഷൗക്കത്ത്.. 2021 ല്‍ ഷൗക്കത്ത് ആണേല്‍,2022 ല്‍ ഹിറ്റേഴ്സില്‍ നിന്ന് ഒരു അഞ്ച് കളിക്കാര്‍ കേരളാ ടീമില്‍ എത്തും എന്ന് തന്നെ ആണ് ടീം ഓണേഴ്സ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്..
കണ്ടം ക്രിക്കറ്റില്‍ രാശി വെച്ച് തുടങ്ങുന്നവരോട്..
നിങ്ങളുടെ ഭാവി ശോഭനമായതാണ്… കളി നിങ്ങള്‍ സീരിയസ്സായി എടുക്കൂ.. കഴിവുള്ളവന് ഇപ്പോള്‍ എത്തിപ്പെടാന്‍ ഒരുപാട് ഓപ്പര്‍ച്യൂണിറ്റികള്‍ ഉണ്ട്.. വീട്ടിലും ക്ലബ്ബിലും ആയി ഒതുങ്ങി കൂടിയാല്‍ ആരും എവിടേയും എത്തില്ല.. സ്വപ്രയത്നത്താലും കഠിന പരിശ്രമത്താലും നല്ല കളികളുടെ അകമ്പടിയോടെ നിങ്ങള്‍ എത്തേണ്ടിയിടത്ത് തന്നെ എത്തും, ഒരു സംശയവും ഇല്ല..
അങ്ങനെ സംശയം വരുന്നവര്‍ ഈ ചെറുപ്പക്കാരന്റെ ഫോട്ടോ എടുത്ത് നോക്കുക…
വിജയിച്ചവന്റെ മുഖത്ത് കാണുന്ന ഒരു ആത്മവിശാസം നിങ്ങള്‍ക്കവിടെ കാണാം… കടങ്ങോട് പഞ്ചായത്തില്‍ നിന്നും ഹിറ്റേഴ്സ് മരത്തംകോട് എന്നൊരു ടീമില്‍ നിന്നും കേരളാ ടീമില്‍ എത്തിചേര്‍ന്ന ഈ മുത്തുമണിയെ നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് ഒരു അഭിനന്ദനം നല്‍കാം….