in , ,

ലോക ഫുട്‌ബോളിലെ വെറുക്കപ്പെട്ട രാജകുമാരന്റെ കരളലിയിക്കുന്ന കഥ

https://aaveshamclub.com/tag/aaveshamclub-featured/
Robert Baggio. (Aavesham CLUB)

”അമ്മേ അമ്മക്ക് എന്നോട് സ്നേഹമുണ്ടോ?… എങ്കിലെന്നെ കൊന്ന് തരാമോ?” ആ പതിനെട്ട്കാരന്‍ കരഞ്ഞു… കാല്‍മുട്ടിനേറ്റ പരിക്കിനന്റെ വേദനയത്രമാത്രമായിരുന്നു…. വേദന സംഹാരികളവനലര്‍ജിയും…. ഇനിയൊരിക്കലും ഫുട്ബോളിന്റെ ലോകത്തേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി…

ഫിയോന്റീന തങ്ങളുടെ മോഹമായി കൊണ്ട് വന്ന കളിക്കാരന്‍ ആദ്യ രണ്ട് സീസണുകളില്‍ ലീഗില്‍ കളിക്കാനായത് അഞ്ച് മത്സരങള്‍ മാത്രമാണ്… ഫുട്ബോള്‍ ലോകത്ത് അയാള്‍ എഴുതപെട്ട് കഴിഞ്ഞിരുന്നു….. നിരാശയില്‍ ആണ്ട് പോയ 18 മാസങള്‍….

പക്ഷേ അയാള്‍ തിരിച്ച് വന്നു…

പക്ഷേ അയാള്‍ തിരിച്ച് വന്നു… ഫിയോറന്റീനയുടെ ചരിത്രതാരങ്ങളിലൊരാളായി…പക്ഷേ അയാളുടെ കരിയര്‍ മുഴുവന്‍ ആ പരിക്കയാളെ അലട്ടി കൊണ്ടിരുന്നു… പക്ഷേ ഓരോ തവണ എഴുതിത്തള്ളി കഴിയുമ്പോഴും അയാള്‍ തിരികെ വന്നു….. അതായിരുന്നു അയാള്‍…. അയാളില്‍ നിന്ന് പിറന്ന ഗോളുകള്‍ക്കെല്ലാം മനോഹരിതയുണ്ടായിരുന്നു…

അവയെല്ലാം വ്യത്യസ്തങ്ങളായിരുന്നു… അതിലേറെ മനോഹരമായിരുന്നു അയാളുണ്ടാക്കിയെടുത്ത അനേകമവസരങ്ങള്‍…

ഫിയോറന്റീനയില്‍ സൂപ്പര്‍ താരമായി വിലസുമ്പോഴാണ് യുവന്റസിന്റെ കണ്ണുകള്‍ അയാളില്‍ പതിഞ്ഞു. അക്കാലത്തെ റെക്കോര്‍ഡ് തുകക്ക് അയാള്‍ യുവന്റസിലെത്തി… ഇതിനിടയില്‍ 1990 ലോകകപ്പ് അയാളുടെ മാന്ത്രികത ദര്‍ശിച്ചിരുന്നു… അക്കാലത്ത് ഇറ്റാലിയന്‍ ടീമില്‍ പലപ്പോഴും അയാള്‍ ബെഞ്ചിലായിരുന്നു… പക്ഷേ ആ ലോകകപ്പിന്റെ ഗോള്‍ അയാളുടേതായിരുന്നു…

ഏകദേശം മൈതാനമധ്യത്ത് നിന്ന് ചെക്കസ്ലോവ്യ ഡിഫന്റെഴ്സിനുളളിലൂടെ ഡ്രിബ്ളിങിന്റെ മാസ്മരികതയില്‍ പാമ്പിനേ പോല്‍ മുന്നോട്ട് കയറി നേടിയ ഗോള്‍… അതടക്കം അയാള്‍ ആ ലോകകപ്പില്‍ വിയാലിയുടെ പരിചയസമ്പന്നതക്ക് പകരകാരനായി രണ്ട് ഗോളുകള്‍ നേടി…

മഹാനായ പ്ളാറ്റിനിയുടെ പത്താം നമ്പര്‍ ജഴ്സിയാണ് യുവന്റസില്‍ അയാളെ കാത്തിരുന്നത്…യുവയിലേക്കുളള ബാജിയോയുടെ കൂടുമാറ്റം ഫിയോറന്റീന തെരുവുകളില്‍ കലാപകാരണമായി… അമ്പതിലേറെ പേര്‍ക്കാണ് അന്ന് പരിക്കേറ്റത്…സ്റ്റേഡിയം പണി മൂലം കടത്തിലായ ഫിയോറന്റീനക്ക് തിരിച്ച് വരാന്‍ ആ ട്രാന്‍സ്ഫര്‍ ആവശ്യമായിരുന്നു …

ബാജിയോയുടെ മനസ്സ് അപ്പോഴും ഫിയോറന്റീയിലെ തന്റെ പ്രിയപ്പെട്ട കാണികള്‍ക്കൊപ്പമായിരുന്നു…ആദ്യ സീസണില്‍ ഫിയോറന്റീനക്കെതിരെ പെനാല്‍റ്റി എടുക്കാന്‍ ബാജിയോ വിസ്സമതിച്ചതും തുടര്‍ന്ന് പെനാല്‍റ്റി എടുതെത അഗോസ്റ്റിനി പെനാല്‍റ്റി പാഴാക്കിയതും യുവന്റസ് ആരാധകര്‍ക്ക് അയാളോടെതിര്‍പ്പുണ്ടാക്കി…

പക്ഷേ അത് മാറാന്‍ കാലമേറെ വന്നില്ല….സെക്കന്റ് സീസണില്‍ വാന്‍ബാസ്റ്റണ് പുറകില്‍ അയാള്‍ ലീഗിലെ ടോപ്പ് സ്കോറേഴ്സില്‍ രണ്ടാമതായി. അയാളൊരു സെന്റര്‍ ഫോര്‍വേഡ് ആയിരുന്നില്ലെന്നോര്‍ക്കണം….

കളി നിയന്ത്രിക്കുന്ന ലീഡറായി…കളിയെ കേന്ദ്രികരിക്കുന്നവനായി അതിനകം അയാള്‍ മാറി…ഒരിക്കലയാളെ സ്വീകരിക്കാന്‍ വിസമ്മതിച്ച ഓള്‍ഡ് ലേഡിയെ സ്നേഹിച്ചവര്‍ക്ക് അയാള്‍ ദൈവമായി മാറുകയായിരുന്നു…. താമസിയാതെ യുവയുടെ നായകപദവിയും അയാള്‍ക്ക് ലഭിച്ചു…പക്ഷേ മിലാന്‍ ടീമുകള്‍ പ്രത്യേകിച്ചും എസി മിലാന്‍ ലോകം കീഴടക്കിയ കാലത്ത് യുവക്ക് കിരീടങള്‍ അകലെയായിരുന്നു…

പക്ഷേ 1992-93 സീസണില്‍ ലീഗില്‍ 21 ഗോളുകളടക്കം 30 ഗോളുകള്‍ അയാള്‍ നേടി. ഇറ്റിലാക്കായി അഞ്ച് ഗോളുകളും. 93 കലണ്ടര്‍ വര്‍ഷത്തില്‍ 23 ലീഗ് ഗോളുകളും 8 യൂറോപ്പ ചാമ്പ്യന്‍ഷിപ്പ് ഗോളുകളും അടക്കം 39 ഗോളുകളാണ് അയാള്‍ നേടിയത്…ആ വര്‍ഷം ബാലണ്‍ ഡി ഓറും അയാള്‍ നേടി…. ഫിഫ പ്ളെയര്‍ ഓഫ് ദി ഇയറും മറ്റാരുമായിരുന്നില്ല…. തൊട്ടടുത്ത സീസണില്‍ ബാലണ്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്തും….

1994 ലോകകപ്പ്

അക്കാലത്ത് ലോകത്തെ മികച്ച താരം റൊമാരിയയോ ബാജിയയോ എന്ന ചോദ്യമുയര്‍ത്തിയാണ് 1994 ലോകകപ്പ് വിരുന്നെത്തിയത്… ബാജിയോയുടെ ചിറകിലേറി ചരിത്രത്തിലെ ജൂലിയസ് സീസറിനു സമാനമായി മുന്നേറി ഒടുവില്‍ ദുരന്ത നായകനായി ബാജിയോ തിരിഞ്ഞ് നടന്ന 1994 ലോകകപ്പ്…. തന്റെ സിസ്റ്റത്തിന് ബാജിയോ ചേരുമോയെന്ന ഇറ്റാലിയന്‍ കോച്ച് സാച്ചിക്ക് സംശയമുണ്ടായിരുന്നു….

ആദ്യ കളികളില്‍ ആ കാലുകളില്‍ നിന്ന് ഗോളുകള്‍ ജനിച്ചുമില്ല… ദുര്‍ബലമായ ഗ്രൂപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം റൗണ്ടില്‍ കടന്ന ടീമിനെ പിന്നീട് ബാജിയോ ഒറ്റക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു… നൈജീരിയക്കേതിരെ പ്രീക്വാര്‍ട്ടറില്‍ പരാജയമുറപ്പിച്ച സമയത്താണ് 89 താം മിനിറ്റില്‍ അയാളുടെ ബൂട്ടുകള്‍ ശബ്ദിച്ചത്….

ഒടുവില്‍ അധികസമയത്ത് കിട്ടിയ പെനാല്‍റ്റി ഗോളാക്കി അയാള്‍ അവരെ ക്വാര്‍ട്ടറില്‍ എത്തിച്ചു…ക്വാര്‍ട്ടറില്‍ സ്പെയിനെതിരെ ഒരിക്കല്‍ കൂടി അയാള്‍ ഇറ്റലിയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു…അധിക സമയത്തേക്കെന്ന് തോന്നിച്ച മത്സരത്തിൽ 88 ആം മിനിറ്റില്‍ സ്പാനീഷ് ഗോളി സുബിസരോറ്റയെ മറികടന്നു അയാള്‍ ഇറ്റലിയെ സെമിയിലെത്തിച്ചു…

സെമിയില്‍ ബള്‍ഗേറിയക്കെതിരെ രണ്ട് വട്ടമാണ് ആ ബൂട്ടുകള്‍ ശബ്ദിച്ചത്….2-1ന് ബള്‍ഗേറിയയെ മറികടന്ന് ഫൈനലിലെത്തിയപ്പോള്‍ അയാള്‍ ഇറ്റിലിയുടെ ദേശീയ ഹിറോയായിരുന്നു… പക്ഷേ അയാളവിടെ നിന്ന് വീണു ദുരന്ത നായകനായി…. ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബ്രസീലിനെതിരെ നക്ഷടപെടുത്തിയ പെനാല്‍റ്റി ചരിത്രത്തില്‍ അയാളെ ദുരന്ത നായകനാക്കി…

പെനാല്‍റ്റി എടുക്കുന്നതിന് മുമ്പേ ഞാന്‍ മാനസികമായും ശാരീരികമായും ക്ഷീണിതനായിരുന്നു എന്ന് അയാളോര്‍ക്കുന്നു….”പെനാല്‍റ്റികള്‍ നക്ഷടപെടുത്തുന്നത് അതെടുക്കാന്‍ ധൈര്യമുളളവന്‍ മാത്രമാണെന്ന്” ഒരിക്കലും ഓര്‍മ്മിക്കപെട്ടില്ല….

ബാജിയോ എന്ന കളിക്കാരന്റെ വീഴ്ച്ച അവിടെ നിന്ന് തുടങ്ങുകയായിരുന്നു… വീരനെന്നു വാഴ്ത്തിയവർ വരെ അവനെ തള്ളിപ്പറഞ്ഞ് തുടങ്ങുകയും ചെയ്തു. അങ്ങനെ ആ വെള്ളാരം കണ്ണുള്ള സ്വർണത്തലമുടിക്കാരൻ അവർക്ക് അനാഭിമതനായി അവരുടെ വെറുക്കപ്പെട്ട രാജകുമാരനായി.

ഒരിക്കല്‍ കളി അവസാനിപ്പിക്കേണ്ടി വരുമെന്ന് വിധിയെഴുതിയ കാല്‍മുട്ടിലെ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു.. സീസണിലധികവും അയാള്‍ക്ക് നഷ്ടപെട്ടു… അയാളില്ലാത്ത പ്ളാനുകളിലേക്ക് യുവെ പൊരുത്തപെട്ടു. ദെല്‍പിയറോ യുവയുടെ പുതിയ ഹീറോയായി..ലീഗ് യുവെ ജയിച്ചെങ്കിലും പഴയ കാലങ്ങളെ മറന്ന് മിലാനിലേക്ക് അയാളെ നിഷ്കരുണം പറഞ്ഞയച്ചു…

ഇതിനിടയില്‍ സാച്ചിയുമായി ഇടഞ്ഞ് ഇറ്റാലിയന്‍ ടീമില്‍ നിന്നും അയാള്‍ ബഹിഷ്ക്രതനായിരുന്നു… മിലാനിലും അയാള്‍ക്ക് പ്രഭാവമാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല….ഒറ്റക്ക് പന്തുമായി ഡ്രിബിള്‍ ചെയ്തു മുന്നേറി ഗോളുകള്‍ നേടിയ പഴയ ബാജിയോ അവസാനിച്ച് കഴിഞ്ഞിരുന്നു…പരിക്ക് അയാളെ കാര്‍ന്ന് തിന്നു കൊണ്ടിരുന്നു… പലപ്പോഴും മത്സരങള്‍ക്ക് ശേഷം ഒന്ന് രണ്ട് ദിവസങള്‍ അയാള്‍ക്ക് നടക്കാന്‍ പോലുമാകില്ലായിരുന്നു…

മിലാന്‍ ലീഗ് നേടിയപ്പോഴും അയാള്‍ വാഴ്ത്തപ്പെട്ടില്ല…അടുത്ത സീസണില്‍ സാച്ചി മിലാന്‍ കോച്ചായി..അതോടെ അയാള്‍ മിക്കവാറും ബെഞ്ചിലുമായി….

ഇറ്റാലിയന്‍ ടീമില്‍ തിരികെയെത്തുക എന്ന ലക്ഷ്യവുമായി ബാജിയോ ബോള്‍ഗാനയിലേക്ക് പോയി…പക്ഷേ ഡെല്‍പീറോ, സോളോ, ഇന്‍സാഗി, വിയേരി ഒപ്പം പുത്തന്‍ സെന്‍സേഷന്‍ ടോട്ടിയുമടങ്ങിയ ടീമില്‍ അത് സാധ്യമല്ലെന്ന് എല്ലാവരും കരുതി… പക്ഷേ ഒരിക്കല്‍ കൂടി തിരിച്ച് വരുന്ന ബാജിയോയെയാണ് ലോകം കണ്ടത്…

ഒരല്‍പ്പം മുന്നിലക്ക് കയറിയാണക്കാലത്തയാള്‍ കളിച്ചത്…. പഴയ പോലെ സോളോ ഗോളുകളും ഒറ്റക്കുളള റണ്ണുകളും സൃഷ്ടിക്കപെട്ടില്ലെങ്കിലും ലീഗില്‍ അയാള്‍ ഗോള്‍ വേട്ട നടത്തി… തങ്ങളുടെ പീക്കില്‍ കളിച്ച ബാറ്റിസ്റ്റ്യൂട്ടയും ഡെല്‍പീറോയേയും നേടിയധിലധികം ഗോളുകള്‍ നേടി. 22 ഗോളുകളോടെ സീരി എയില്‍ അയാളുടെ ഏറ്റവും വലിയ ഗോള്‍ വേട്ടയായിരുന്നു ആ സീസണില്‍….

കോച്ച് മള്‍ദീനി അയാളെ ഇറ്റാലിയന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചു…പോളണ്ടിനെതിരെ പകരകാരനായി വന്ന് ഗോളടിച്ച് അയാള്‍ ടീമിലേക്ക് തിരികെയെത്തി…. ” പീക്ക് ബാജിയോയെകാള്‍ മികവുറ്റവന്‍” എന്ന് സ്വയം പ്രഖ്യാപിച്ചാണ് ഡെല്‍പിയറോ ലോകകപ്പിനെത്തിയതെങ്കിലും ലോകകപ്പില്‍ ഒരിക്കല്‍ കൂടി ബാജിയോ ഇറ്റിലിയുടെ രക്ഷകനായി…

ബാജിയോയുടെ അസിസ്റ്റില്‍ വിയേരി തുടക്കത്തില്‍ ഗോള്‍ നേടിയെങ്കിലും ചിലി തിരിച്ചടിച്ചു…അവസാന നിമിക്ഷം ബാജിയോയുടെ വിഷന്‍ ഇറ്റലിക്ക് പെനാല്‍റ്റി നേടി കൊടുക്കുകയും അത് അയാള്‍ ഗോള്‍ നേടി ഇറ്റലിയെ വിജയിപ്പിക്കുകയും ചെയ്തു…രണ്ടാമത്തെ മത്സരത്തില്‍ വീണ്ടും ഡി ബാജിയോയുടെ ഗോളിന് വഴിയൊരുക്കിയെങ്കിലും പരിക്ക് രണ്ടാം പകുതിയില്‍ അയാളെ പകരകാരനാക്കി….

ആസ്ത്രിയക്കെതിരെ വിജയഗോള്‍ നേടി ഇറ്റലിയെ ബാജിയോ രണ്ടാം റൗണ്ടിലെത്തിച്ചു… നോര്‍വക്കെതിരെ രണ്ടാം റൗണ്ടില്‍ അയാള്‍ ബെഞ്ചിലായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ 67 ആം മിനിറ്റില്‍ ആണയാള്‍ ഇറങ്ങിയത്…ഇത് പിന്നീട് വിമര്‍ശനങള്‍ ക്ഷണിച്ചു വരുത്തി..പക്ഷേ വന്ന നിമിഷങളില്‍ തന്നെ അയാള്‍ ചാന്‍സുകള്‍ സൃഷ്ടിച്ചെങ്കിലും ഇറ്റിലിക്കതൊന്നും കണ്‍വര്‍ട്ട് ചെയ്യാനായില്ല…അവസാന നിമിക്ഷങ്ങളിലൊരിക്കല്‍ അയാളുടെ വോളി ഗോള്‍ഡന്‍ ഗോളായി എന്ന് തോന്നിച്ചെങ്കിലും ജസ്റ്റ് മിസ്സാവുകയായിരുന്നു…

ഇത്തവണ ഷൂട്ടൗട്ടില്‍ ബാജിയോക്ക് പിഴച്ചില്ല… പക്ഷേ ഇറ്റിലിക്കൊരിക്കല്‍ കൂടി പിഴച്ചു…അയാളുടെ ലോകകപ്പ് മോഹങളവിടെ അവസാനിച്ചു….

അയാളുടെ അവസാന വര്‍ഷങള്‍ ഇന്റർമിലാനിലും ബ്രസ്സിയയിലുമായിരുന്നു… ഇക്കാലയളവിലൊക്കെ പരിക്ക് നിര്‍ജീവമാക്കിയ ബാജിയോയായിരുന്നു ലോകകം കണ്ടത്… എങ്കിലും കരിയറിന്റെ അവസാന രണ്ട് വര്‍ഷങളില്‍ പഴയ ബാജിയോയുടെ മിന്നലാട്ടങള്‍ കണ്ടു… 2004 യൂറോയില്‍ അയാളെ തിരികെ വിളിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അയാളുടെ സമയം കഴിഞ്ഞു പോയിരുന്നു….മടക്കങളുടേയും തിരിച്ചു വരവുകളുടേയും കരിയര്‍ അവസാനിപ്പിച്ച് അയാള്‍ തിരികെ നടന്നു….

കാലങ്ങളോളം പരിക്കുകള്‍ അയാളെ വേദനിപ്പിച്ചിരുന്നു…കളിക്ക് ശേഷം നടക്കാനാകാത്ത ദിവസങള്‍… പക്ഷേ അവയെ തരണം ചെയ്ത് 20 വര്‍ഷങള്‍ അയാള്‍ നിറഞ്ഞാടി… അയാള്‍ക്ക് തിരികെ വരാനാകാഞ്ഞത് ആ പെനാല്‍റ്റി നല്‍കിയ ദുരന്ത നായകനെന്ന ഇമേജില്‍ നിന്ന് മാത്രമാണ്… എത്രയേറെ വര്‍ഷങള്‍ അയാളതില്‍ ഓര്‍മ്മിക്കപ്പെട്ട് കൊണ്ടിരിക്കുന്നു….

പക്ഷേ സുന്ദരമായ ഡ്രിബ്ളിങുകളും ഗ്യാലോപ്സുകളും കണ്ട എന്നിലെ ഫുട്ബോള്‍ പ്രേമി അയാളുടെ കളിയെ സ്നേഹിച്ചു…. എന്നെ പോലെ അനേകായിരങള്‍ ഇറ്റിലയെ ഇന്നും പ്രിയപെട്ട ടീമായി കാണുന്നത് അയാളുടെ മാന്ത്രികത കണ്ടറിഞ്ഞത് കൊണ്ടാണ്….

ഫുട്ബോള്‍ ചരിത്രത്തിലെ പ്രിയ പുത്രൻ കടന്ന് പോയിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു… കളികളത്തിലെ അനേകമായിരം വസന്തങളുടെ ശിശിരങ്ങളുടെ ഓര്‍മ്മകളേകിയ പ്രിയപുത്രനെ അകലങ്ങളിലിരുന്ന് കൊണ്ട് ഞാനും ഓര്‍ത്തെടുക്കുന്നു…

പ്രിയ ബാജിയോ നിങ്ങള്‍….. നിങ്ങളാണ് എന്റെ എക്കാലത്തേയും ഹീറോ…

മെസ്സിക്ക് അമ്പരപ്പിക്കുന്ന മാറ്റണമെന്ന് സഹതാരം റോഡ്രിഗോ പോൾ

നൗഷാദ് മൂസയുമായി ബാംഗ്ളൂരു FC കരാർ പുതുക്കി