in ,

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോൺമാജിക്

Shane Warne Austrelia

പലപ്പോഴും സച്ചിൻ ടെണ്ടുൽക്കർ എന്നും ക്ലാസിൽ, ആദ്യ ബെഞ്ചിലിരുന്ന് അധ്യാപകരുടെ വാക്കുകൾ അതു പോലെ കേട്ട് അനുസരണയോടെ പഠിച്ച് പരീക്ഷയിൽ മുഴുവൻ മാർക്കു വാങ്ങുമ്പോൾ, പിൻബെഞ്ചിലിരുന്ന് ക്ലാസിലും പുറത്തും സകല കുരുത്തക്കേടുകളും കളിച്ച് എല്ലാവരുടേയും തല്ല് വാങ്ങി ഒടുവിൽ എല്ലാ പരീക്ഷകളിലും മുഴുവൻ മാർക്ക് വാങ്ങുന്ന കുട്ടിയെ അനുസ്മരിപ്പിക്കാറുണ്ട് ഷെയ്ൻ വോൺ എന്ന മജീഷ്യൻ.

കാണികൾക്ക് എന്നും മായികമായ വർണ്ണക്കാഴ്ചകൾ നൽകുന്ന വിനോദം എന്നതിനൊപ്പം തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂമ്പാരവും ക്രിക്കറ്റ് എന്ന ജെന്റിൽമെൻ ഗെയിം അവശേഷിപ്പിക്കാറുണ്ട്. പല കാര്യങ്ങളിലും ക്രിക്കറ്റ് വിദഗ്ധൻമാരുടെ ഭിന്നാഭിപ്രായങ്ങളെ ഏകോപിച്ചെടുക്കാൻ ശ്രമം നടത്തിയാൽ അത് വൃഥാവിലാകുന്ന കാഴ്ചയാണ് കൂടുതലും കാണേണ്ടി വരിക .കാലഘട്ടങ്ങളിലൂടെ സംഭവിക്കുന്ന അനുസ്യൂതമായ മാറ്റങ്ങളും വിപ്ളവങ്ങളും കളിയെ മാറ്റി മറിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സുകളിലും വിഭിന്നഭാവങ്ങൾ ആണ് ഉണ്ടാക്കുന്നത് .

ഓരോ കാലട്ടങ്ങളിലും ആരാധകർ വ്യത്യസ്ത കളിക്കാരെ നെഞ്ചിനോട് ചേർക്കുന്നു .അവരുടെ കണ്ണിലെ ഏറ്റവും മികച്ചവ മാറി മാറി കൊണ്ടിരിക്കുന്നു. എന്നാൽ ആരാധകർ എന്ന് പറഞ്ഞ് അവ തള്ളിക്കളയുമ്പോഴും ,തഴക്കവും പഴക്കവും ചെന്ന ക്രിക്കറ്റ് വിദഗ്ധൻമർക്കു പോലും പല കാര്യങ്ങളിലും സമാന അഭിപ്രായം കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല എന്നത് ഒരു സമസ്യവും യാഥാർത്ഥ്യവുമായി അവശേഷിക്കപ്പെടുകയും ചെയ്യുന്നു.

അപ്രവചനീയത മുഖമുദ്രയാക്കിയ ക്രിക്കറ്റിലെ ഏത് മത്സരമാണ് മികച്ചത്?ഏത് ബാറ്റ്മാന്നാണ് അല്ലെങ്കിൽ ഏത് ബൗളറാണ് കേമൻ ?എന്നിങ്ങനെ തുടങ്ങുന്ന ചോദ്യങ്ങൾ 4 പേരോട് ,അത് വിദഗ്ധരാകട്ടെ അവിദഗ്ധരാകട്ടെ നിങ്ങൾക്ക് കിട്ടുന്നത് 8 -10 ഉത്തരങ്ങളാകും .അവിടെ സാക്ഷാൽ ഡോൺ ബ്രാഡ്മാനും ,സച്ചിൻ ടെണ്ടുൽക്കറും ,വസീം അക്രവും ,മുരളീധരനുമെല്ലാം ഓരോ വ്യക്തിയുടേയും അഭിപ്രായങ്ങൾ മാത്രമായി മാറുന്നു .ഒരിക്കലും അത് നിങ്ങൾക്ക് യഥാർത്ഥ ഉത്തരങ്ങൾ തരുന്നില്ല..

എന്നാൽ 1993 ജൂൺ 23 ന് തുടങ്ങിയ ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ആഷസ് പരമ്പരയിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തെറിഞ്ഞ 23 കാരന്റെ പന്ത് നേരിട്ട മൈക്ക് ഗാറ്റിങ്ങ് എന്ന ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും നന്നായി സ്പിൻ കളിക്കുന്ന ബാറ്റ്സ്മാൻമാരിലൊരാളും ,അത് കണ്ട കാണികളും, പിന്നീട് അത് കേട്ടറിഞ്ഞവരും ലോകം ഒന്നടങ്കവും മേൽ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളൊക്കൊ തട്ടി മാറ്റി ഏകസ്വരത്തിൽ ഒന്നിച്ചു നിൽക്കുന്നതു കാണാം.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്നോളം എറിയപ്പെട്ട പന്തുകളുടെ കണക്കുകൾ കൃത്യമായി രേഖപ്പെട്ടുത്തിയിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് പന്തുകൾ നൂറു കണക്കിന് ഗ്രൗണ്ടുകളിൽ ആയിരക്കണക്കിന് ബാറ്റ്സ്മാൻമാർക്കെതിരെ ബൗൺസർ ,ഗൂഗ്ലീ ,ഫ്ളിപ്പർ, ദൂസര ,നക്കിൾ ബോൾ, കാരം ബോൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങളാൽ പ്രയോഗിക്കപ്പെട്ടിട്ടും ഷെയ്ൻ കീത്ത് വോൺ എന്ന സ്പിൻ മാന്ത്രികൻ എറിഞ്ഞ ഒരു പന്തിനെയാണ് ലോകം ഏറ്റവും മികച്ചതായി വാഴ്ത്തുന്നത് .അനുഭവ പാരമ്പര്യം ഏറ്റവും കുറഞ്ഞ ഒരാൾ അനുഭവസമ്പന്നനായ ഒരാൾക്കെതിരെ പ്രയോഗിച്ച ബ്രഹ്മാസ്ത്രം എന്ന പ്രത്യേകതയും അതിനുണ്ട് .

ലോകത്തെ ഞെട്ടിച്ചു കൊണ്ട് സ്പിൻ ബൗളിങ്ങിന് പുതിയ മാനം നൽകിക്കൊണ്ട് മൈക്ക് ഗാറ്റിങ്ങിനെ അസാധാരണമായ ഒരു പന്തിലൂെടെ പുറത്താക്കിയപ്പോൾ ലോകം അതിനെ വിശേഷിച്ചത് “നൂറ്റാണ്ടിന്റെ പന്ത്” എന്നായിരുന്നു .

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ്‌ ഗ്രൗണ്ടിലെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വോണിന്റെ ആദ്യ ആഷസ് ടെസ്റ്റും ഇംഗ്ലണ്ട് മണ്ണിലെ ആദ്യ മത്സരവുമായിരുന്നു .എറിഞ്ഞ ആദ്യ പന്ത് വോണിനെ കൊണ്ടു പോയത് ആഷസ് ചരിത്രത്തിലേക്ക് മാത്രമായിരുന്നില്ല ,ലോക ചരിത്രത്തിലേക്കായിരുന്നു .ഒരാൾക്ക് സങ്കല്പിക്കാവുന്നതിനപ്പുറം തിരിഞ്ഞ പന്ത് ,ലെഗ് സ്റ്റംപിൽ പിച്ച് ചെയ്ത ശേഷം ഷാർപ്പ് കർവിലുടെ വലം കൈയനായ ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപ് ബെയിൽ കൊണ്ട് പോയി.Dhanam Cric

ആ ടെസ്റ്റിന് മുൻപ് കളിച്ച 11 കളികളിൽ 31 വിക്കറ്റുകൾ നേടി ശരാശരി പ്രകടനം കാഴ്ച വെച്ച ഷെയ്ൻ വോണിന് ആ ടെസ്റ്റിൽ അവസാന ഇലവിൽ ഉണ്ടാകും എന്ന ഉറപ്പ് പോലും ഇല്ലായിരുന്നു .ഒരു മാസം മുൻപ് വോർസ്റ്റെയർ ഷെയറിനെതിരായ ടൂർ മാച്ചിൽ 187 റൺസടിച്ച ഗ്രേം ഹിക്ക് വോണിന്റെ 10 പന്തിൽ 4 സിക്സറുകളാണ് പറത്തിയത് .ആദ്യ ടെസ്റ്റിൽ ടിം മേ ആയിരിക്കും ഓസീസ് സ്പിന്നർ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് .

പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ട് ഫിൽ ടഫ്നലിനൊപ്പം അരങ്ങേറ്റക്കാരൻ പീറ്റർ സച്ചിനേയും ഉൾപ്പെടുത്തിയപ്പോൾ ആ സ്ത്രലിയ 3 പേസർമാർക്കൊപ്പം വോണിനെ ഉൾപ്പെടുത്തിയാണ് ഇറങ്ങിയത് .

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി നായകനും ഓപ്പണറുമായ മാർക് ടെയ്‌ലർ 124 റൺ നേടിയിട്ടും 289 ലെത്താനേ ആയുള്ളൂ .തന്റെ ആദ്യ മത്സരം കളിച്ച ഓപ്പണർ മൈക്കൽ സ്ളേറ്ററുടെ 58 റൺസ് പ്രകടനം ശ്രദ്ധേയമായി .നന്നായി തുടങ്ങിയ ഇംഗ്ലണ്ടിന് സ്കോർ 71 ലെത്തിയപ്പോൾ ഓപ്പണർ മൈക് ആർതർടണിനെ നഷ്ടമായി .രണ്ടാമനായി റോബിൻ സ്മിത്ത് വരുമെന്നാണ് കരുതിയതെങ്കിലും നായകനും ഓപ്പണറുമായ ഗൂച്ചിന് പങ്കാളിയായി ക്രീസിലെത്തിയത് മൈക്ക് ഗാറ്റിങ് .

രണ്ടാം ദിനം വൈകുന്നേരമധ്യത്തിൽ സ്കോർ 80 ലെത്തിയപ്പോഴാണ് 28 ആം ഓവർ ചെയ്യാൻ നായകൻ വോണിനെ ക്ഷണിച്ചത് .രണ്ടും പേരും തമ്മിൽ ചെറിയ ചർച്ച .ഫീൽഡ് സെറ്റ് ചെയ്തു .വോൺ ആദ്യ പന്ത് എറിയാനെത്തി .സ്വതസിദ്ധമായ ശൈലിയിൽ തന്റെ കൈകൾ കറക്കി പന്തെറിഞ്ഞു .

ലെഗ്സ്റ്റംപിൽ നിന്നും ഏതാണ്ട് 30 സെ.മീ പുറത്ത് പിച്ച് ചെയ്ത നിരുപദ്രവമായി തോന്നിയ പന്തിനെ സ്പിൻ ഏറ്റവും നന്നായി കളിക്കുന്ന ഗാറ്റിങ്ങ് ട്രഡീഷണൽ രീതിയിൽ ഇടതു കാൽ മുന്നോട്ട് വെച്ച് പാഡിനൊപ്പം ബാറ്റ് വെച്ച് പന്തിനെ വിട്ടു കളയുമ്പോൾ ഗ്രൗണ്ടിലെ സ്കോറർമാർ ഒരു ഡോട്ട് ബോൾ രേഖപ്പെടുത്താനുള്ള പ്രവൃത്തി തുടങ്ങിയിരുന്നു.

എന്നാൽ ലെഗ് സൈഡിൽ നിന്നും മാരകമായി ടേൺ ചെയ്ത പന്ത് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപിന്റെ ബെയ്ലിനെ ചുംബിച്ചത് ഗാറ്റിങ്ങ് കണ്ടതു പോലുമില്ല .വിക്കറ്റിന് പിറകിൽ ആ നിമിഷം വ്യക്തമായി കണ്ട കീപ്പർ ഇയാൻ ഹീലി അത്ഭുതത്തോടൊപ്പം ആവേശവും കൊണ്ട് അലറിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും വിശ്വസിക്കാനാകാതെ തരിച്ച അവസ്ഥയിലായിരുന്നു ഗാറ്റിങ്ങ് .

കമൻ്ററി ബോക്സിൽ റിച്ചി ബെനോ ആ നിമിഷത്തെ മനോഹരമായി വരച്ചു ചേർത്തു .

Gatting has absolutely no idea what happened to him & still doesn’t know

ഹീലിയുടെ അലർച്ച കേട്ടപ്പോൾ അത് സ്റ്റംപിങ് ആണെന്ന് കരുതി ബാക്ക് ഫൂട്ട് പരിശോധിച്ച ഗാറ്റിങ്ങിന് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല .എന്തിനധികം പറയുന്നു അമ്പയർ ഡിക്കി ബേർഡ് പോലും ഒന്നും മനസിലാകാതെ നിന്ന കാഴ്ചയായിരുന്നു അത്.

ഗാറ്റിങ്ങിന്റെ അവസ്ഥയെ ഏറ്റവും നന്നായി അറിയാൻ നോൺ സ്ട്രൈക്കിൽ നിന്ന നായകൻ ഗൂച്ചിന്റെ വാക്കുകളിലേക്ക് പോയാൽ മതി .

He looked as though someone had just nicked his lunch

അതിലും നന്നായി ആ അവസ്ഥയെ വിശേഷിപ്പിക്കാൻ പറ്റില്ല .

അമ്പയർ ഡിക്കി ബേർഡ് ആ പ്രകടനം കണ്ട് വോണിനോട് പറഞ്ഞു .

Shane, You will put your name in record books

വോണിന്റെ ആ പന്ത് ആ പരമ്പരയിലെന്നല്ല ഒരു നിഴൽ പോലെ പിന്നീടുള്ള 14 വർഷങ്ങൾ ഇംഗ്ലണ്ടിനെ വിടാതെ പിന്തുടർന്നു .ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മാൻ ഓഫ് ദ മാച്ചും പരമ്പരയിലെ മാൻ ഓഫ് ദ സീരീസും ആയ ഷെയ്ൻ വോൺ പിന്നീടുള്ള കാലം ഇംഗ്ലണ്ടുകാരെ വെള്ളം കുടിപ്പിച്ചു .14 വർഷം 36 ആഷസ് ടെസ്റ്റുകളിൽ 23.35 ശരാശരിയിൽ 195 വിക്കറ്റുകൾ വീഴ്ത്തി റെക്കോർഡ് സൃഷ്ടിച്ച വോൺ കളിച്ച 8 ആഷസ് സീരീസിൽ ഒന്നിൽ മാത്രമാണ് പരാജയം അറിഞ്ഞത് .

2005 ലെ ആഷസ് പരമ്പരയിൽ തൻ്റെ കരിയറിൻ്റെ അവസാന കാലത്ത് ഷെയ്ൻ വോൺ ഒന്നു കൂടി കത്തിജ്വലിക്കുന്ന കാഴ്ച കണ്ടു .വെറും 19.92 ശരാശരിയിൽ 40 വിക്കറ്റുകൾ എടുത്തതിനു പുറമെ 27.66 ശരാശരിയിൽ 249 റൺസും വോൺ നേടി തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു .

അന്ന് ആദ്യ ഇന്നിങ്സിൽ ഗാറ്റിങ്ങിനെ കൂടാതെ ഗൂച്ചിനെയും സ്മിത്തിനെയും കാഡിക്കിനെയും വീഴ്ത്തി 51 റൺസിന് 4 വിക്കറ്റെടുത്ത വോൺ രണ്ടാമിന്നിങ്സിൽ 86 റൺസിന് 4 വിക്കറ്റെടുത്ത് വീണ്ടും തൻ്റെ മാന്ത്രികത ആവർത്തിച്ചപ്പോൾ ആസ്ട്രേലിയ 179 റൺസിന് മത്സരം ജയിച്ചു . ഒടുവിൽ ആ സീരീസിൽ നിറഞ്ഞാടി 4-1 ന് പരമ്പര ജയിച്ചപ്പോൾ 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ പിഴുത വോൺ തന്നെയായിരുന്നു പരമ്പരയുടെ താരവും .അന്ന് മുതൽ ലോക ക്രിക്കറ്റിൽ വോണിൻ്റെ മായിക പ്രഭാവം തുടങ്ങി .

സത്യത്തിൽ ആ പരമ്പരക്ക് മുൻപ് തന്നെ ലോക ക്രിക്കറ്റിലെ ദീർഘദർശിയായ മാർട്ടിൻ ക്രോ വോണിൻ്റെ പ്രതിഭ കണ്ടെത്തിയിരുന്നു .വിൻഡീസിനെതിരെ 52 റൺസിന് 7 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ന്യൂസിലണ്ടിനെതിരായ 3 ടെസ്റ്റ് പരമ്പരയിലെ പ്രകടനം കണ്ടപ്പോൾ ക്രോ പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ എന്നായിരുന്നു.

1991-92 ൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച 97 kg ഭാരമുണ്ടായിരുന്ന അലസനായ ലെഗ്സ്പിന്നറെ ഇരട്ട സെഞ്ചുറി നേടിയ രവി ശാസ്ത്രിയും സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും ഗ്രൗണ്ടിൻ്റെ നാനാ ഭാഗത്തേക്കും പറത്തി ,ടെസ്റ്റ് ക്രിക്കറ്റിൻ്റെ പരീക്ഷണം അനുഭവിപ്പിച്ചപ്പോൾ വോൺ 45 ഓവറിൽ വഴങ്ങിയത് 150 റൺസായിരുന്നു .അന്ന് ആകെ കിട്ടിയത് ഡീൻ ജോൺസ് ക്യാച്ചെടുത്ത് പുറത്താക്കിയ 206 റൺസടിച്ച രവി ശാസ്ത്രിയുടേതും .

അന്ന് നിരാശനായി കളം വിട്ട ചെറുപ്പക്കാരൻ 17 വർഷം കഴിഞ്ഞ് കരിയർ അവസാനിപ്പിക്കുമ്പോൾ നേടിയത് 1001 അന്താരാഷ്ട്ര വിക്കറ്റുകൾ എന്ന അവിശ്വസനീയ നേട്ടമായിരുന്നു .ആസ്ട്രേലിയ ,സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് ,എഷ്യൻ പിച്ചുകൾ എന്ന് വേണ്ട ഏത് പ്രതലത്തിലും വോണിൻ്റെ പന്തുകൾ വെട്ടിത്തിരിഞ്ഞു കൊണ്ടേയിരുന്നു .

1996 ലോകകപ്പ് സെമിയിൽ വിൻഡീസിനെതിരെ മികച്ച ബൗളിങ് പ്രകടനം നടത്തി ടീമിനെ ഫൈനലിലെത്തിച്ച വോൺ 1999 ൽ സെമിയിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചും ആയി .99 ഫൈനലിൽ പാകിസ്ഥാനെതിരെ 33 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ വോണിൻ്റെ പ്രകടനം ലോകകപ്പ് ഫൈനലിലെ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണ് .ടെസ്റ്റിലെ 708 വിക്കറ്റുകളും ഏകദിനങ്ങളിലെ 293 വിക്കറ്റുകളും വോണിൻ്റെ തലയിലെ പൊൻ തൂവലുകളാണ് .

കരിയറിൽ വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും വോണിനെ ആരാധകർ ഒരിക്കലും വെറുക്കുന്നില്ല .സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളുമായി ക്രിക്കറ്റ് ലോകം വാണ വോൺ വിരലുകളിലൂടെ മാത്രമല്ല ,എതിരാളികളെ മാനസികമായി തളർത്താനും വിദഗ്ധനായിരുന്നു .

ഒരിക്കൽ ഇന്ത്യക്കെതിരായ മാച്ചിൽ സൗരവ് ഗാംഗുലി തുടർച്ചയായി പ്രതിരോധിച്ചപ്പോൾ നോൺ സ്ട്രൈക്കിൽ നിന്ന സച്ചിനെ ചൂണ്ടി വോൺ പറഞ്ഞു.

അയാളുടെ ഷോട്ടുകൾ കാണാനാണ് കാണികൾ ഇവിടെ വന്നത് . നിങ്ങളുടെ ഈ ബോറൻ മുട്ടൽ കാണാനല്ല.

തൊട്ടടുത്ത പന്തിൽ പ്രകോപിതനായ ക്രിസ് വിട്ടിറങ്ങി ഗാംഗുലിയെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തതോടെ വിജയം വോണിൻ്റേതായി .

2007 ൽ വിരമിച്ച ശേഷം 2008 ലെ ആദ്യ IPL ൽ എല്ലാവരേയും ഞെട്ടിച്ച് ദുർബലരായ രാജസ്ഥാൻ റോയൽസിനെ ചാംപ്യൻമാരാക്കുന്നതിൽ നായകൻ എന്ന നിലയിൽ വോൺ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതായിരുന്നു .വോണിൻ്റെ നായക മികവും ,മാനേജ്മെൻ്റ് സ്കില്ലുകളും ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ ഓസീസ് ക്രിക്കറ്റിന് നഷ്ടപ്പെട്ടത് തന്ത്രശാലിയായ ഒരു നായകനെ ആയിരുന്നു എന്ന് വോൺ ഒന്നു കൂടി തെളിയിച്ച സന്ദർഭങ്ങളായിരുന്നു അവ .

വോണിൻ്റെ വാക്കുകൾ യുവതലമുറക്ക് പ്രചോദനമാണ് .

Some days I might get Six wickets, on others I might just end with two .You Should never give up trying. Success & Failures are part of life

പലപ്പോഴും സച്ചിൻ ടെണ്ടുൽക്കർ എന്നും ക്ലാസിൽ ,ആദ്യ ബെഞ്ചിലിരുന്ന് അധ്യാപകരുടെ വാക്കുകൾ അതു പോലെ കേട്ട് അനുസരണയോടെ പഠിച്ച് പരീക്ഷയിൽ മുഴുവൻ മാർക്കു വാങ്ങുമ്പോൾ ,പിൻബെഞ്ചിലിരുന്ന് ക്ലാസിലും പുറത്തും സകല കുരുത്തക്കേടുകളും കളിച്ച് എല്ലാവരുടേയും തല്ല് വാങ്ങി ഒടുവിൽ എല്ലാ പരീക്ഷകളിലും മുഴുവൻ മാർക്ക് വാങ്ങുന്ന കുട്ടിയെ അനുസ്മരിപ്പിക്കാറുണ്ട് ഷെയ്ൻ വോൺ എന്ന മജീഷ്യൻ .

Manchester United fans storm Old Trafford twice during protest against Glazers

ചെകുത്താൻ പടക്ക് പ്രതീക്ഷ നൽകി ജോയൽ ഗ്ലേസിയർ

അർജന്റീനയുടെ റോക്കറ്റ് ലോഞ്ചർ പറയുന്നു ഇനി എന്നെക്കൊണ്ടാവില്ല