in , ,

പരീക്ഷാ ഹാളിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് നടന്നു കയറിയ പ്രതിഭ

Story of Sunil Joshi

ബി.എ രണ്ടാം വർഷ പരീക്ഷ ഹാളിൽ അതീവ ശ്രദ്ധയോടെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനടുത്തെത്തി എക്സാം സൂപ്പർവൈസർ ചെവിയിൽ ഒരു കാര്യം പറഞ്ഞു.

“നിന്നെ ഇംഗ്ളണ്ട് ടൂറിനുള്ള ഇന്ത്യൻ ടീമിൽ സെലക്ട് ചെയ്തിരിക്കുന്നു “

സന്തോഷം കൊണ്ട് മതിമറന്ന അയാൾ സാഹചര്യം മറന്ന് താൻ പോലുമറിയാതെ പേപ്പറും പേനയും വലിച്ചെറിഞ്ഞാണ് സന്തോഷം പ്രകടിപ്പിച്ചത് . കർണാടകയിലെ ഗദാഗിൽ നിന്നും ഇന്ത്യൻ ടീമിലെത്തിയ ആദ്യ വ്യക്തിയും സുപ്രസിദ്ധ സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ബന്ധുവും കൂടിയായ സുനിൽ ഭണ്ഡാചാര്യ ജോഷി എന്ന ചെറുപ്പക്കാരനെ ഒരു ജാഥയായാണ് അന്ന് നാട്ടുകാർ വീട്ടിലേക്ക് ആനയിച്ചത് .

സുനിൽ ജോഷി എന്ന കർണാടക ക്രിക്കറ്റർ അന്താരാഷ്ട്ര തലത്തിൽ വലിയ ഓളങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും അയാൾ കടന്നു വന്ന വഴികൾ ഒരു സിനിമാക്കഥ പോലെ സമ്പന്നമാണ് .

“നീ ഇന്ത്യൻ ടീമിൽ കളിച്ചില്ലെങ്കിൽ അത് ഒരു അത്ഭുതമായിരിക്കും .”

1994 മുംബൈക്കെതിരായ മത്സരത്തിൽ കർണാടകക്ക് വേണ്ടി അത്യുജ്ജല പ്രകടനം കാഴ്ചവച്ച് ഡ്രസ്സിങ് റൂമിൽ വിശ്രമത്തിലായിരുന്ന ജോഷിയുടെ അടുത്തെത്തി അക്കാര്യം പറഞ്ഞത് അന്നത്തെ മുംബൈ ടീം താരം കൂടിയായിരുന്ന സാക്ഷാൽ രവിശാസ്ത്രിയായിരുന്നു. വർഷങ്ങളായി നടത്തിവരുന്ന കഠിനാധ്വാനത്തിന് കിട്ടിയ ഒരു ബഹുമതി കൂടിയായിരുന്നു ആ വാക്കുകൾ.

ആ മാച്ചിൽ കരുത്തരായ മുംബൈക്കെതിരെ കർണാടക 167 ന് 7 എന്ന നിലയിൽ തകർന്നു തരിപ്പണമായ സമയത്തായിരുന്നു ജോഷി മാസ്മരിക ബാറ്റിംഗ് കാഴ്ച വെച്ചത്. വിലപ്പെട്ട 119 റൺസ് .ആദ്യ ഫസ്റ്റ് ക്ളാസ് സെഞ്ചുറി .ഒപ്പം ഏഴാം വിക്കറ്റിൽ സയ്യിദ് കിർമാണിക്കൊപ്പം 248 റൺസ്സിൻറെ റെക്കോർഡ് കൂട്ടുകെട്ടും .തീർന്നില്ല അതെ മാച്ചിൽ 9 വിക്കറ്റുകളും എടുത്ത ലെഫ് ആം സ്പിൻ കൊണ്ടുള്ള മഹനീയ പ്രകടനവും . ശാസ്ത്രിക്ക് മാത്രമല്ല ആ പ്രകടനം അടുത്തു നിന്നും ശ്രദ്ധിച്ച ഓരോ ആളിനും ഉറപ്പായിരുന്നു അയാൾ ഇന്ത്യൻ ടീമിലെ സൂപ്പർസ്റ്റാർ ആകുമെന്ന്.

ആ പ്രകടനത്തിനുശേഷം കർണാടക ടീമിൽ സ്ഥിര സാന്നിധ്യമായ ജോഷി പക്ഷെ അതിനും 2 വർഷം മുൻപ് 1992ലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു . രഘുറാം ഭട്ടിൻ്റെ ഫിറ്റ്നസ് പ്രശ്നം കാരണം അവസാന നിമിഷം അന്തിമ ഇലവനിലെത്തിയ ജോഷി ഹൈദരാബാദിനെതിരെ ബൗളറായാണ് ടീമിലെത്തിയതെങ്കിലും 8 ആമനായി ബാറ്റിങ്ങിനിറങ്ങി നടത്തിയ വെടിക്കെട്ട് സ്വന്തം ടീമംഗങ്ങളെ പോലും അത്ഭുതപ്പെടുത്തി .അക്കാലത്തെ മികച്ച സ്പിന്നർ അർഷദ് അയൂബിനെ അരങ്ങേറ്റക്കാരൻ പറത്തിയത് 5 കൂറ്റൻ സിക്സറുകളായിരുന്നു .

83 റൺസ് നേടി പുറത്താകാതെ നിന്ന ജോഷി വെങ്കിടേഷ് പ്രസാദ് പുറത്തായിരുന്നില്ലെങ്കിൽ അരങ്ങേറ്റ ഫസ്റ്റ് ക്ളാസിൽ സെഞ്ചുറിയെന്ന റെക്കോർഡ് കുറിച്ചേനെ . ദൗർഭാഗ്യകരമെന്നു പറയട്ടെ ആ മാച്ചിൽ അദ്ദേഹത്തിന് പന്തെറിയാനായില്ല. അയോധ്യ സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം ദിവസം മുതൽ നടക്കാതെ പോയ കളി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കിർമ്മാണി, ദ്രാവിഡ്, പ്രസാദ് തുടങ്ങിയവരുമായി ഡ്രസ്സിംഗ് റൂം പങ്കിടാൻ ഭാഗ്യം ലഭിച്ച സുനിൽ ജോഷിയുടെ പിന്നീടുള്ള വളർച്ച അതിവേഗത്തിലായിരുന്നു.

വളരെ പരിമിതമായ സാഹചര്യങ്ങളിൽ ഉയർന്നുവന്ന സുനിൽ ജോഷി ഏതാണ്ട് 5 വർഷക്കാലം മാത്രമേ ഇൻറർനാഷണൽ ക്രിക്കറ്റിൽ സജീവമായിട്ടുണ്ടായിരുന്നുള്ളുവെങ്കിലും അദ്ദേഹം ജീവിതത്തിൽ പൊരുതി നേടിയ വിജയം കൈവരിച്ചവനെന്ന നിലയിൽ ഓരോ ചെറുപ്പക്കാർക്കും പ്രചോദനമാണ് .ജീവിത വഴികളിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത
ജോഷിയുടെ അച്ഛൻ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. ഒരു റൈറ്റ് ആം പേസറായി തുടങ്ങി സഹോദരൻ അശോകിൻ്റെ നിർദേശത്തെ തുടർന്ന് ലെഫ്റ്റ് ആം സ്പിന്നിലേക്ക് വേഷപ്പകർച്ചയാടിയ ജോഷിക്ക് ആ തീരുമാനം ഒരു വഴിത്തിരിവായി.

ക്രിക്കറ്റിന് വേണ്ടി സുനിൽ ജോഷിയേക്കാളും ത്യാഗം സഹിക്കാൻ തയ്യാറായവർ വളരെ കുറച്ചേ കാണൂ .താമസ സ്ഥലത്ത് നിന്നും വെളുപ്പിന് എല്ലാ ദിവസവും രാവിലെ 3 30 ന് എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനിൽ കയറി 6 മണിക്ക് ഹുബ്ളിയിൽ എത്തി അവിടെ നിന്നും പ്രാക്ടീസ് ചെയ്തു 64 കിലോമീറ്റർ യാത്ര ചെയ്ത് തിരികെ സ്കൂളിൽ വന്ന ഒരു സാഹസികകഥയുണ്ട് ജോഷിയുടെ ജീവിതത്തിന് പറയാൻ. ഒന്നും രണ്ടും വർഷങ്ങളല്ല ,10 ലധികം വർഷങ്ങളാണ് ജോഷി ഈ പതിവ് യാത്ര ചെയ്തത്. ഒടുവിൽ ബാംഗ്ലൂരിൽ ഒരു ചെറിയ റൂം താമസസൗകര്യം ലഭിക്കുന്നത് വരെ അത് തുടർന്നു കൊണ്ടു പോയി .

കർണാടക അണ്ടർ 15 അണ്ടർ 19 അണ്ടർ 22 കാറ്റഗറിയിൽ കളിച്ച ജോഷിയുടെ അനായാസ ആക്ഷൻ സയ്യിദ് കിർമാണിയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത് . തമിഴ്നാടിനെതിരെ സെഞ്ച്വറി നേടിയ ശ്രീകാന്തിനെ പുറത്താക്കി ജോഷി ആദ്യഫസ്റ്റ് ക്ലാസ് വിക്കറ്റ് നേടിയപ്പോൾ ക്യാച്ചെടുത്തതും ഇതേ കിർമാണി തന്നെയായിരുന്നു . ഒരുപാട് കാലം പ്രാക്ടീസ് ചെയ്ത് സ്വന്തം ഗ്രൗണ്ടിൽ തന്നെ ഫസ്റ്റ് ക്ളാസ് അരങ്ങേറ്റം കുറിക്കാൻ ഭാഗ്യം ലഭിച്ച ജോഷിയുടെ കുടുംബവും അദ്ദേഹത്തിൻറെ അരങ്ങേറ്റ സമയത്ത് പവലിയനിലുണ്ടായിരുന്നു .

1995-96 രഞ്ജി സീസണാണ് ജോഷിക്ക് വഴിത്തിരിവ് നൽകിയത് .ആ സീസണിൽ 52 വിക്കറ്റുകൾ പിഴുത ജോഷി 66 ശരാശരിയിൽ 529 റൺസും നേടി ഇരട്ട നേട്ടം കൈവരിച്ച ആ സീസണിലെ ഒരേയൊരു താരമായി .

1996 ലെ ഇംഗ്ലണ്ട് ടൂറിലേ ലേക്കുള്ള ഇന്ത്യൻ ടീമിനുവേണ്ടി ലിഫ്റ്റ് ഗവാസ്കറും ശാസ്ത്രിയും വെവ്വേറെ പട്ടികയുണ്ടാക്കിയപ്പോൾ രണ്ടു ലിസ്റ്റുകളിലും ഇടംപിടിച്ച സുനിൽ ജോഷിയെ സെലക്ട് ചെയ്യാൻ രണ്ടിലൊന്ന് ചിന്തിക്കേണ്ടി വന്നില്ല. എഡ്ജ് ബാസ്റ്റണിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജോഷിക്ക് പക്ഷെ വിരലിനേറ്റ പരിക്ക് കാരണം അരങ്ങേറ്റ ടെസ്റ്റിൽ ഒരു പന്ത് പോലും എറിയാൻ പറ്റിയില്ല. ബാറ്റിങ്ങിലാണെങ്കിൽ നന്നായി ഒന്നും ചെയ്യാനും പറ്റിയില്ല . സൗത്ത് ആഫ്രിക്കക്കെതിരെ കളിച്ച തൻ്റെ 4 ആം ടെസ്റ്റിൽ 24 ഓവറിൽ 43 റൺസിന് 4 വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ ഉയർത്തെങ്കിലും പിന്നീട് ജോഷിക്ക് സ്ഥിരതായർന്ന ബൗളിങ്ങ് പ്രകടനങ്ങൾ നടത്താൻ പറ്റിയില്ല .

എന്നാൽ ഏകദിന ക്രിക്കറ്റിൽ ആദ്യ കാലങ്ങളിൽ ജോഷി നല്ല സ്ഥിരത പുലർത്തി . സിംബാബ്‌വെക്കെതിരെ അരങ്ങേറിയ ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ലെങ്കിലും വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞ ജോഷി 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത തൻ്റെ ബോളിംഗ് മികവ് തെളിയിച്ചു .മാത്രമല്ല രണ്ടാം ഏകദിനത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യ 6 ന് 89 എന്ന നിലയിൽ തകർന്നപ്പോൾ 8 ആമനായി വന്ന ജോഷി 7 ആമനായി ഇറങ്ങിയ ഗാംഗുലിക്കൊപ്പം ചേർന്ന് 100 റൺ കുട്ടിച്ചേർത്തു നാണക്കേടിൽ നിന്നും കര കയറ്റി .67 പന്തിൽ 48 റൺസടിച്ച ജോഷി 9 ഓവറിൽ 23 റൺ മാത്രം വഴങ്ങി മാർക് വോ ,പോണ്ടിംഗ് എന്നിവരുടെ നിർണായക വിക്കറ്റുകളും വീഴ്ത്തി .കളി ഇന്ത്യ തോറ്റുവെങ്കിലും ഏറെക്കാലമായി കാത്തു നിന്ന ഒരു ഓൾറൗണ്ടറെ ഇന്ത്യക്ക് കിട്ടി എന്നതിൽ ആരാധകർ സന്തോഷിച്ചു .

2 മേഖലയിലും പക്ഷെ സ്ഥിരത പുലർത്താൻ പറ്റാതായതോടെ തൊട്ടടുത്ത വർഷം തന്നെ ടീമിൽ നിന്നും തഴയപ്പെട്ടുവെങ്കിലും തൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും എല്ലാ ഉപദേശങ്ങൾക്കും സമീപിക്കുന്ന ബിഷൻ സിംഗ് ബേദിയോടൊപ്പം 3 മാസം ഡൽഹിയിൽ ചെലവഴിച്ചു കൊണ്ട് സ്പിൻ ബൗളിങ്ങ് കലയുടെ മൂർച്ച വർദ്ധിപ്പിക്കുവാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനും ഗ്രൗണ്ടിനകത്തും പുറത്തും അച്ചടക്കം പാലിക്കാനും ഒക്കെ പഠിച്ച ജോഷി പിന്നീട് വിരമിച്ച ശേഷം ജമ്മുകാശ്മീർ കോച്ചായി നിയമിക്കപ്പെട്ടപ്പോൾ ബേദിയുടെ ഒഴിവിലേക്കായിരുന്നു .

ജോഷിയുടെ തുടക്ക സമയത്ത് കർണാടക ക്രിക്കറ്റ് അതിൻ്റെ സുവർണ കാലഘട്ടത്തിലായിരുന്നു . ആ കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ പകുതിയിലധികം പേരും കർണാടകക്കാരായിരുന്നു ശ്രീനാഥ്, പ്രസാദ് ,കുംബ്ളെ ,ജോഷി ,ദൊദ്ദ ഗണേഷ് ,ഡേവിഡ് ജോൺസൺ അടങ്ങിയ വലിയ ഒരു നിര. കുംബ്ളെ എന്ന അതികായൻ ഒരു വശത്തുനിന്നും വിക്കറ്റുകൾ പിഴുതുറിയുമ്പോൾ മറുവശത്ത് ഇന്ത്യൻ ടീമിൽ സ്പിന്നർമാർ മാറി മാറി വരുന്ന അവസരത്തിൽ ഫോം ഔട്ടായ ജോഷി ടീമിൽ നിന്ന് പുറത്തായെങ്കിലും ശക്തമായി തിരിച്ചുവന്നു .

1998 ൽ ഷാർജയിൽ 179 ന് പുറത്തായിട്ടും ശ്രീലങ്കയെ 99 ൽ എറിഞ്ഞ് പിടിച്ച് ജയിച്ച ഏകദിന മാച്ചിൽ 10 ഓവറിൽ 17 റൺ മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ജോഷിയുടെ പ്രകടനം ശ്രദ്ധേയമായി . എന്നാൽ പിന്നീടുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 99 ലോകകപ്പിനുള്ള സ്ക്വാഡിൽ നിഖിൽ ചോപ്രയെ തെരഞ്ഞെടുത്തത് ജോഷിയെ വല്ലാതെ നിരാശപ്പെടുത്തി .പക്ഷെ ലോകകപ്പിന് ശേഷം ടീമിലെത്തിയ ജോഷിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷം 1999 തന്നെ ആയിരുന്നു .

ഇന്ത്യയും ദക്ഷിണാഫ്രിക്കയും സിംബാബ് വെയും ഉൾപ്പെട്ട നെയ്റോബിയിൽ നടന്ന LG ചതുർരാഷ്ട്ര ഏകദിന ടൂർണമെൻ്റിൽ ജോഷിയുടെ ഒരു അവിശ്വസനീയ പ്രകടനമാണ് കണ്ടത്. ഏതൊരു ബൗളറുടെയും ഡ്രീം സ്പെൽ എന്നു പറയാവുന്ന ഒരു സ്പെൽ ആണ് കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ജോഷി പുറത്തെടുത്തത് .അകത്തും പുറത്തുമായി ടീമിലുണ്ടായിരുന്ന ജോഷി ലോകകപ്പ് ടീമിൽ ഇടം പിടിക്കാത്തതിൻ്റെ നഷ്ടബോധം മുഴുവനും തീർത്തപ്പോൾ 99 ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്ക ആദ്യമായി കളിച്ച ഏകദിന മത്സരത്തിൽ നിലയില്ലാതെ ഉഴറി .

10-6-6-5

വിസ്ഡൻ തെരഞ്ഞെടുത്ത 100 ഏകദിന ബൗളിംഗിൽ ഏഴാമത്തെ ഏറ്റവും മികച്ച പ്രകടനം.

10 ഓവർ ക്വാട്ട പൂർത്തിയാക്കിയ സ്പെല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനം

ഏകദിന ക്രിക്കറ്റിലെ മെയ്ഡൻ ഓവറുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം .

ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ബൗളർ ഇന്നോളം നടത്തിയ ഏകദിന ബൗളിങ്ങ് പ്രകടനം .

എല്ലാറ്റിനുമുപരി ആ പ്രകടനം പിറന്നത് അക്കാലത്തെ ഏറ്റവും മികച്ച ടീമിനെതിരെയെന്നതും കാലിസ് ,ക്രോ ണ്യെ, റോഡ്സ്, ഗിബ്സ് ,ക്ളൂസ്നർ എന്നിവരാണ് പുറത്താക്കപ്പെട്ടതെന്നും ആ പ്രകടനത്തിൻ്റെ മാറ്റ് കൂട്ടുന്നു . ഏറെ വർഷം മുൻപ് 1975 ലെ പ്രഥമ ലോകകപ്പിൽ ജോഷിയുടെ ആരാധനാപാത്രമായ ബിഷൻ സിംഗ് ബേദി 12-8-6-1 വിക്കറ്റ് എന്ന അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും അത് തീരെ ദുർബലമായ ഈസ്റ്റാഫ്രിക്കക്കെതിരെ ആയിരുന്നുവെന്നത് ജോഷിയുടെ നേട്ടത്തെ കൂടുതൽ മുന്നിൽ പ്രതിഷ്ഠിക്കുന്നു .

അതിനു മുൻപ് അനിൽ കുംബ്ലെ ഹീറോ കപ്പ് ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ കുറിച്ച് 12 ന് 6 സ്‌പൽ മാത്രമാണ് ജോഷിയുടെതിന് തുല്യമായ ഒരു പ്രകടനമായി ഇന്ത്യ കണ്ടത് . എന്നാൽ വിദേശ പിച്ചിലാണ് നേട്ടമെന്നത് ജോഷിയെ വേറിട്ടു നിർത്തുന്നു .അസ്ഹറുദ്ദീന് പകരം അജയ് ജഡേജ യായിരുന്നു പരമ്പരയിൽ ഇന്ത്യൻ നായകൻ ആയിരുന്നത് .ജോഷിയ്ക്കൊപ്പം ചോപ്രയും അരങ്ങേറ്റക്കാരനായ നാട്ടുകാരൻ വിജയ് ഭരദ്വാജും സ്പിൻ ആക്രമണം നയിച്ചപ്പോൾ മൂവരും ചേർന്ന് 30 ഓവറിൽ വഴങ്ങിയത് വെറും 48 റൺസ് മാത്രമായിരുന്നു .ദക്ഷിണാഫ്രിക്ക 117 റൺസിന് പുറത്താക്കിയ മത്സരത്തിൽ 26ന് മൂന്ന് വിക്കറ്റെടുത്ത ചോപ്രയും തിങ്ങിയപ്പോൾ ഇന്ത്യൻ വിജയം 8 വിക്കറ്റിനായിരുന്നു .

6 മാസത്തിനുള്ളിൽ ജോഷി വീണ്ടും ദക്ഷിണാഫ്രിക്കക്കെതിരെ കാഴ്ച വെച്ച ഒരു തിളക്കമാർന്ന പ്രകടനം പക്ഷെ പലരും മറന്നു കാണും .ജാംഷഡ്പൂരിൽ കോണ്യേ, പൊള്ളോക്ക് ,ഗിബ്സ് മാരെ പുറത്താക്കി 10 ഓവറിൽ 38 റൺസിന് ജോഷി 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ കളി 4 വിക്കറ്റിന് ജയിച്ചു .

സുനിൽ ജോഷിയുടെ കരിയർ മാറ്റിമറിക്കുമെന്ന് വിശ്വസിച്ച ഒരു പ്രകടനമായിരുന്നു നെയ്റോബിയിലേത് .പക്ഷേ പിന്നീട് അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കഴിവുകൾ പുറത്തെടുക്കാൻ പറ്റാതെ പോയപ്പോൾ വിമർശകർ എപ്പോഴും പറയുന്നതിൽ പലർക്കും കാര്യം തോന്നിയിട്ടുണ്ടാകാം .

“Good for Karnataka not for India “

ഒരു സൂപ്പർ സ്റ്റാറാകാൻ ഉള്ള കഴിവ് ജോഷിയിൽ ഉണ്ടായിരുന്നു .പക്ഷേ എന്തുകൊണ്ടോ സാഹചര്യങ്ങൾ പ്രത്യേകിച്ചും ബാറ്റിംഗിൽ 8 ആമതും 9 ആമതും ഇറക്കിയത് അദ്ദേഹത്തിന് ഗുണകരമായില്ല .മാത്രമല്ല ഇരുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹത്തിന് തൻറെ ഇൻറർനാഷണൽ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചത് എന്നതും ഒരു പക്ഷേ അദ്ദേഹത്തിന് പ്രതികൂലമായ ഘടകമായിരിക്കാം .

എങ്കിലും ലോവർ ഓർഡറിൽ ചില എടുത്തു പറയേണ്ട ഇന്നിങ്ങ്സുകൾ ജോഷി കാഴ്ച വെച്ചിരുന്നു . 1999 ൽ ന്യൂസിലാണ്ടിനെതിരായ മാച്ച് ഇന്ത്യ തോറ്റുവെങ്കിലും 236 ചേസ് ചെയ്ത് 188 റൺസിന് കൂടാരം കയറിയ ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത് 8 ആമനായി ഇറങ്ങി 3 സിക്സറും 2 ഫോറും പറത്തി പുറത്താകാതെ 61 റൺ നേടിയ ജോഷിയായിരുന്നു .ഏറ്റവും വലിയ സവിശേഷത ഇന്ത്യൻ നിരയിൽ മറ്റൊരാളും 27 റൺസിലധികം സ്കോർ ചെയ്തില്ല എന്നതായിരുന്നു .നന്നായി പന്തെറിഞ്ഞിട്ടും പക്ഷെ ജോഷിക്ക് ആ മാച്ചിൽ എറിയാനായത് 4 ഓവറുകൾ മാത്രമായിരുന്നു .

നെയ്റോബിയിലെ പ്രകടനം കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ജോഷിയെ ഓർമ്മിക്കുന്ന മറ്റൊരു പ്രകടനം കൂടിയുണ്ട് .2000 ൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിൻ്റെ അരങ്ങേറ്റ ടെസ്റ്റിൽ ജോഷിയായിരുന്നു കളിയിലെ കേമൻ. ആദ്യ ഇന്നിങ്സിൽ 400 റൺസെടുത്ത ബംഗ്ലാദേശിനെതിരെ ജോഷി 5 വിക്കറ്റുകൾ വീഴ്ത്തി. ആ ടെസ്റ്റിൽ 236 ന് 6 വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടും 29 റൺസ് ഒന്നാമിന്നിങ്ങ്സ് ലീഡ് ഇന്ത്യക്ക് സമ്മാനിച്ചത് ജോഷിയുടെ ബാറ്റിംഗ് ആയിരുന്നു .അന്ന് 92 റൺസിന് പുറത്തായപ്പോൾ വലിയൊരു നേട്ടമാണ് ജോഷിക്ക് നഷ്ടപ്പെട്ടത് .1952 ൽ ലോഡ്ർഡിൽ വിനു മങ്കാദും 1972 ൽ പോർട്ട് ഓഫ് സ്പെയിനിൽ പോളി ഉമ്രിഗറും കുറിച്ച ഒരേ ഇന്നിങ്ങ്സിൽ സെഞ്ചുറിയും 5 വിക്കറ്റും എന്ന അപൂർവ ഡബിൾ .ബംഗ്ളാദേശ് രണ്ടാമിന്നിങ്ങ്സിൽ 91 റൺസിന് പുറത്തായപ്പോൾ 18 ഓവറിൽ 27 റൺസിന് 3 വിക്കറ്റ് പിഴുത ജോഷി വീണ്ടും തിളങ്ങിയപ്പോൾ ഇന്ത്യ ജയിച്ചത് 9 വിക്കറ്റിനായിരുന്നു .

1996 മുതൽ 2001 വരെ ഇന്ത്യൻ ടീമിൽ കളിച്ച ശുഷ്കമായ കരിയറിലെ 15 ടെസ്റ്റുകളിൽ നിന്നും 20.7 ശരാശരിയിൽ 352 റൺസും 41 വിക്കറ്റും 69 ഏകദിനങ്ങളിൽ 17 ശരാശരിയിൽ നേടിയ 584 റൺസു 69 വിക്കറ്റുകളും , 2 ഫോർമാറ്റുകളിലും ഓരോ തവണ നേടിയ 5 വിക്കറ്റ് നേട്ടങ്ങളും ഒന്നും ജോഷിയുടെ കഴിവിനൊത്ത പ്രകടനമാണെന്ന് ഒരിക്കലും പറയാൻ പറ്റില്ല .അതിൻറെ ഇരട്ടിയിലേറെ കണക്കുകൾ സൂക്ഷിക്കുവാൻ തക്ക മികവ് സുനിൽജോഷിക്ക് ഉണ്ടായിരുന്നു.

ഇൻറർനാഷണൽ ക്രിക്കറ്റിൽ ഒന്നുമല്ലാതെ പോയെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു കളിക്കാരനായി തന്നെയാണ് 1992 മുതൽ 2011 വരെ 20 വർഷത്തോളം നീണ്ട കരിയറുള്ള ജോഷിയെ വിലയിരുത്തുന്നത് . 117 രഞ്ജി മത്സരങ്ങൾ അടക്കം 160 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ കളിച്ച ജോഷി 4 സെഞ്ച്വറികൾ അടക്കം നേടിയ 5129 റൺസും 25.2 ആവറേജിലും 62 സ്ട്രൈക്ക് റേറ്റിലും നേടിയ 615 വിക്കറ്റുകളും ജോഷിയുടെ മൂല്യം പറയും. ബറോഡക്കെതിരെ കർണാടക രഞ്ജി സെമി ഫൈനലിൽ പരാജയപ്പെട്ട മത്സരത്തിലായിരുന്നു ജോഷി ഒടുവിൽ കളിച്ചത് . അച്ഛൻ ജോലിചെയ്ത് കരിയർ അവസാനിപ്പിച്ചത്.

2003 ൽ കേരളത്തിനെതിരായ മാച്ചിൽ ഇന്നിങ്ങ്സിനും 11 റൺസിനും കർണാടക ജയിച്ച മത്സരത്തിൽ അനന്തപത്മനാഭൻ 5 വിക്കറ്റുകൾ പിഴുതപ്പോൾ ജോഷി മറുപടി നൽകിയത് 6 വിക്കറ്റുകൾ നേടിയായിരുന്നു .

2008 IPL ആരംഭിച്ച സമയത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി തൻറെ കരിയറിൻ്റെ ഏതാണ്ട് 40 കളിൽ ജോഷി കളിച്ചത് പലരും ഓർക്കുന്നു പോലുമുണ്ടാകില്ല . ഏഴ് വർഷം മുമ്പ് ഇൻറർനാഷണൽ ക്രിക്കറ്റ് അവസാനിപ്പിച്ചിട്ടും ചെറുപ്പക്കാരുടെത് എന്ന് വിശേഷിപ്പിക്കുന്ന IPL ൽ ഇടം പിടിക്കാൻ ജോഷിയെ പ്രാപ്തനാക്കിയത് അപ്പോഴും ഡൊമസ്റ്റിക് മത്സരങ്ങളിൽ അയാൾ കാണിച്ച പ്രകടനങ്ങളായിരുന്നു . അന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് 20 വയസ്സു പോലുമുണ്ടായിരുന്നില്ല . ആദ്യ IPL ൽ 4 മാച്ച് കളിച്ച ജോഷി 2009 ഐപിഎല്ലിൽ കളിക്കുകയാണ് 2010 വരെ കോൺട്രാക്ട് നിലനിർത്തുകയും ചെയ്തു.

ഹർഭജൻ സിങ്ങിൻ്റെ വരവോടുകൂടിയാണ് യഥാർത്ഥത്തിൽ ജോഷിയടക്കമുള്ള സ്പിന്നർമാരുടെ അസ്തമനത്തിന് കാരണമെന്ന് പറയാം . 2012 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസിൽ നിന്നും ഔദ്യോഗികമായി റിട്ടയർ ചെയ്ത് സുനിൽ ജോഷി പക്ഷേ ക്രിക്കറ്റ് മേഖലയിൽ തന്നെ സജീവമായിരുന്നു. ഹൈദരാബാദിനെ പരിശീലിപ്പിച്ച അദ്ദേഹം പിന്നീട് ജമ്മുകാശ്മീർ ടീമിൻ്റെ കോച്ചായി വാർത്തകളിൽ നിറഞ്ഞു. കരുത്തരായ മുംബൈയെ ജമ്മുകശ്മീർ അട്ടിമറിച്ചപ്പോൾ ജോഷി എന്ന പരിശീലകൻ ശ്രദ്ധാകേന്ദ്രമായി . കോച്ചിംഗ് വാഴ്ത്തപ്പെട്ടു. ദീപക് ചഹർ തൻറെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 10 റൺസിന് 8 വിക്കറ്റ് വീഴ്ത്തി അസാധ്യ പ്രകടനം നടത്തിയപ്പോൾ രാജസ്ഥാനെതിരെ ഹൈദരാബാദ് 21 റൺസിന് പുറത്തായ ദയനീയ പ്രകടനത്തിന് ശേഷമാണ് ഹൈദരാബാദ് ജോഷിയെ കോച്ചിങ്ങ് കോൺട്രാക്ട് ഏൽപ്പിച്ചത് .

ആസ്സാമിൻ്റെ കോച്ച് കൂടിയായ ജോഷി ദുലീപ് മെൻഡിസ് കോച്ചിങ്ങ് ചെയ്ത ഒമാൻ ടീമിൻറെ സ്പിൻ കൺസൾട്ടൻ്റ് കൂടിയായിരുന്നു. യുഎസ് ദേശീയ ടീമിനെ സ്പിൻ പരിശീലകൻ കൂടിയായ ജോഷി IPL ൽ പഞ്ചാബ് കിങ്ങ്സ് ഇലവൻ്റെ സ്പിൻ കോച്ചുമായി. ഒടുവിൽ നിലവിൽ 2020 ൽ ചീഫ് സെലക്ടർ റോളിലും ഇന്ത്യൻ ക്രിക്കറ്റിലെ തലപ്പത്ത് എത്തിയ ജോഷിയുടെ ഇൻറർനാഷണൽ കരിയർ ചെറുതായിരുന്നുവെങ്കിലും അദ്ദേഹം ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കും ത്യാഗത്തിന്നും ലഭിച്ച ബഹുമതി കൂടിയാണത് .

കുംബ്ളെ ഒരു വശത്ത് നിറഞ്ഞാടിയപ്പോൾ മറുവശത്ത് അതിഥികളായി വന്ന രാജുവിനെയും ഹിർവാനിയെയും ചൗഹാനെയും ആശിഷ് കപൂറിനെയും ചോപ്രയേയും പോലെ ഒരാളായി സുനിൽ ജോഷിയും വിസ്മരിക്കപ്പെട്ടു . അടുത്ത കാലത്ത് ജോഷി വീണ്ടും വാർത്തകൾ നിറഞ്ഞിരുന്നു . അദ്ദേഹത്തിൻറെ മകനായ ആര്യൻ ജോഷി ദ്രാവിഡിൻ്റെ മകൻ സമിത് ദ്രാവിഡിന് ഒപ്പം ചേർന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ അണ്ടർ 14 മത്സരത്തിൽ മല്യ അദിതി ഇൻറർനാഷണൽ സ്കൂളിന് വേണ്ടി 50 ഓവറിൽ 5 വിക്കറ്റിന് 500 എന്ന വമ്പൻ സ്കോർ പടുത്തുയർത്തി ടീമിന് 421 റൺ വിജയം നൽകിയപ്പോൾ സമിത് 150 ഉം ആര്യൻ 154 ഉം റൺസ് അടിക്കുകയുണ്ടായി.

തീരെ പരിമിതമായ ചുറ്റുപാടിൽ നിന്നു പോലും ഉയർന്നുവരാം എന്ന് തെളിയിച്ച ഒരാൾ എന്നത് തന്നെയാണ് സുനിൽ ജോഷിയുടെ പ്രസക്തി . അനിൽ കുംബ്ലെക്ക് ഒരു സപ്പോർട്ട് നൽകുന്നതിലും ലോവർ ഓർഡറിൽ സ്ഥിരതയോടെ റൺസ് നേടാൻ പറ്റാഞ്ഞതുമാണ് ജോഷിയുടെ കരിയറിന് പാളിച്ച സംഭവിച്ചത്. മഹാരൻമാർ നിറഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 8 ഉം 9 ഉം സ്ഥാനത്തിറങ്ങിയത് കൊണ്ടു തന്നെയാണ് മികച്ച ഒരു ബാറ്റ്സ്മാൻ ആയിട്ടും ജോഷിക്ക് ഒന്നും ചെയ്യാൻ പറ്റാതെ പോയത് .കൂടുതൽ അവസരം ലഭിച്ചിരുന്നുവെങ്കിൽ ജോഷിയുടെ കരിയർ കൂടുതൽ ഉയരത്തിൽ എത്തിയേനെ. ജൂൺ 6 സുനിൽ ജോഷിയുടെ ജൻമദിനം….

റൗളിങ് ബോർജസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ

PFA പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ