ഇന്ത്യൻ ഫുട്ബോളിലെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മറഡോണയും എല്ലാം സുനിൽ ഛേത്രി തന്നെയാണ്. ക്യാപ്റ്റൻ ,ലീഡർ, ലെജൻഡ് എന്നീ വിശേഷണങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോളിൽ അർഹിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
ലോക ഫുട്ബോളിലെ ആക്ടീവ് ഗോൾ സ്കോറർമാരുടെ പട്ടികയിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാമനാണ് അദ്ദേഹം. ലയണൽ മെസിയേക്കാൾ മുന്നിലുമാണ് അദ്ദേഹം.
ഇന്ത്യയിൽ ഒരു ഫുട്ബോളർക്ക് സാധ്യമായതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട് ഐ ലീഗ് കിരീടവും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ഉൾപ്പെടെ ഇന്ത്യയിൽ അദ്ദേഹത്തിന് നേടാൻ കഴിയാത്ത കിരീടങ്ങൾ ഇല്ല എന്ന് തന്നെ പറയാം.
2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്.
16 വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം ഇന്ത്യക്കായി ഇന്റർ നാഷണൽ ഫുട്ബാളിൽ ആദ്യമായി ബൂട്ട് കെട്ടിയത്. പിന്നീട് നടന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്ക ലീപികളാൽ കൊത്തി വയ്‌ക്കേണ്ട ചരിത്രം ആയിരുന്നു. പിന്നീട് ഇന്ത്യൻ ഫുട്ബാളിന്റെ ഭാഗധേയം നിർണയിച്ചത് ഛേത്രിയുടെ ബൂട്ടുകൾ ആയിരുന്നു. എന്നാൽ ഇപ്പോഴും സുനിൽ ഛേത്രി ഒരു കാര്യത്തിൽ സാക്ഷാൽ ബൈചുങ് ബൂട്ടിയക്ക് പിന്നിലാണ്.
ഏറ്റവും കൂടുതൽ കലണ്ടർ വർഷങ്ങളിൽ ഇന്ത്യക്കായി ബൂട്ട് കെട്ടിയ താരമെന്ന റെക്കോർഡ് ഇപ്പോഴും ബൈചുങ് ബൂട്ടിയയുടെ പേരിലാണ്. 17 കലണ്ടർ വർഷങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കായി ബൂട്ട് കെട്ടിയത്. സുനിൽ ഛേത്രി ഇതുവരെ 16 കലണ്ടർ വർഷങ്ങളിൽ ഇന്ത്യക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇനി അടുത്ത വർഷം കൂടി അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം ബൂട്ടിയയുടെ റെക്കോർഡ് മറികടക്കും