ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന്, മുൻവർഷങ്ങളെ അപേക്ഷിച്ച് സൂപ്പർ താരങ്ങളുടെ മികച്ച പോരാട്ടമാണ് നടന്നത്. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരിൽ മാത്രം കേന്ദ്രീകരിച്ചുണ്ടായ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് ഈ വർഷം റോബർട്ട് ലെവന്റോസ്കി, ജോർജിഞ്ഞോ, കരീം ബെൻസെമ, എൻഗോളോ കാന്റെ, മുഹമ്മദ് സലാഹ് തുടങ്ങിയവരും ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്നതിൽ ഫേവറിറ്റുകളായി ഉണ്ടായിരുന്നു.
ഇപ്പോഴിതാ, ലോകത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ എന്ന് പലരും വിശേഷിപ്പിക്കുന്ന, റിയൽ മാഡ്രിഡ് താരമായ ടോണി ക്രൂസ് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നു. ലയണൽ മെസ്സി തീർച്ചയായും ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിനു അർഹനല്ല എന്നാണ് ടോണി ക്രൂസ് പറയുന്നത്. ഈ വർഷം മെസ്സിയെക്കാൾ മികച്ച താരങ്ങൾ ഉണ്ടെന്നും, ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ മുൻപിൽ ഉണ്ടാകണമായിരുന്നുവെന്നുമാണ് ടോണി ക്രൂസ് പറഞ്ഞത്.
“ഇത് തികച്ചും മെസ്സി അർഹിച്ചതല്ല. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസ്സി കഴിഞ്ഞ ദശകത്തിലെ കളിക്കാരനായിരുന്നു എന്നതിൽ സംശയമില്ല, എന്നാൽ ഈ വർഷം അദ്ദേഹത്തിന് മുന്നിൽ മികച്ചവരായി മറ്റുള്ളവർ ഉണ്ടാകണമായിരുന്നു.”
“ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ എത്ര നിർണായക ഗോളുകൾ നേടിയെന്നത് ഞാൻ കാണുമ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും യുവേഫ ചാമ്പ്യൻസ് ലീഗിൽ ഉണ്ട് എന്നതിന് അദ്ദേഹത്തിന് മാത്രമാണ് നന്ദി പറയേണ്ടത്. അപ്പോൾ, എനിക്ക് കാണാൻ കഴിയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ മികച്ചതും മെസ്സിക്ക് മുൻപിൽ വരുമായിരുന്നു എന്നതാണ്.” – തന്റെ ഒഫീഷ്യൽ പോഡ്കാസ്റ്റിൽ ടോണി ക്രൂസ് സംസാരിച്ചു.
അർജന്റീന ദേശീയ ടീമിനൊപ്പം ഈ വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടിയതാണ് ലിയോ മെസ്സിക്ക് ബാലൻ ഡി ഓർ ലഭിക്കുന്നതിന് കാരണമായ പ്രധാനപ്പെട്ട ഒരു നേട്ടം. എങ്കിലും, ലയണൽ മെസ്സി ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ല എന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.