ആർത്തിരമ്പിയ സ്വിസ്സ് മുന്നേറ്റ നിരയെ സമനിലയിൽ തളച്ചു ഗാരേത് ബെയ്‌ലും ഡാനിയൽ ജെയിംസും അണിനിരന്ന വെയിൽസ് രാജകുമാരൻമ്മാർ.
ഷാക്വിരിയും ഷാക്കെയും അണിനിരന്ന മുന്നേറ്റ നിരയിൽ ആയിരുന്നു സ്വിസ്റ്റർലാന്റിന്റെ കരുത്തു മുഴുവനും. കളിക്കളത്തിലും പുറത്തും തങ്ങളുടെ രാഷ്ട്രീയം പലപ്പോഴും തുറന്നു കാട്ടിയിട്ടുള്ള ഇരുവരും രാജ്യത്തിന് വേണ്ടി പടച്ചട്ട അണിഞ്ഞു പോരാടുന്ന സൈനികന്റെ ആത്മവിശ്വാസമുള്ള ചുവടുമായാണ് പന്തു തട്ടിയത്.
അൽബേനിയൻ-കൊസോവൻ പാരമ്പര്യമുള്ളവരും എന്നാൽ സ്വിറ്റ്സർലൻഡിൽ വളർന്നവരുമായ ഷാക്കയും ഷാക്കിരിയും കൈകോർത്ത് അൽബേനിയൻ പതാകയിലുള്ളതിന് സമാനമായ ഇരട്ട തലയുള്ള കഴുകനു സമാനമായ ഗോൾ സെലിബ്രേഷൻ മുൻപ് സെർബിയക്കെതിരെയുള്ള റഷ്യൻ വേൾഡ് കപ്പിൽ വൻവിവാദം സൃഷ്ഠിച്ചിരുന്നു.
കൊസോവയുടെ സ്വാതന്ത്ര്യത്തെ സെർബിയ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു ആ സെലിബ്രേഷന് കാരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വരേ അന്ന് വഷളാകാൻ കാരണമായിരുന്നു അന്നത്തെ ഇരുവരുടെയും പ്രകടനം.
ആദ്യ പകുതിയിൽ സ്വിസ്സ് ആക്രമണ നിരയുടെ മുന്നേറ്റമായിരുന്നു കാണാനായത്. വെയിൽസ് പ്രതിരോധ നിര പലപ്പോഴും സമ്മർദ്ദത്തിനടിപ്പെട്ടു പോയിരുന്നു സ്വിസ്സ് മുന്നേറ്റത്തിന് മുന്നിൽ. 11 ഷോട്കൾ ഗോൾ വല ലക്ഷ്യമാക്കി തൊടുത്ത സ്വിസ്സ് മുന്നേറ്റ നിരക്ക് പക്ഷെ വെയ്ൽസ് ഗോൾ വല ഭേദിക്കാൻ ആയില്ല.
രണ്ടാം പകുതിയിൽ ആദ്യ പകുതിയിലെ ഗോൾ രഹിതമായ വിരസത ഷാക്കിരി കോർണർ കിക്കിൽ നിന്ന് നൽകിയ അസ്സിസ്റ്റിൽ നിന്നും ബൊറൂസിയ മോചെൻഗ്ലാഡ്ബാച്ച് താരം ബ്രീൽ എംബോളോ വെയ്ൽസ് പ്രതിരോധ നിരയെ കീറി മുറിച്ചു ഒരു കിടിലൻ ഹെഡ്‍റിലൂടെ സ്വിസ്സിനെ മുന്നിലെത്തിച്ചു 49ആo മിനുട്ടിൽ തന്നെ തീർത്തു.ഗോൾ വീണതോടെ ഉണർന്നു കളിച്ച വെയ്ൽസ് മുന്നേറ്റ നിര ഒരൽപ്പം അക്രമത്തിലേക്ക് നീങ്ങി.
അതിൻറെ ഫലമെന്നോണം മനോഹരമായ മുന്നേറ്റത്തിലൂടെ ജോ മൊറേൽ ഉയർത്തി നൽകിയ പന്ത് കീഫെർ മൂർ അളന്നു മുറിച്ചു സ്വിസ്സ് ഗോളി യാൻ സോമറിനെ കബളിപ്പിച്ചു സ്വിസ്സ് വല കുലുക്കി വെയ്ൽസിനു സമനില സമ്മാനിച്ചു. ആ നിമിഷത്തിലൊഴികെ മത്സരത്തിന്റെ ഭൂരിഭാഗവും സ്വിസ്സർലാന്റിന്റെ നിയന്ത്രണത്തിലായിരുന്നു.
ഗ്രേവാനോവിച്ചിന്റെ മനോഹരമായ വോളി വെയ്ൽസ് പ്രതിരോധം ഭേദിച്ചു വല തുളച്ചെങ്കിലും VAR ഓഫ് സൈഡ് വിളിച്ചത് സ്വിസ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ചു. എംബോളോ ഗോൾ വല ലക്ഷ്യമാക്കി ഉതിർത്ത രണ്ടു ഷോട്ടുകൾ വെയ്ൽസ് ഗോളി ഡാനി വാർഡ് അസാമാന്യ മെയ് വഴക്കത്തോടെ തട്ടിയകറ്റി മത്സരം സമനിലയിലാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.