in

ഒടുവിൽ ഉൻമുക്തിന് ബിഗ്ബാഷ് അരങ്ങേറ്റം, പക്ഷേ അതും മുതലാക്കാൻ ആവാതെ വീണു!

2022 ന്റെ u-19 ലോകകപ്പ് അങ്ങ് വെസ്റ്റ് ഇൻഡീസിൽ പൊടിപൊടിക്കുന്നു. അതേ സമയം പത്ത് വർഷം മുന്നെ ഇന്ത്യൻ ആരാധകർ ഏറ്റവും ആഘോഷമാക്കിയ U19 ലോകകപ്പ് വിജയത്തിന്റെ നായകൻ അതേ ഓസ്ട്രേലിയൻ മണ്ണിൽ കരിയറിൽ മറ്റൊരു വഴിത്തിരിവ് തേടി അരങ്ങേറ്റം കുറിച്ചു. 183 ചേസ് ചെയ്യുമ്പോൾ നാലാമനായി വന്ന ചന്ദ് 8 പന്തുകളിൽ ആറ് റൺസ് നേടിയ ശേഷം വീണു. മത്സരം വരുതിയിൽ എന്ന് തോന്നിച്ചു എങ്കിലും ഒടുവിൽ ആറ് റൺസിന്റെ തോൽവി വഴങ്ങി.

ഉൻമുക്തിന് ബിഗ്ബാഷിലേക്ക് വിളി എത്തിയത് ഇന്ത്യൻ ആരാധകർ ആഘോഷമാക്കിയതാണ്! പക്ഷെ 12 മത്സരങ്ങളിൽ ബഞ്ചിൽ ഇരിക്കാൻ ആയിരുന്നു വധി. റെനഗേഡ്സ് പുറത്താക്കൽ ഉറപ്പിച്ചപ്പോൾ ആണ് താരത്തിന് ഇന്ന് അവസരം എത്തിയത്. ബിഗ്ബാഷ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം. 183 ചേസ് ചെയ്യുമ്പോൾ പതിനഞ്ചാം ഓവറിൽ നാലാമനായി ക്രീസിൽ. സന്ദീപ് ലാമിച്ചാനെയുടെ ആദ്യ പന്തിൽ റൺസ് ഇല്ല. പിന്നീട് സിംഗിളുകളും ഒരു ഡബിളും ആയി ആറ് റൺസ്. നേരിട്ട എട്ടാം പന്തിൽ സന്ദീപ് ലാമിച്ചാനക്ക് തന്നെ വിക്കറ്റ് നൽകി മടക്കം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോബർട്ട് ഹരികെയ്ൻസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റൺസ് നേടി, ചേസിങിൽ ആരോൺ ഫിഞ്ച് (75) ഷോൺ മാർഷ് (51) എന്നിവരുടെ മികവിൽ ആണ് റെനഗേഡ്സ് മുന്നേറിയത്. ഇവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ റെനഗേഡ്സിന്റെ കാര്യം പരുങ്ങലിലായി. ഒടുവിൽ ആറ് റൺസിന്റെ തോൽവി വഴങ്ങി. സീസണിൽ പതിമൂന്ന് മത്സരങ്ങളിൽ പത്താം പരാജയം ആണ്.

ഇന്ത്യയുടെ ഭാവി എന്നും അടുത്ത വിരാട് കോലി എന്ന് വിശേഷിപ്പിക്കപ്പെട്ട ഉൻമുക്ത്, ഇന്ന് എങ്ങുമെത്താതെ ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലോ IPL ലോ പോലും പ്രകടനങ്ങൾ നൽകാനാവാതെ സ്വയം അമേരിക്കന്‍ മണ്ണിൽ പറിച്ച് നട്ടിട്ട് അധികനാൾ ആയിട്ടില്ല! അമേരിക്കന്‍ ലോക്കൽ ലീഗുകളിൽ മികവ് പുറത്തെടുത്ത ഉൻമുക്തിന്റെ ജനപ്രീതി കൂടി കണക്കിലെടുത്ത് ആവണം ബിഗ്ബാഷിലേക്ക് വിളിയെത്തിയത്. ആരോൺ ഫിഞ്ച് നായകൻ ആയിരുന്ന, 2018-19 സീസണിൽ ചാമ്പ്യന്‍സ് ആയിരുന്ന മെൽബോൺ റെനഗേഡ്സ് ടീമിലേക്ക് ആണ് ഉൻമുക്ത് എത്തിയത്.

ഓസ്ട്രേലിയൻ വെക്കേഷൻ!

ബിഗ്ബാഷിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ എന്ന വിശേഷണവുമായി എത്തിയ ഉൻമുക്തിന് ഇവിടെ അവസരങ്ങള്‍ ഉണ്ടായില്ല. മോശം പ്രകടനങ്ങൾ തുടർന്ന ടീമിന്റെ ആദ്യ ഇലവനിൽ എത്താൻ ഉൻമുക്തിന് പതിമൂന്നാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു! കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളും ബഞ്ചിൽ ഇരുന്ന് വീക്ഷിച്ച ചന്ദ് ഇടക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നിൽ ‘ഇതൊരു വെക്കേഷൻ പോലെയുണ്ട്’ എന്ന് പറഞ്ഞു പോവുന്നുണ്ട്. എന്തായാലും കാത്തിരിപ്പ് പതിമൂന്നാം മത്സരത്തിൽ അവസാനിച്ചു!

റെനഗേഡ്സിന് മോശം കാലം..

സീസണിൽ ഇനി ഒരു മത്സരം മാത്രം ബാക്കിയുള്ള റെനഗേഡ്സ് ഇപ്പോൾ അവസാന സ്ഥാനത്താണ്. 2018-19 സീസണിൽ ചാമ്പ്യന്‍സ് ആയ ശേഷം തൊട്ടടുത്ത സീസണിൽ പോലും എട്ട് ടീമുകളിൽ എട്ടാമതാണ് റെനഗേഡ്സ് ഫിനിഷ് ചെയ്ത് – അത് ഈ സീസണിലും തുടരുന്നു. എന്തായലും റെനഗേഡ്സിന്റെ മോശം സമയം ഇവിടെ ഉൻമുക്തിന് ഒരു അവസരം ആയി ഭവിച്ചു എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.

“ക്രിസ്റ്റ്യാനോയെ ഞങ്ങൾ മിസ് ചെയ്യുന്നു” – തുറന്നു പറഞ്ഞ് യുവന്റസ് സൂപ്പർ താരം

റെക്കോർഡ് വിജയം നേടി റെഡ് ഡെവിൾസ്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി