പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പ ഈ സീസണു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ താരത്തിന്റെ പോസ്റ്റിൽ റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ വിനീഷ്യസ് ജൂനിയർ കമന്റ് ചെയ്‌തത് ചർച്ചാവിഷയമാകുന്നു. കഴിഞ്ഞ ദിവസം പിഎസ്‌ജിക്കു വേണ്ടി എംബാപ്പേ ഹാട്രിക്ക് നേടിയതിനു ശേഷം താരമിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ള വിനീഷ്യസിന്റെ കമന്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഫ്രഞ്ച് ലീഗിലെ കഴിഞ്ഞ മത്സരത്തിലാണ് എംബാപ്പെ ഹാട്രിക്ക് സ്വന്തമാക്കിയത്. അതിനു മുൻപത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയിരുന്ന താരം തന്റെ ഫോം വീണ്ടും തെളിയിച്ചതിനു ശേഷം അതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ ഹാട്രിക്ക് ബോളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌ത് അറിയിച്ചിരുന്നു. അതിനടിയിൽ ‘സ്റ്റാർ’ എന്നു കമന്റ് ചെയ്‌താണ് വിനീഷ്യസ് ഫ്രഞ്ച് താരത്തിന് തന്റെ അഭിനന്ദനം അറിയിച്ചത്.
കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ അതു ടീമിൽ വിനീഷ്യസിന്റെ സ്ഥാനത്തെ ബാധിക്കാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാലിപ്പോൾ താരത്തിന്റെ കമന്റ് ഫ്രഞ്ച് താരത്തെ റയൽ മാഡ്രിഡിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതു കൂടിയാണ്. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഇതുവരെയും ഒരു തീരുമാനവും എടുത്തിട്ടില്ല എന്നാണു എംബാപ്പെ പറയുന്നത്.
വിനീഷ്യസിന്റെ കമന്റ് എംബാപ്പയെ റയൽ മാഡ്രിഡിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണെന്നു കരുതാൻ മറ്റൊരു കാരണം കൂടിയുണ്ട്. എംബാപ്പെ ഹാട്രിക്ക് നേടിയ അതെ മത്സരത്തിൽ വിനീഷ്യസിന്റെ ബ്രസീലിയൻ സഹതാരമായ നെയ്‌മറും ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ തന്റെ ദേശീയ ടീം സഹതാരത്തെ അതിന്റെ പേരിൽ അഭിനന്ദിക്കാൻ വിനീഷ്യസ് തയ്യാറായില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നു.