തന്റെ പ്രഫഷണൽ ഫുട്ബോളിന്റെ തുടക്കം സേവൻസ് ഫുട്ബോളിലൂടെയാണെന്നും മലപ്പുറം പ്രദേശങ്ങളിൽ നിന്നാണ് ഫുട്ബോൾ കളിക്കാനുള്ള എല്ലാവിധ പിന്തുണയും തനിക്കു കൂടുതലായി ലഭിച്ചതെന്ന് മലയാളികളുടെ അഭിമാനതാരമായ വി. പി സുഹൈർ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ മീഡിയ ടീമുമായി നടത്തിയ ഇന്റർവ്യൂവിനിടെയാണ് വി. പി സുഹൈർ മനസ്സ് തുറന്നത്. 29-കാരനായ താരത്തിനു നേരത്തെ നടന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യൻ ദേശീയ ടീമിൽ ആദ്യമായി ഇടം നേടാനും കഴിഞ്ഞിരുന്നു.
“എന്റെ വീട് പാലക്കാട് ആണ്, പക്ഷെ എനിക്ക് എല്ലായിപ്പോഴും കൂടുതൽ ബന്ധം മലപ്പുറമായാണ് ഉണ്ടായിരുന്നത്. ഞാൻ പ്രഫഷണൽ ഫുട്ബോളിന്റെ ഭാഗമായതെല്ലാം എന്റെ ചെറുപ്പം മുതലേ സെവൻസ് ഫുട്ബോൾ കളിച്ചു വളർന്നത് കൊണ്ടാണ്.”
“സെവൻസ് ഫുട്ബോൾ കൂടുതലും മലപ്പുറം ഭാഗങ്ങളിലാണുണ്ടാവുക, അതിനാൽ എനിക്ക് മലപ്പുറത്തെ ഫുട്ബോൾ പ്രേമികളിൽ നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. മലപ്പുറത്തെ ജനങ്ങൾ ഫുട്ബോളിനെ ആഴത്തിൽ സ്നേഹിക്കുന്നു. എനിക്ക് ഫുട്ബോൾ കളിക്കാനുള്ള എല്ലാവിധ പിന്തുണയും മലപ്പുറത്ത് നിന്നും ലഭിച്ചു.” – സുഹൈർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം isl- ൽ അരങ്ങേറ്റം കുറിച്ച വി.പി സുഹൈർ 4 ഗോളുകൾ, 2 അസിസ്റ്റുകൾ തന്റെ isl കരിയറിൽ നേടി. ഈ മലയാളി താരത്തെ ടീമിലെത്തിക്കുവാൻ നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നുവെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.