ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഴിക്കുന്ന 2011 വേൾഡ് കപ്പ് ,അവിടെ ആ ട്രോഫി നാല് ടീമുകളിലേക്കായി ഒതുങ്ങുന്ന സാഹചര്യം .
ക്രിക്കറ്റ് ലോകവും ,മീഡിയയും മൊഹാലിയിലേക്ക് ചുരുങ്ങുകയാണ് അവിടെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്നു .
രണ്ടു രാജ്യത്തെ ജനങ്ങൾക്കും ഒരു തോൽവിയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ,പത്രങ്ങളും ന്യൂസ് ചാന്നലുകളും കൊടുക്കുന്ന അസാധ്യമായ ഹൈപ്പ് ,അവിടെ തിളങ്ങുന്നവർ ഒരു രാജ്യത്തിൻറെ ഹീറോ ആയി വാഴ്ത്തപ്പെടുന്ന ഓർമ്മകൾ ,ആകാംഷയോടെ നെഞ്ചിടിപ്പോടെ ഇരു രാജ്യത്തെ ക്രിക്കറ്റ് ആരാധകരും മൊഹാലിയിലെ ഇരുപത്തി രണ്ടു വാരയിലേക്ക് അലിയുകയാണ് …
സെമിഫൈനലിന്റെ സമ്മർദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ചങ്കുറപ്പോടെ വീരു തുടങ്ങുന്ന ഇന്ത്യയുടെ ഇന്നിംഗ്സ് ,ഉമർ ഗുല്ലെന്ന ആ ടൂർണമെന്റിലെ പാകിസ്താന്റെ വജ്രായുധത്തെ നാമാവശേഷമാക്കുന്ന തുടക്കം ,സ്കോർബോർഡ് കുതിക്കുന്ന സാഹചര്യത്തിൽ ഷൊഹൈബ് അക്തറിനെ പോലും മാറ്റി നിർത്തി അയാൾക്ക് പകരക്കാരനായി വഹാബ് റിയാസ് എന്ന 26 കാരനെ പാകിസ്ഥാൻ വിശ്വസിക്കുന്ന നിർണായക ദിനം.

തന്റെ ആദ്യ ഓവറിൽ തന്നെ ആ ഇടതുകയ്യൻ വീരുവിനെ മടക്കി അലറുന്ന നിമിഷങ്ങൾ ,മികച്ച തുടക്കം മുതലാക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ മിഡിൽ ഓർഡറിലേക്കയാൾ ഇരച്ചു കയറുന്ന സാഹചര്യം ,സ്വേൾ ചെയ്തു വരുന്നൊരു ഇൻസ്വിങ്ങിങ് യോർക്കറിൽ യുവിയുടെ പ്രതിരോധം തകരുമ്പോൾ അത് ബോളിങിലെ എക്കാലത്തെയും സുന്ദര നിമിഷങലിലൊന്നായി സ്ഥാനം പിടിച്ചിരുന്നു ,അക്തറെന്ന ബോളർക്ക് പകരക്കാരനായി ഇറങ്ങുന്ന തങ്ങളുടെ ബദ്ധവൈരികളായ എതിരാളികളെ നേരിടുന്ന സമ്മര്ദങ്ങള്ക്കിടയിലും അയാൾ ജ്വലിക്കുന്ന ഓർമ്മകൾ .
ഇന്ത്യൻ താരങ്ങൾ അവിടെയും സമ്മർദത്തെ അതിജീവിച്ചു മുന്നേറുമ്പോൾ അയാൾ സ്വന്തമാക്കിയ 5 വിക്കറ്റുകൾ കണക്കുകളിൽ തോൽക്കുകയാണ് ,പക്ഷെ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ വഹാബ് റിയാസെന്ന ആ നാമം അയാൾ കൊത്തിവെയ്ക്കുകയാണ് ..

പിന്നീടദ്ദേഹം വീണ്ടുമൊരു വേൾഡ് കപ്പിനെ തീപിടിപ്പിക്കുന്നുണ്ട് 2015 ലെ ക്വാർട്ടർ ഫൈനലിൽ ആഥിതേയരായ ഓസ്‌ട്രേലിയ 213 എന്ന സാമാന്യം ചെറിയ ടാർഗെറ്റിലേക്ക് ബാറ്റേന്തുമ്പോൾ അയാൾ ഷോർട് ബോളുകളുടെ വന്യതയും മനോഹാരിതയും ക്രിക്കറ്റ് ലോകത്തിന് സമ്മാനിക്കുന്ന ഓർമ്മകൾ ,മണിക്കൂറിൽ 140 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വരുന്ന ഷോർട് ബോളുകളിൽ പകച്ചു നിൽക്കുന്ന ഷെയിൻ വാട്സനെ കൈകൊട്ടിയും ഫ്ളയിങ് കിസ് നൽകിയും പ്രകോപിപ്പിക്കുന്ന വഹാബ്,ആ ഷോർട് ബോളുകളുടെ പരമ്പരയെ അന്നത്തെ ഓസീസ് നായകനായ മൈക്കൽ ക്ലാർക്ക്
one of the best spells i have seen in a long time
എന്ന് വിശേഷിക്കുമ്പോൾ ഒരു വിദേശ ബോളറുടെ ഓസ്‌ട്രേലിയൻ മണ്ണിലെ മികച്ച സ്പെൽ എന്നായിരുന്നു കെവിൻ പീറ്റേഴ്‌സൺ അഭിപ്രായപ്പെട്ടത് ,അവിടെ റിയാസിന്റെ ചേഷ്ടകൾ അതിരുവിട്ടെന്നാരോപിച്ചു ഐസിസി ഫൈൻ പ്രഖ്യാപിക്കുമ്പോൾ
ഇതിഹാസമായ ബ്രയാൻ ലാറ ട്വിറ്ററിൽ ഇങ്ങനെ കുറിക്കുകയുണ്ടായി
I want to meet this guy and i would like to pay the fine imposed on him by icc
ഒരു തീവ്രമായ പോരാട്ട ദിനത്തിൽ ഇതൊക്കെ സ്വാഭാവികമെന്ന് ലാറ ആ ട്വീറ്റിലൂടെ പറയാതെ പറയുകയായിരുന്നു …
പാകിസ്ഥാൻ എന്നാൽ ഫാസ്റ്റ് ബോളേഴ്സിന്റെ ഫാക്ടറിയാണെന്ന ആലങ്കാരിക പ്രയോഗത്തിനോട് നീതി പുലർത്തുന്ന പ്രകടനവുമായി ആ കരിയർ തുടങ്ങിയെങ്കിലും പതിയെ അയാളും അലക്ഷ്യമായി സഞ്ചരിക്കുകയായിരുന്നു പലപ്പോഴും ആ വേഗത അതെ പോലെ നിലനിർത്തിയെങ്കിലും കൃത്യത അകന്നു നിന്നപ്പോൾ പിന്നീടയാൾ ബാറ്റ്‌സ്മാന്മാർക്ക് അത്ര വെല്ലു വിളി ഉയർത്തിയിരുനില്ല ,റെഡ് ബോളിലും വൈറ്റ് ബോളിലും ആരെയും അതിശയപ്പെടുത്തുന്ന പ്രകടനങ്ങളും പിറക്കാതെ വന്നപ്പോൾ ആ ടീമിൽ നിന്ന് തന്നെ അയാൾ പുറത്താകുന്നുണ്ട് …
അപ്പോഴും മകൾ ഐ സി യൂ വിൽ പ്രാണനോട് മല്ലിടുമ്പോൾ കളിക്കളത്തിൽ ഇറങ്ങിയ ,രണ്ടു വേൾഡ് കപ്പിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ സൗന്ദര്യം കാണികൾക്ക് പകർന്നു നൽകിയ വഹാബ് റിയാസ് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് ..