ഒരുകാലത്ത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ടീമുകളെ വിറപ്പിക്കാൻ ശേഷിയുള്ള ടീമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പക്ഷേ എന്നാൽ ഇന്ന് അവർ വെറും പ്രതാപ കാലത്തിൻറെ നിഴൽ മാത്രമാണ്. ഒരു അസോസിയേറ്റ് രാജ്യത്തിൻറെ ടീമിനെ പോലെയാണ് മറ്റു ടീമുകൾ പലപ്പോഴും ശ്രീലങ്കയെ മർദ്ദിക്കുന്നത് നാം കാണുന്നത്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ തലമുറ മാറ്റത്തിന് ശേഷം തീർത്തും ദുർബലമായ ഒരു ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ആയിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ നടക്കുന്ന ടൂർണമെൻറ് തെളിയിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിൽ നിന്നും പ്രതിഭകൾ അങ്ങനെ വറ്റിവരണ്ടു പോയിട്ടില്ല എന്നാണ്.
വേണ്ടിവന്നാൽ അടിക്കാനും എറിയുവാനും ശേഷിയുള്ള താരങ്ങൾ ഇപ്പോഴും ശ്രീലങ്കയിൽ ഉണ്ട് എന്നതിന് തെളിവാണ് സമീപകാല പ്രകടനങ്ങൾ പക്ഷേ അവയെല്ലാം ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമായി പോകുന്നു എന്നതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുത. ധനഞ്ജയ ഡിസിൽവയുടെ ഇന്നത്തെ പ്രകടനം അതിന്റെ തെളിവായിരുന്നു.
6 റൻസുകൾക്കിടെ 2 വിക്കറ്റുകൾ നഷ്ടമായി മറ്റൊരു തകർച്ചയെ അഭിമുഖീകരിക്കുന്ന ശ്രീലങ്ക ,അവിടെ നാലാമനായി ക്രീസിലേക്കെത്തി പോസിറ്റീവ് മനോഭാവത്തോടെ അയാൾ ബാറ്റ് വീശുകയാണ് ,ഏതൊരു മികച്ച ബാറ്റ്‌സ്മാനെയും പോലെ മോശം പന്തുകളെ ബൗണ്ടറിയിലേക്ക് പായിച്ചു തുടക്കത്തിലേ പതർച്ചയിൽ നിന്ന് അവരെ കൈപിടിച്ചുയർത്തുന്ന ധനഞ്ജയ ഡിസിൽവ
മനോഹരമായ ഡ്രൈവുകളും സ്‌ക്വയർ കട്ടുകളും ഡീപ് മിഡ് വിക്കറ്റിനെ കീറിമുറിക്കുന്ന പുൾ ഷോട്ടുകളുമായി കളം നിറയുമ്പോഴും അർഹിച്ച സെഞ്ചുറിക്കരികെ ഒരനാവശ്യ ഷോട്ടിൽ വിക്കറ്റ് വലിച്ചെറിഞ്ഞു മടങ്ങുകയാണ് .91 റൺസ് ആണ് ഡിസിൽവ അത്ര തന്നെ പന്തുകളിൽ നിന്നും നേടിയത്.