ഇന്നലെ നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ പോരാട്ടം മഴമൂലം മാറ്റിവെച്ചിരുന്നു. ഫൈനൽ വേദിയായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കനത്ത മഴ കാരണമാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം മാറ്റിവെച്ചത്. മാറ്റിവെച്ച ഫൈനൽ പോരാട്ടം ഇതേ വേദിയിൽ ഇന്ന് നടക്കും.
അതേസമയം ഇന്നും മഴപെയ്യാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ. എന്നാൽ ഇന്നലത്തെ മഴ പെയ്യാനുള്ള സാധ്യത ഇന്ന് വളരെ കുറവാണ്. ഇന്നലെ 60% ആയിരുന്നു മഴ സാധ്യത. എന്നാൽ ഇന്ന് കേവലം മൂന്ന് ശതമാനം മാത്രമാണ് മഴ സാധ്യതയുള്ളത്.
അതിനാൽ ഇന്ന് ഫൈനൽ മത്സരം നടക്കും എന്ന് പ്രതീക്ഷയിലാണ് ആരാധകർ. മഴ സാധ്യത വളരെ കുറവാണെങ്കിലും ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
ഇന്നലെ ഫൈനൽ മത്സരം വീക്ഷിക്കാൻ പതിനായിരക്കണക്കിന് ആരാധകർ എത്തിയെങ്കിലും മഴമൂലം ടോസ് പോലും നടന്നില്ല. പിന്നീട് രാത്രി 11 മണിയോടെയാണ് മത്സരം നാളേക്ക് മാറ്റി വെച്ചതായി ഐപിഎൽ അധികൃതർ അറിയിച്ചത്.
എന്നാൽ ഇന്നും മഴപെയ്ത് മത്സരം നടന്നില്ലെങ്കിൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കില്ല. ഇന്ന് മത്സരം നടന്നില്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. പോയിന്റ് പട്ടികയിലെ ആധിപത്യമാണ് ഇതിന് കാരണം.