ലയണൽ മെസ്സിയുടെ ഏഴാം ബാലൻ ഡി ഓർ വിജയം ഫുട്ബോളിന്റെ നീതിയാണെന്ന് ബാഴ്സലോണ പരിശീലകനും, ലയണൽ മെസ്സിയുടെ ദീർഘകാല ബാഴ്സ സഹതാരമായിരുന്ന സാവി ഹെർണാണ്ടസ്. ഫ്രാൻസ് ഫുട്ബോൾ സമ്മാനിച്ച 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ലയണൽ മെസ്സിയുടെ വിജയത്തിന് നേരെ ഒരുപാട് അഭിപ്രായങ്ങളാണ് ഉയരുന്നത്.
ലയണൽ മെസ്സിയെക്കാൾ ഈ വർഷം ബാലൻ ഡി ഓർ പുരസ്‌കാരം അർഹിച്ച താരങ്ങൾ വേറെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം. റോബർട്ട് ലെവന്റോസ്കി, കരീം ബെൻസെമ, ജോർജിഞ്ഞോ എന്നിവരാണ് ബാലൻ ഡി ഓർ ഏറ്റവും കൂടുതൽ അർഹിച്ചതെന്നും, മെസ്സിക്ക് ബാലൻ ഡി ഓർ കൊടുത്തത് അനീതിയാണെന്നുമാണ് പല പ്രമുഖരും പറയുന്നത്.
എന്നാൽ ലയണൽ മെസ്സിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ബാഴ്സ പരിശീലകനായ സാവിയാണ്. ലയണൽ മെസ്സിയെ ബാലൻ ഡി ഓർ വിജയിയായി പ്രഖ്യാപിക്കുന്ന നിമിഷം അത് നീതിയാണെന്നാണ് സാവി പറയുന്നത്.
” ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ വിജയം ഫുട്ബോൾ നീതിയാണ്. മറ്റുള്ളവർ അത് അർഹിക്കുന്നുണ്ടെന്ന് നമുക്കും വിചാരിക്കാം, പക്ഷേ അവർ ലയണൽ മെസ്സിയാണ് വിജയിച്ചുവെന്ന് പറയുന്ന നിമിഷം അത് ന്യായമായ നീതിയാണ്.” – എന്നാണ് സാവി ഹെർണാണ്ടസ് പറഞ്ഞത്.
2021-ലെ വനിതാ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ ബാഴ്സയുടെ സ്പാനിഷ് താരമായ അലക്സിയ പുറ്റെല്ലസ്, 2021-ലെ മികച്ച യുവതാരത്തിന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന കോപ ട്രോഫി നേടിയ ബാഴ്സയുടെ സ്പാനിഷ് താരമായ പെഡ്രി ഗോൺസാലസ് എന്നിവരെ സാവി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.