കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗായിൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയുടെ കരാർ നീട്ടിയത് എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയി അറിയിക്കാത്തത്? ഈയൊരു ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ചർച്ചയായത്.
അർജന്റീനിയൻ താരമായ ജോർഹെ പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് ഇനി തിരിച്ചു വരില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയി അറിയിച്ചതോടെയാണ് ആരാധകർ ലൂണയുടെ കാര്യത്തിലും ഭയപ്പെട്ടു തുടങ്ങിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും ഇഷ്ട ട്രിയോ ആയിരുന്ന അൽവരോ വസ്കസ്, പെരേര ഡയസ് എന്നിവർക്ക് പിന്നാലെ ലൂണയും കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് വിട്ടുപോകുമോ എന്നാണ് ആരാധകർ ഭയന്നത്.
നിലവിൽ 2023 വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ള അഡ്രിയാൻ ലൂണ 2025 വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയതായി നിരവധി ശക്തമായ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഒഫീഷ്യൽ അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.
ഈ കാര്യത്തിൽ ആരാധകർക്ക് ആശ്വാസമേകുന്ന വാർത്തയാണ് പ്രശസ്ത ജേർണലിസ്റ്റ് മാർകസ് മെർഗുൽഹോ നൽകിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നായകനായ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇതോടെ ആശ്വാസമായി.
‘ലൂണ വിലപിക്കുകയാണ്, ഇത് അനൗൺസ്മെന്റ് നടത്താൻ യോജിച്ച സമയമല്ല’ എന്നാണ് മാർകസ് പറഞ്ഞത്. നേരത്തെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി തന്റെ മകൾ മരിച്ച വിവരം ലൂണ അറിയിച്ചിരുന്നു, ഇപ്പോഴും ലൂണ സങ്കടത്തിൽ നിന്നും മുക്തനായിട്ടില്ല.
അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി, കഴിഞ്ഞ സീസണിൽ കൈവിട്ടു പോയ ISL കിരീടം നേടിയെടുക്കുവാൻ അഡ്രിയാൻ ലൂണയെന്ന മജീഷ്യൻ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായമണിഞ്ഞു കളിക്കുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.