എല്ലാ സീസണുകളിലേയും പോലെ ഏറെ പ്രതീക്ഷകളുമായാണ് കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. പക്ഷേ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഏറെ നിരാശപ്പെടുത്തിയത് അവരുടെ കുത്തഴിഞ്ഞു പോയ പ്രതിരോധ നിരയുടെ നിരാശാജനകമായ പ്രകടനമായിരുന്നു
ഏറെ പ്രതീക്ഷകളുമായി കൊണ്ടുവന്ന ബക്കാരി കോനെയും സിംബാവേ താരം കോസ്റ്റ നമുൻ സുയിയും വളരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ടുതന്നെ ഈ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തലവേദന പ്രതിരോധനിര പൂർവ്വാധികം ഭംഗിയായി കെട്ടിപ്പടുക്കുക എന്ന തന്നെയായിരിക്കും.
അതിനായുള്ള നീക്കങ്ങൾക്കു ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രതിഭ തെളിയിച്ച ഇന്ത്യൻ താരങ്ങൾക്കു പുറമേ പരിചയസമ്പന്നനായ ഒരു വിദേശ താരത്തിനെ കൂടി പ്രതിരോധനിരയിൽ അണിനിരത്താൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് തീരുമാനിച്ചിരിക്കുന്നത്.
പരിശീലകനെയുംയും സഹ പരിശീലകനേയും നിയമിച്ചത് പിന്നാലെ തന്നെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മുഴുവൻ വിദേശ താരങ്ങളെയും പറഞ്ഞുവിട്ട സ്പോർട്ടിങ് ഡയറക്ടർ ഒരു പരിചയസമ്പന്നനായ വിദേശ താരത്തിനെ കണ്ടെത്തിക്കഴിഞ്ഞു പ്രതിരോധ നിരയിലേക്ക് എന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യൻ ക്വാട്ടയുടെ ആനുകൂല്യം മുതലെടുക്കുവാൻ എന്നവണ്ണം ഓസ്ട്രേലിയൻ സെന്റർ ബാക്കായ അലക്സാണ്ടർ സുസൻജറിനെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് നോട്ടം ഇട്ടിരിക്കുന്നത്.
എന്നാൽ ഓസ്ട്രേലിയൻ താരത്തിനെ ചുറ്റിപ്പറ്റി കേരളബ്ലാസ്റ്റേഴ്സുമായി ഏതാണ്ട് കാരറിലെത്തി എന്ന തരത്തിൽ മുഴങ്ങിക്കേൾക്കുന്ന അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന തരത്തിലും ചില വാർത്തകൾ കേൾക്കുന്നുണ്ട്. ഏതായാലും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിതീകരണം ഉണ്ടാകുന്നത് വരെയും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കകൾ തന്നെയായിരിക്കും
പരിചയസമ്പന്നനായ ഒരു വിദേശ പ്രതിരോധനിര താരത്തിന്റെ സാന്നിധ്യം ലഭ്യമാകുക ആണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വളരെ അനുകൂലമായ ഘടകം ആയിരിക്കും അടുത്ത സീസണിൽ.