നിലവിൽ ഇന്ത്യയുടെ 3 ഫോർമാറ്റിലെയും നായകൻ രോഹിത് ശർമയാണ്. അദ്ദേഹം നിലവിൽ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ചിലപ്പോൾ വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രോഹിത് നായകക്കുപ്പായം അഴിച്ച് വെയ്ക്കും. അങ്ങനെയെങ്കിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരായിരിക്കും.
പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം രോഹിതിന് ശേഷം നായകനാക്കാൻ ഇന്ത്യ രണ്ട് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ്. ഓൾ റൗണ്ടർ ഹർദിക് പാണ്ട്യയും, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ബിസിസിഐ തിരഞ്ഞെടുത്ത രണ്ട് താരങ്ങൾ.
ഇരുവരിൽ ഏതെങ്കിലും ഒരാളെ വരാനിരിക്കുന്ന ടി20 ലോകക്കപ്പിൽ ഇന്ത്യ ഉപനായകനാക്കുമെന്നും ക്രിക്ക്ബസ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ടി20 ലോകക്കപ്പിൽ ഉപനായകനാവുന്ന താരമായിരിക്കും അടുത്ത ഇന്ത്യൻ നായകൻ, മറ്റെയാൾ ഉപനായകനുമാവും.
നിലവിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചിരുന്നത് ഹർദിക് പാണ്ട്യയായിരുന്നു. പാണ്ട്യ രോഹിതിന് ശേഷം അടുത്ത നായകനായി വരുമെന്ന് പലരും ഉറപ്പിച്ചിരുന്നെങ്കിലും തുടരെ തുടരെ പരിക്ക് പറ്റുന്ന താരമായതിനാലും 3 ഫോർമാറ്റിലും ഉപയോഗിക്കാൻ കഴിയാത്ത താരമായതിനാലും പാണ്ട്യയുടെ കാര്യത്തിൽ ചില ആശങ്കകളുണ്ട്.
ഋഷഭ് പന്താവട്ടെ കാറപകടത്തിന് ശേഷം നിലവിൽ കായിക ക്ഷമത തെളിയിച്ചിട്ടുണ്ട്. കൂടാതെ 3 ഫോർമാറ്റിലും ഉപയോഗിക്കാൻ കഴിയുന്ന താരമായതിനാലും പന്താണ് അടുത്ത നായകനാവാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന താരം.