ഫുട്ബോൾ മഹാരാധൻമ്മാർക്ക് പേരുകേട്ട പറങ്കി പടയിൽ നിന്ന് ഒരു നിയോഗം പോലെ ഓൾഡ് ട്രാഫൊർഡിലെ ചെകുത്താൻകോട്ടയിൽ കയറിവന്നു ഇരുളിൻ നിന്നും ഇരുളിലേക്കുള്ള കയങ്ങളിൽ കുതറി വീണുകൊണ്ടിരിക്കുന്ന യുണൈറ്റഡ് നിരയെ തന്റെ ഇരു കാലുകൊണ്ടുമുള്ള ജാലവിദ്യകാട്ടി സർ അലക്സ് ഫെർഗുസൻറെ പടിയിറക്കത്തോടെ നഷ്ടപെട്ട പ്രതാപ കാലം പതുക്കെ പതുക്കെ തിരിച്ചു കൊണ്ടുവന്ന യുണൈറ്റഡിന്റെ യുവ മിഥുനം ബ്രൂണോ ഫെർണാഡെസ്.
ഏതൊരു യുണൈറ്റഡ് ആരാധാകനും ഒരൽപ്പം അഹങ്കാരത്തോടെ തന്നെ എടുത്തു പറയുന്ന പേര് ബ്രൂണോ, മെസ്സിയെയും റൊണാൾഡോയെയും നെയ്മറെയും പോലുള്ള താരങ്ങളില്ലാതെ യൂറോപ്പിൽ കരുത്തു തെളിയിക്കാനാകില്ല എന്ന് പുച്ഛിച്ചു തള്ളുന്നവർക്കു കളം നിറഞ്ഞു കളിച്ചു മറുപടികൾ കൊടുത്തിട്ടുണ്ട് ബ്രൂണോ.
പലപ്പോഴും, തോൽവിയുടെ പടുകുഴിയിൽ നിന്ന് യുണൈറ്റഡ് പ്രീമിയർ ലീഗിൽ മാത്രം നേടിയ 30 പോയിന്റുകളിലും 10 വിജയങ്ങളിലും ബ്രൂണോയുടെ പ്രതിഭാസ്പര്ശമുള്ള ഗോളുകളും അസിസ്റ്റുകളും നിർണായക ടച്ചുകളും ഉണ്ടായിരുന്നു.
ക്രിസ്ത്യാനോ റൊണാൾഡോയുടെ വഴിയേ പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിങ് ലിസ്ബണിൽ നിന്നും 2019-2020 സീസൻ മധ്യേ യുണൈറ്റഡിൽ എത്തിയ ബ്രൂണോ പത്താം സ്ഥാനത്തായിരുന്ന യുണൈറ്റഡിനെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യിപ്പിച്ചത്. ഈ സീസണിലും പതർച്ചയോടെ തുടങ്ങിയ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തു വരേ കൊണ്ടെത്തിക്കുന്നതിലും ബ്രൂണോ വഹിച്ച പങ്കു വിസ്മരിക്കാനാകില്ല.
വാസ്കോഡഗാമ തൊട്ടിങ്ങോട്ട് പേരുകേട്ട കപ്പിത്താൻമ്മാർക്ക് പഞ്ഞമില്ലാത്ത പറങ്കി നാട്ടിൽ നിന്നും ഓൾഡ് ട്രാഫൊർഡിൽ ആടിയുലഞ്ഞ ചെകുത്താൻ കൂട്ടത്തെ തന്റെ കളിമികവ് കൊണ്ടു മുന്നോട്ടു നയിക്കുന്ന കപ്പിത്താനാകുകയാണ് അക്ഷരാത്ഥത്തിൽ ബ്രൂണോ. അർഹിച്ച കരങ്ങളിൽ തന്നെ അംഗീകാരം… അഭിനന്ദനങ്ങൾ ബ്രൂണോ…
Content Highlights: Bruno Fernandes wins the Sir Matt Busby Player of the Year award for the second consecutive season at Manchester United.