നിലവിലെ യൂറോപ്പിന്റെ ജേതാക്കളായ തോമസ് ട്യൂഷലിന്റെ ചെൽസിയെ ഫൈനലിൽ തോൽപ്പിച്ച് കരബാവോ കപ്പ് ഉയർത്തി യുർഗൻ ക്ളോപ്പിന്റെ ലിവർപൂൾ. പെനാൽറ്റി ഷൂട്ട്‌ഔട്ടിന്റെ സഡൻ ഡെത്ത് വരെ നീണ്ട ഫൈനൽ പോരാട്ടത്തിനൊടുവിലാണ് ലിവർപൂൾ വിജയ തീരമണയുന്നത്.
ഇംഗ്ലണ്ടിലെ വെമ്ബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത് മത്സരം ആവേശഭരിതമാക്കി. ഗോളെന്നുറച്ച നിരവധി സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ചെൽസിയെ മത്സരത്തിലുടനീളം നിർഭാഗ്യം വേട്ടയാടി. ഇതിനിടെ രണ്ട് തവണ ലിവർപൂൾ വലയിൽ ചെൽസി പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡടക്കമുള്ള കാരണങ്ങൾ കൊണ്ട് ഗോൾ നിഷേധിക്കപ്പെട്ടു.
ചെൽസി ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ ലിവർപൂളിന് മുന്നിൽ വിലങ്ങുതടിയായി നിന്നത് ചെൽസിയുടെ സെനഗൽ ഗോൾകീപ്പർ എഡൗർഡ് മെൻഡിയാണ്. മത്സരത്തിനിടെ ചെൽസി വലയിൽ ലിവർപൂൾ പന്ത് എത്തിച്ചെങ്കിലും ഓഫ്സൈഡ് വിളിക്കപ്പെട്ടു. ഗോൾരഹിത സമനിലയെ തുടർന്ന് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീണ്ടപ്പോൾ ചെൽസിയുടെ 11-കിക്ക് എടുത്ത ഗോൾകീപ്പർ കെപക്ക് പിഴക്കുകയായിരുന്നു.
ഈ കിരീടവിജയത്തോടെ ആദ്യമായാണ് ലിവർപൂൾ യുർഗൻ ക്ളോപ്പിന് കീഴിൽ കറബാവോ കപ്പ് നേടുന്നത്, ക്ളോപ്പിന് കീഴിൽ ലിവർപൂൾ നേടുന്ന അഞ്ചാമത് ട്രോഫി കൂടിയാണിത്. നേരത്തെ 2019-ൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെയുള്ളവ ആൻഫീൽഡിലെത്തിക്കുവാൻ യുർഗൻ ക്ളോപ്പ് എന്ന ജർമൻ മാന്ത്രികന് കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ ലീഗ് കിരീടത്തിന് പുറമെ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ളവയാണ് സീസണിൽ ലക്ഷ്യമിടുന്നത്.