മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ, ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന്റെ ട്രാൻസ്ഫർ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഇറ്റാലിയൻ അധികൃതർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ലാ ഗസറ്റ ഡെല്ലോ സ്‌പോർട് പറയുന്നതനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറ്റാലിയൻ അന്വേഷകരുടെ മുന്നിൽ ഇരുത്താനും, ഇറ്റലിയിൽ യുവന്റസ് ക്ലബിനൊപ്പം അദ്ദേഹം ചെലവഴിച്ച സമയത്തെ പറ്റി ചോദ്യം ചെയ്യപ്പെടാനും ക്രിസ്റ്റ്യാനോ റൊണാൾഡോ നിർബന്ധിതനാകാം.
ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ പാലിക്കുന്നതിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതടക്കം പല ട്രാൻസ്ഫറുകളും മറ്റും സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് യുവന്റസിനെതിരെ ഉന്നയിച്ച ആരോപണം.
കഴിഞ്ഞയാഴ്ച യുവന്റസിന്റെ ടൂറിനിലെയും മിലാനിലെയും ഓഫീസുകൾ പോലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്, കളിക്കാരുടെ കരാറുകളും ഇൻവോയ്സുകളും സാമ്പത്തിക പ്രസ്താവനകളുമെല്ലാം പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ സംബന്ധിച്ചതിൽ അധികൃതർക്ക് പ്രത്യേക താൽപ്പര്യമുണ്ട്, കാരണം COVID-19 പാൻഡെമിക് ബാധിച്ചപ്പോൾ അദ്ദേഹം ശമ്പളം മാറ്റിവച്ചുവെന്നും, കഴിഞ്ഞ സമ്മറിൽ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നതിനു മുൻപ് ക്രിസ്റ്റ്യാനോക്ക് ഒരു പിരിച്ചുവിടൽ പാക്കേജ് നൽകിയിട്ടുണ്ടെന്നും അധികൃതർ വിശ്വസിക്കുന്നുണ്ട്.
ഇറ്റാലിയൻ ഉപഭോക്തൃ നിരീക്ഷകരായ കോഡകോൺസ് പറയുന്നത്, യുവന്റസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും, ലീഗ് കിരീടങ്ങൾ അവരിൽ നിന്ന് നീക്കം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നുമാണ്.
നേരത്തെ, 2018-ലാണ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തുന്നത്. 2018 മുതൽ 2021 വരെ ഇറ്റാലിയൻ കരുത്തരായ യുവന്റസിനൊപ്പം മൂന്നു വർഷങ്ങൾ ചെലവഴിച്ച ക്രിസ്റ്റ്യാനോ, കഴിഞ്ഞ സമ്മറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.