ഇന്നലെ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 യിൽ ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ സംബന്ധിച്ച് അത്ര നല്ല വാർത്തകളല്ല പുറത്ത് വരുന്നത്. പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ സ്ഥാനം വരെ തെറിച്ചേക്കുമെന്നതാണ് രാഹുൽ ദ്രാവിഡുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ.
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ ആരാധകർ ഒരുപാട് സന്തോഷിച്ചിരുന്നു. രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനിയും ഉയരത്തിൽ എത്തിക്കുമെന്നും ഒരു പാട് യുവതാരങ്ങളെ ദ്രാവിഡ് വളർത്തിക്കൊണ്ട് വരുമെന്നൊക്കെ ആരാധകർ കണക്ക് കൂട്ടിയിരുന്നു.
എന്നാൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ ടീം അത്ര മികച്ച ട്രാക്കിലല്ല. രാഹുൽ ദ്രാവിഡിന്റെ പല തീരുമാനങ്ങളും ആരാധകർക്കും മുൻ താരങ്ങൾക്കും അത്ര ദഹിച്ചിട്ടില്ല. ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തായി എന്ന് മാത്രമല്ല ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം ശരാശരിയിലും താഴെയിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രകടനത്തിന് നേരിട്ട നിലവാര തകർച്ച തന്നെയാണ് ദ്രാവിഡിന്റെ സ്ഥാനം ചോദ്യം ചെയ്യാനുള്ള കാരണം.
അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കാനിരിക്കെ പകരക്കാരുടെ പട്ടികയില്‍ പോലുമില്ലാത്ത ഉമേഷ് യാദവിനെ ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിപ്പിച്ചതും ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ലീഗുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച യുവ ബൗളർമാർ അവസരം കാത്ത് നിൽക്കവെയാണ് ഉമേഷ് യാദവിന് വീണ്ടും അവസരം നൽകിയത് എന്നത് തന്നെയാണ് ആരാധകരെയും പല മുൻ താരങ്ങളെയും ചൊടിപ്പിച്ചത്.
നിലവിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും തൃപ്തരല്ലെന്ന റിപ്പോർട്ടുകളുമുണ്ട്.ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് താന്‍ കോച്ച് ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും സംസാരിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ ഇനിയുള്ള മത്സരങ്ങളിലും ടൂർണമെന്റുകളും മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലക സ്ഥാനം വരെ തെറിക്കാനുമുള്ള സാധ്യതയും ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.