ഐപിഎല്ലിന് ശേഷം നടക്കാനൊരുങ്ങുന്ന ക്രിക്കറ്റ് മഹാമേളയാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ്. ഒരു ലോക കിരീടം നേടിയിട്ടിട്ട് നാളുകളേറിയതിനാൽ ഈ ലോകകപ്പ് ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. കൂടാതെ രോഹിത് ശർമ്മ കരിയറിന്റെ അവസാന നാളുകളിലാണ്. ഇത് വരെ ഒരു ഐസിസി കിരീടം നേടാൻ കഴിയാത്ത രോഹിതിന് ഇതൊരു പക്ഷെ അവസാന അവസരമായിരിക്കാം.അതിനാൽ ഈ ലോക്കപ്പിലേക്ക് ശക്തമായ ടീമിനെ തന്നെയിരിക്കും ഇന്ത്യ ഇറക്കുക.
അടുത്ത മാസമാണ് ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുക. ലോകകപ്പ് ടീമിൽ എല്ലാ പൊസിഷനുകളിലും മത്സരം നടക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന വിക്കറ്റ് കീപ്പർ പൊസിഷനിലേക്കാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം മത്സരരംഗത്തുണ്ട്. ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ഇതിൽ ഋഷഭ് പന്ത് ഏറെക്കുറേ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എന്നാൽ പന്തിന് ബാക്കപ്പായി ആരെ കൊണ്ട് വരും എന്നുള്ളത് ഒരു ചോദ്യമാണ്. സഞ്ജു, രാഹുൽ എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നെണ്ടെങ്കിലും ഇന്ത്യ ഫിനിഷിങ് റോളിലാണ് ഒരു വിക്കറ്റ് കീപ്പറെ അന്വേഷിക്കുന്നത്. കാരണം ടോപ് ഓർഡറിൽ ഇന്ത്യ സമ്പന്നരാണ്. എന്നാൽ ഫിനിഷിങ്ങിൽ ഹർദിക് അടക്കം മോശം ഫോമിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഫിനിഷിങ് കഴിവുള്ള ഒരു വിക്കറ്റ് കീപ്പറെ കൂടി അന്വേഷിക്കുന്നത്.
ഇവിടെയാണ് ധോണിയുടെ സാദ്ധ്യതകൾ ഉയർന്ന് വരുന്നത്. നിലവിൽ ഫിനിഷിങ് റോളിലുള്ള വിക്കറ്റ് കീപ്പർ മാറിൽ മികച്ച സ്റ്റാറ്റസ് ഉള്ളത് ധോണിക്കാണ്. ധോണിയെ ലോകകപ്പ് ടീമിൽ ഉൾപെടുത്താൻ ചില ക്രിക്കറ്റ് വിദഗ്ധരും അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ്. സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു പരിപാടിയിൽ ഇര്‍ഫാന്‍ പത്താനും ആരോണ്‍ ഫിഞ്ചും പോലുള്ളവര്‍ എംഎസ് ധോണിയെ ട്വന്റി20 ലോകകപ്പിനുള്ള ‘വൈല്‍ഡ്കാര്‍ഡ്’ ആക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ധോണിയെ ലോകകപ്പ് ടീമിലേക്ക് എടുക്കുന്നതിനെ പറ്റിയുള്ള സാധ്യതയെക്കുറിച്ച് ക്രിക്ബസിനോട് പറഞ്ഞിരുന്നു.
മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആദം ഗില്‍ക്രിസ്റ്റുമായുള്ള ഒരു സംഭാഷണത്തില്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അത്തരമൊരു തീരുമാനത്തിന് ധോണിയെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് രോഹിത് പറഞ്ഞത്. എങ്കിലും രോഹിത് അടക്കമുള്ളവർക്ക് ധോണിയെ ലോകകപ്പിൽ കളിപ്പിക്കാൻ ആഗ്രഹമുണ്ടെന്നാണ് സൂചനകൾ. എങ്കിലും ഇക്കാര്യത്തിൽ ധോണിയുടെ തീരുമാനം ഏറെ നിർണായകമാണ്.