കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമുണ്ട്. കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്ന് വിളിക്കുന്നത്.
ഇപ്പോൾ ഒരു ആരാധകന് വേണ്ടി ഇവാൻ ആശാൻ ചെയ്ത പ്രവർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ട്രെന്റ് ആവുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വരെ റദ്ദാക്കി ഇവാൻ ആശാൻ ഒരു ആരാധകനു വേണ്ടി കാത്തിരുന്ന സംഭവമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
പ്ലേ ഓഫിൽ ഒഡീഷയോട് പരാജയപെട്ടതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചിരുന്നു. ഇതോടെ താരങ്ങളും സ്റ്റാഫുകളും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പ് കഴിഞ്ഞ് വിമാന ടിക്കറ്റും എടുത്തിരിക്കുകയായിരുന്നു ഇവാൻ വുകോമനോവിച്ച്. എന്നാൽ, കൊല്ലം സ്വദേശിയായ ബ്ലാസ്റ്റേഴ്‌സ് ആരാധകൻ അദ്വൈതിനെ കാണാനായി ഇവാൻ വുകോമനോവിച്ച് വിമാന ടിക്കറ്റ് റദ്ദാക്കി. തുടർന്ന് അഞ്ച് മണിക്കൂർ അദ്വൈതിനായി കാത്തിരുന്നു. ഈ കാത്തിരിപ്പാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെയും ഐ എസ് എൽ ആരാധകരെയും ആവേശത്തിലാക്കിയത്.
അദ്വൈതുമയുള്ള ചിത്രം ബ്ലാസ്റ്റേഴ്‌സ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയകളിൽ പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു.ഇടുപ്പ് എല്ലിലെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു 17 കാരനായ അദ്വൈത്. സീസൺ പൂർത്തിയാക്കി ഇവാൻ ആശാൻ മടങ്ങുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്ന അദ്വൈതിന് കടുത്ത ദുഃഖമായി. ഇതറിഞ്ഞതോടെയാണ് ഇവാൻ വുകോമനോവിച്ച് വിമാന ടിക്കറ്റ് വരെ ക്യാൻസൽ ചെയ്ത് അദ്വൈതിന്റെ വരവിനായി കാത്തിരുന്നത്.
കൊല്ലത്തു നിന്ന് അഞ്ച് മണിക്കൂർ എടുത്തു അദ്വൈത് കൊച്ചിയിൽ ഇവാൻ ആശാന്റെ അടുത്ത് എത്താൻ.ഏതായാലും ആശാന്റെ പ്രവൃത്തിക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല മൊത്തം ഇന്ത്യൻ ആരാധകരും കൈയ്യടിക്കുകയാണ്.