ഐപിഎൽ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം ഇത്തവണ കിരീട പ്രതീക്ഷകളുമായി മികച്ച മുന്നൊരുക്കങ്ങളാണ് സീസണ് മുന്നോടിയായി നടത്തുന്നത്.
ഇതിനിടയിൽ നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പർ കിങ്സിന് ഒരു വമ്പൻ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. അവരുടെ രണ്ട് സൂപ്പർ താരങ്ങൾ നിലവിൽ പരിക്കിന്റെ പിടിയിലാണ്.
ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയ്‌ക്കേറ്റ പരിക്ക് ചെന്നൈയ്ക്ക് നേരത്തെ തിരിച്ചടി നൽകിയിരുന്നു. ഇപ്പോഴിതാ ചെന്നൈയുടെ മറ്റൊരു നിർണായക താരമായ ലങ്കൻ പേസർ മതീഷ പതിരാനയും പരിക്കിന്റെ പിടിയിലാണ്.ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് പതിരാനയ്ക്ക് പരിക്കേറ്റത്.
കോൺവെയുടെ അഭാവം നികത്താൻ രചിൻ രവീന്ദ്രയുണ്ടെങ്കിലും പാതിരാനയുടെ അഭാവം ആര് നികത്തുമെന്നത് ചെന്നൈ ആരാധകർക്ക് മുന്നിലുള്ള വമ്പൻ ചോദ്യമാണ്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തിയ ധോണിയുടെ തുറുപ്പ് ചീട്ട് കൂടിയാണ് പാതിരാന.
അതെ സമയം, പരിക്കേറ്റ കോൺവെയ്ക്ക് ഐപിഎല്ലിലെ ഏറെക്കുറെ മത്സരങ്ങൾ നഷ്ടമാവും. എന്നാൽ പാതിരാനയുടെ പരിക്കിന്റെ സ്ഥിതി പുറത്ത് വന്നാൽ മാത്രമേ താരത്തിന് എത്ര മത്സരങ്ങൾ നഷ്ടമാവുമെന്ന് അറിയുകയുള്ളൂ. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന് സീസണിന്റെ ആദ്യ ചില മത്സരങ്ങൾ നഷ്ടമാവാനാണ് സാധ്യത.