ഇവിടെ പല ചർച്ചകളിലും ഉരുത്തിരിഞ്ഞു വരുന്ന ഒരു വാദമാണ് നല്ല ഫിസീക്ക് ഇല്ലാത്തത് ഒരു റെസ്ലറുടെ പോരായ്മ ആണെന്ന്. ബാക്കി കഴിവുകൾ ഒക്കെ ഉണ്ടെങ്കിലും ഒരു നല്ല ബോഡി ഇല്ലെങ്കിൽ നാലാളുടെ മുന്നിൽ നിർത്തി ഒരു റെസ്ലിങ് സ്റ്റാർ ആണെന്ന് പറയാൻ പറ്റില്ലെന്ന്. ഇതിനെ കുറിച്ച് കുറച്ചു കൂടി ആഴത്തിൽ ഒന്ന് പരതി നോക്കാം.
ഒരു റെസ്ലറിനു ആവശ്യമായ ശാരീരിക ഘടകങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
1. പൊക്കം – അഞ്ചര അടി പൊക്കം ഉള്ള റേ മിസ്റ്റീരിയോ, അഞ്ചടി പത്തിഞ്ച് പൊക്കമുള്ള ഡാനിയൽ ബ്രയാൻ തുടങ്ങി ഏഴടി അടുത്ത് പൊക്കം വരുന്ന അണ്ടർ ടേക്കർ, കെയ്ൻ എന്നിവർ വരെ പ്രൊ റെസ്ലിങ് ചരിത്രത്തിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർ ആണ്. ഒരു റെസ്ലറുടെ പ്രകടനത്തിൽ അവരുടെ പൊക്കം ഒരു പ്രധാന ഘടകം അല്ലെന്ന് തന്നെ പറയാം.
2. ഭാരം – ഇരുനൂറ്റമ്പത് പൗണ്ടിൽ കുറഞ്ഞ ഭാരം ഉള്ളവരൊന്നും റെസ്‍ലേഴ്സ് അല്ലെന്ന് ഒരു പൊതുധാരണ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഗോൾഡൻ ഏറ, ന്യൂ ജനറേഷൻ ഏറ ഒക്കെ എടുത്തു നോക്കിയാലും ഈ ഒരു കാര്യം വളരെ വ്യക്തമാണ്. ഈ ഒരു കാഴ്ചപ്പാട് പൊളിച്ചെറിഞ്ഞത് WCW ഇലേക്കുള്ള ക്രൂയ്സർ വെയ്റ്റുകളുടെ വരവോടെ ആണ്. മെക്സിക്കോയുടെ തനത് റെസ്ലിങ് രൂപമായ ലുച്ച ലിബ്രെ യിൽ നിന്ന് ഉൾക്കൊണ്ട ചടുലമായ നീക്കങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി അവർ അമേരിക്കൻ റെസ്ലിങിന്റെ കാഴ്ചപാടുകൾ മാറ്റിയെഴുതി. കാണികളുടെ മനം കവരുന്നതിന് ഭാരം അല്ലെങ്കിൽ ഭാരക്കുറവ് ഒരു തടസമല്ല എന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു.
3. ശാരീരിക ശക്തി – ഒരു റെസ്ലർക്ക് വളരെയധികം ആവശ്യമായ ഘടകം. പ്രത്യേകിച്ച് ലിഫ്റ്റിങ്ങ് മൂവുകൾ കൂടുതൽ ഉപയോഗിക്കുന്ന റെസ്ലർമാർക്ക്. ഒരു മൂവ് ചെയ്യുവാൻ വേണ്ട ശക്തി ഒരു റെസ്ലർക്ക് കൈമോശം വരികയോ അത് വേണ്ട വിധം ഉപയോഗിക്കാൻ അറിയാതെ വരികയോ ചെയ്യുന്നത് ആ റെസ്ലറിനെയും ഒപ്പം മാച്ച് കളിക്കുന്ന എതിരാളിയെയും പ്രതികൂലമായി ബാധിച്ചേക്കാം. ജാക്ക് ഹാമ്മർ അടിക്കാൻ പോയി എതിരാളിയെ കഴുത്ത് ഒടിയുന്നതിന്റെ വക്കത്ത് എത്തിക്കുക, മുമ്പിൽ നിൽക്കുന്ന റെസ്ലറുടെ മുഖം ഇടിച്ച് പൊട്ടിക്കുക എന്നതൊക്കെ ഇതിൽ പെടുന്നതാണ്. ഒരു പ്രധാനപ്പെട്ട കാര്യം എന്തെന്ന് വെച്ചാൽ ശാരീരിക ശക്തിയും ബോഡി ബിൽഡർ നിലവാരമുള്ള ശരീരവും തമ്മിൽ അഭേദ്യമായ ബന്ധം ഇല്ലെന്നുള്ളതാണ്. വേൾഡ്‌സ് സ്‌ട്രോങ്സ്റ്റ് മാൻ ആയിരുന്ന മാർക്ക് ഹെൻറി ഇവിടെ ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ഫാറ്റ് ആണ്.
4. സ്റ്റാമിന – അഥവാ കാർഡിയോ കണ്ടീഷനിംഗ്. തളർന്നു പോകാതെ നീളമേറിയ മാച്ചുകൾ കളിക്കാനുള്ള കഴിവ്. മികച്ച ഇൻ റിങ്ങ് സ്റ്റോറി ടെല്ലിങ് ഉള്ള ലോങ്ങ് മാച്ചുകൾ കളിക്കുക എന്നത് ഒരു മികച്ച റെസ്ലറുടെ മുഖമുദ്ര ആണ്. മാച്ചിന്റെ ആദ്യാവസാനം തളരാതെ നിന്ന് പെർഫോം ചെയ്യാൻ വേണ്ടി വരുന്ന ഒന്നാണ് സ്റ്റാമിന. അയൺ മാൻ മാച്ച് പോലത്തെ അവസരങ്ങളിൽ തുടങ്ങുമ്പോൾ ഉള്ള ഇൻറ്റെൻസിറ്റി അവസാനം വരെ നില നിർത്തി പോവാനും മികച്ച സ്റ്റാമിന ആവശ്യമാണ്. ഈ പറഞ്ഞ സ്റ്റാമിനയും മുമ്പ് പറഞ്ഞ മസിൽമാൻ ബോഡിയും തമ്മിലും കാര്യമായ ബന്ധം ഇല്ല. ബോഡി ബിൽഡർ ലുക്ക് ഉള്ളവർക്ക് സ്റ്റാമിന വേണമെന്നും ഇല്ല കുടവയറും വെച്ച് നടക്കുന്നവർക്ക് സ്റ്റാമിന കുറവാവണം എന്നുമില്ല. അതുകൊണ്ട് തന്നെ കട്ട ബോഡി ഉള്ള പലരും ഇവിടെ 15 മിനിറ്റ് എന്ന മാച്ച് ടൈം കാണാതിരിക്കുമ്പോൾ കെവിൻ ഓവൻസിനെ പോലെ ഒരാൾ അന്തസ്സായി 30 മിനിറ്റ് അയണ്മാൻ മാച്ച് കളിക്കുന്നു.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എടുത്തു നോക്കിയാലും മസിൽമാൻ ബോഡി ഒരു റെസ്ലർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒരു കാര്യം ആണെന്ന് കാണുന്നില്ല. ബോഡി ബിൽഡർമാർക്ക് നല്ല റെസ്‍ലേഴ്സ് ആവാൻ ആവില്ല എന്നതല്ല പറയുന്നത്. ഒരു പതിറ്റാണ്ട് കാലത്തോളം WWE യുടെ ഫേസ് ആയിരുന്ന ജോൺ സീന ഒരു ബോഡി ബിൽഡർ ആയിരുന്നു. പ്രൊ റെസ്ലിങ് സ്കില്ലുകളും സ്ട്രെങ്ത്തും സ്റ്റാമിനയും ഉള്ള ഒരാൾക്ക് റിപ്പ്ഡ് ആയിട്ടുള്ള ഒരു ബോഡി കൂടെ ഉണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. പക്ഷെ പ്രോറെസ്ലിങിൽ അത്യാവശ്യമായ കഴിവുകൾ ഇല്ലാതെ അല്ലെങ്കിൽ അതൊന്നും നോക്കാതെ ഒരു റെസ്ലർക്ക് കട്ട ബോഡി ഉണ്ടോ എന്ന് മാത്രം നോക്കി വിലയിരുത്തുന്നത് കവർപേജ് നന്നായതുകൊണ്ട് മാത്രം ഒരു പുസ്തകം നല്ലതായിരിക്കും എന്ന് പറയുന്നത് പോലത്തെ ഭോഷത്തരം ആണ്.