കളിക്കളത്തിനകത്തും പുറത്തും ഏറെ വീറും വാശിയും പ്രകടിപ്പിച്ചിരുന്നതായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓരോ മത്സരങ്ങളും. ലോകകപ്പ് ഫൈനൽ മത്സരത്തിനേക്കാൾ ആവേശം ഈ രണ്ടു രാജ്യങ്ങളിലും വിതയ്ക്കുവാൻ ഇന്ത്യ-പാക് മത്സരങ്ങൾക്ക് കഴിഞ്ഞിരുന്നു.
കളിക്കളത്തിലെ മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ പരസ്പരം വാക്കുകൾകൊണ്ട് പോരടിക്കുന്നത് ഓരോ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലേയും സ്ഥിരം കാഴ്ചയാണ്.
വളരെക്കാലം മുൻപേ തന്നെ ഇന്ത്യയിലേയും പാകിസ്ഥാനിലെയും താരങ്ങൾ തമ്മിലുള്ള വാക്കുകൾ കൊണ്ടുള്ള കൈവിട്ട കളി ക്രിക്കറ്റിൽ പ്രകടവും പ്രസിദ്ധവുമാണ്. സമീപകാല ക്രിക്കറ്റിൽ ഇതിന് ഏറ്റവും പ്രസിദ്ധിയാർജിച്ച താരം 2011 ലോകകപ്പിൽ ഇന്ത്യ വിജയ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീർ എന്ന ഉശിരൻ പോരാളിയാണ്.
വരാൻപോകുന്ന ട്വൻറി 20 ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് അരങ്ങേറുകയാണ്. സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടി വേണ്ടിവരും. അതിനു മുന്നോടിയായാണ് ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പു നൽകുന്നത്.
യുവതാരങ്ങളെ ശാന്തരാക്കി നിർത്തുന്നതിൽ സീനിയർ താരങ്ങൾ
പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കളി കൈവിട്ടു പോകും എന്നാണ് ഗംഭീർ ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന ഉപദേശം. പാകിസ്ഥാൻ താരങ്ങൾക്കെതിരെ പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്ന ഗൗതിയിൽ നിന്ന് ഇത്തരത്തിൽ ഒരു ഉപദേശം വന്നത് വളരെ ആവേശത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.