കഴിഞ്ഞ കുറെ കാലങ്ങളായി ആരാധകരെ നിരന്തരം നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ആരാധകരെ സന്തോഷിപ്പിക്കാൻ രണ്ടും കൽപ്പിച്ചു തന്നെയാണ് ട്രാൻസ്ഫർ വിപണിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
യൂണൈറ്റഡ് ആരാധകരുടെ ദീർഘകാല സ്വപ്നമായിരുന്ന ജയ്ഡൻ സാഞ്ചോയെ മോഹവില കൊടുത്തു ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തം കൂടാരത്തിൽ എത്തിച്ചതിന് പിന്നാലെ തന്നെ ആരാധകർ കാത്തിരിക്കുന്ന മറ്റു സൈനിങ്ങുകളിലേക്ക് കൂടി തിരിഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ മാനേജ്മെന്റ്.
ഉടൻതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വക ഒരു ഡബിൾ പ്രഖ്യാപനം ഉണ്ടായിരിക്കും എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ നിന്ന് ഫ്രഞ്ച് താരം റാഫേൽ വരാനെയും മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ഇംഗ്ലീഷ് താരം കീറൻ ട്രിപ്പിയറിനെയും സ്വന്തം കൂടാരത്തിലേക്ക് ഉടൻതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിക്കുമെന്നാണ് നിലവിൽ കിട്ടുന്ന വിവരം.
പാതിവഴിയിൽ തങ്ങൾക്ക് കൈവിട്ടുപോയ തങ്ങളുടെ ഭൂതകാല പ്രൗഢി തിരിച്ചുപിടിക്കാൻ തന്നെയാണ് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ ഇത്തവണ തയ്യാറെടുക്കുന്നത്. മുൻവർഷങ്ങളിലെ പോലെ തന്നെ പിശുക്കു തുടരുവാൻ യുണൈറ്റഡ് മാനേജ്മെൻറ് ഇത്തവണ നിൽക്കുന്നില്ല ആരാധകരുടെ രോഷത്തിനു ഫലമുണ്ടായി എന്നതാണ് ഇത് തെളിയിക്കുന്നത്.
യുണൈറ്റഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു ആ പ്രതിഷേധം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നതാണ് ഈ നീക്കങ്ങൾ തെളിയിക്കുന്നത്.