ആവേശം സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ക്രിക്കറ്റ് ഡോട്ട് കോം എഴുതുന്നു.കിഴക്കൻ ഡെൽഹിയിലെ 10 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള 10 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈസ്റ്റ് ഡെൽഹി പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി ഗൗതം ഗംഭീർ.
ഈയടുത്ത് രഞ്ജിട്രോഫി നിലവാരത്തിലേക്ക് ഉയർത്തിയ ഡെൽഹിയിലെ യമുന സ്പോർട്സ് കോമ്പ്ലക്സിൽ ഈ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് കിഴക്കൻ ഡെൽഹി എം പിയും, മുൻ ഇന്ത്യൻ ഓപ്പണറും കൂടിയായ ഗംഭീറിന്റെ പദ്ധതി.
ഡെൽഹിയിൽ നിന്നുള്ള താരങ്ങൾക്ക് ക്രിക്കറ്റിന്റെ വലിയ സ്റ്റേജിൽ അവസരമൊരുക്കുന്നതിനായിട്ടാണ് ഗംഭീർ തന്നെ നേരിട്ട് മുൻ കൈയ്യെടുത്ത് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
മൂന്ന് അന്താരാഷ്ട്ര താരങ്ങൾ സെലക്ടർമാരുടെ വേഷത്തിൽ ഈ ടൂർണമെന്റുമായി സഹകരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ജാംഗ്പുര, ഒഖ്ല, ത്രിലോക്പുരി, കോണ്ട്ലി, പട്പർഗഞ്ജ്, ലക്ഷ്മി നഗർ, വിശ്വാസ് നഗർ, ഷഹ്ദാര, കൃഷ്ണ നഗർ, ഗാന്ധി നഗർ എന്നീ ടീമുകളാവും ടൂർണമെന്റിൽ മത്സരിക്കുക. കൃത്യമായ സെലക്ഷൻ ട്രയൽസിലൂടെയാവും ഈ ടീമുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുക.