FC ബാഴ്സലോണ എന്ന ഫുട്‍ബോൾ ക്ലബ്ബിനെ കുറിച്ച് ആദ്യം ഏതൊരു ഫുട്‍ബോൾ പ്രേമിയുടെയും മനസ്സിൽ ഓർമ വരുക ലയണൽ മെസ്സിയുടെ പേരാകും എന്ന് തീർച്ച. എന്നാൽ മനസ്സില്ലാമനസ്സോടെ കണ്ണീർവാർത്തു കൊണ്ട് അവൻ ഇനി ബാഴ്സലോണയിൽ താനില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് പടിയിറങ്ങി കഴിഞ്ഞു. ഇനി ബാഴ്സലോണയ്ക്ക് അവൻ അന്യനാണ്. പക്ഷേ കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയത്തിൽ ബാഴ്സലോണ എന്നാൽ അവൻ മാത്രമാണ്
സംഭവബഹുലമായ കാറ്റലോണിയൻ ക്ലബ്ബിൽ പ്രതിഭ ധനൻമ്മാർ പലരും ഉണ്ടായിട്ടുണ്ടെങ്കിലും മെസ്സിയുടെ സ്ഥാനം ഇതൊനൊക്കെ വലുതായിരുന്നു. യോഹാൻ ക്രൈഫ്, റൊണാൾഡോ, മറഡോണ, ഇനിയേസ്റ്റ, സാവി, പുയോൾ, ബുസ്കെറ്റ്സ്, റൊണാൾഡിനോ, റൊണാൾഡ് കൂമൻ, റിവാൾഡോ, സാമുവൽ ഏറ്റു, റൊമാരിയോ തുടങ്ങിയ അത്ഭുത പ്രതിഭകൾ മാറ്റുരച്ച ന്യൂ കാമ്പിൽ പാദമുദ്രകൾ ഏറ്റവും ആഴത്തിൽ പതിപ്പിച്ചത് മെസ്സി ആണെന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല.
ബാഴ്‌സലോണ പലകുറി വീണിടത്തു നിന്ന് മെസ്സി അവരെ കൈപിടിച്ചുയർത്തിയിട്ടുണ്ട്. ക്ലബ് മത്സരങ്ങളിലെ ഏറ്റവും ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായ എൽ ക്ലാസിക്കോയിൽ എത്ര തവണയാണ് അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചിട്ടുള്ളത്. ഹാട്രിക്കുകൾ ആയും പരാജയ ഭീതിയിൽ ഉഴലുന്ന സ്വന്തം ക്ലബ്ബിനെ തന്റെ ഇടം കാലൻ മാന്ദ്രികതയാൽ തിരിച്ചു കൊണ്ട് വന്നപ്പോഴും എല്ലാം രക്ഷകന്റെ പരിവേഷമുള്ള ദൈവ പുത്രനാകുകയായിരുന്നു മെസ്സി അവിടെ.
ബാഴ്‌സലോണക്കായി 121 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ കിരീടങ്ങൾ, എന്നിങ്ങനെ അവിശ്വസനീയമായ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച മെസ്സി, തങ്ക ലിപികളിലാണ് തന്റെ പേര് ന്യൂ കാമ്പിൽ കുറിച്ച് വെച്ചത്.
റെക്കോർഡുകൾ തകർത്തു മുന്നേറുന്ന മെസ്സിയെ യാണ് സമീപകാല ചരിത്രത്തിൽ നമുക്ക് കാണാനായത്. പെലെയുടെ സാന്റോസിനൊപ്പം നേടിയ റെക്കോർഡ് തകർത്തു മെസ്സി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് തന്റെ പേരിൽ കുറിക്കുമ്പോൾ ലോകം മുഴുവൻ അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവത്തെ വാഴ്ത്തിയിരുന്നു.
കളിക്കളത്തിലെ സൗമ്യൻ,എതിരാളികളുടെ പേടി സ്വപ്നം ,പ്രതിരോധ ഭടൻമാരുടെ ഉറക്കം കെടുത്തി ,ഗോൾ വല കാക്കുന്നവരുടെ തീരാ തലവേദന അങ്ങനെ വാഴ്ത്തപ്പെട്ട വിശേഷണങ്ങൾ പലതാണ് മെസ്സിക്ക്. മെസ്സി മുന്നിൽ നിന്ന് നയിക്കുമ്പോൾ പിന്നിൽ നിൽക്കുന്ന കളിക്കുന്ന കളിക്കാർക്ക് പ്രതേക ഊർജമാണെന്നു പലകുറി ബാഴ്‌സ അര്ജന്റീന താരങ്ങൾ പറഞ്ഞു നമ്മൾ കേട്ടതാണ്. ഡ്രസിങ് റൂമിൽ മെസ്സിയോളും ഇമ്പാക്ട് ഉണ്ടാക്കിയ കളിക്കാർ ചുരുക്കമായിരിക്കും.
എന്നും ഒന്നാമനാകാൻ ചാമ്പ്യൻ ആകാൻ കൊതിക്കുന്ന 34 വയസിലും മധുര പതിനെഴിന്റെ ചെറുപ്പം കത്ത് സൂക്ഷിക്കുന്ന മെസ്സിയുടെ കാൽപ്പന്തു പ്രേമികൾക്ക് ചിരപരിചിതമായ റെക്കോർഡുകൾ പറഞ്ഞു തീർക്കാൻ കഴിയില്ല