കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്യണ്ടി വന്ന മുംബൈ ഇന്ത്യൻസ് ഇത്തവണ തിരിച്ച് വരവ് ലക്ഷ്യമാക്കി തന്നെയാണ് ഇറങ്ങുന്നത്. കഴിഞ്ഞ താരലേലത്തിൽ അത് മുൻകൂട്ടി കണ്ടാണ് മുംബൈ താരങ്ങളെ വിളിച്ചെടുത്തത്. കഴിഞ്ഞ താര ലേലത്തിൽ മുംബൈ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഓസിസ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ. 17.50 കോടിയാണ് താരത്തിനായി മുംബൈ ചിലവഴിച്ചത്.
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ താരത്തിന് പരിക്കേറ്റത് മുംബൈയുടെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിരുന്നു. താരത്തിന് ഐപിൽ നഷ്ടമാവുമോ എന്ന ആശങ്ക പോലും ആരാധകർക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ആരാധകരുടെ ആശങ്ക അവസാനിക്കുകയാണ്.
പരിക്കിന്‍റെ പിടിയിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്. ഇന്ത്യൻ – ഓസിസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് താരമുണ്ടാകുമെന്ന അറിയിപ്പ് വന്നത് ഓസിസിനും മുംബൈ ആരാധകർക്കും ആശ്വാസം നൽകുന്ന വാർത്തയാണ്.
ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഗ്രീന്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചരിക്കുകയാണ്. മത്സരത്തിന് 100 ശതമാനം തയ്യാറാണെന്ന് ഗ്രീന്‍ തന്നെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടേയാണ് ഗ്രീനിന്‍റെ കൈവിരലിന് പരിക്കേറ്റത്. ഇതിന് ശേഷം ബൗളിംഗ് പുനരാരംഭിക്കാന്‍ വൈകിയതാണ് ഗ്രീനിന്‍റെ തിരിച്ചുവരവ് വൈകിപ്പിച്ചത്.
അതെ സമയം, നായകൻ പാറ്റ് കമ്മിൻസ് മടങ്ങിയതോടെ ഇന്‍ഡോര്‍ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താകും ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.