മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾഡൻ ബോയ് എന്ന് വിശേഷണമുള്ള ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡിനെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തു. മേസൺ ഗ്രീൻവുഡിന് നേരെ കഴിഞ്ഞ ദിവസമാണ് യുവതി പീഡനാരോപണം ഉയർത്തിയത്.
ഗ്രീൻവുഡ് തനിക്ക് നേരെ ചെയ്തതെന്ന് ആരോപിച്ച് ഗ്രീൻവുഡിന്റെ ഗേൾഫ്രണ്ടായ ഹാരിയറ്റ് റോബ്സൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ഓഡിയോകളും മറ്റുമെല്ലാത്തിനെയും അടിസ്ഥാനമാക്കിയാണ് ബലാത്സംഗത്തിനും ആക്രമണത്തിനും സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്‌തത്.
എന്നാൽ അൽപ്പം സമയങ്ങൾക്ക് ശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി റോബ്സൺ ഡിലീറ്റ് ചെയ്‌തുകളഞ്ഞു. എങ്കിലും ഫുട്ബോൾ ലോകത്ത് പെട്ടെന്ന് പടർന്നു പിടിച്ചതോടെയാണ് ഈ വിഷയം വളരെയധികം ശ്രേദ്ദേയമായി മാറുന്നത്.
20-കാരനായ മേസൺ ഗ്രീൻവുഡ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു വിഷയം ഒരുപക്ഷെ ഗ്രീൻവുഡിന്റെ ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലെ സ്ഥാനത്തെ സാരമായി ബാധിച്ചേക്കും.
ഈ വിഷയം അന്വേഷിക്കുന്നതിനിടെ ഗ്രീൻവുഡിനെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചു കൊണ്ട് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പ്രസ്താവന പുറത്തുവിട്ടു. ഈ പ്രസ്താവനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പേര് പ്രത്യേകമായി പരാമർശിച്ചിട്ടില്ല.
‘അന്വേഷണങ്ങളെത്തുടർന്ന്, 20 വയസ്സുള്ള ഒരാളെ ബലാത്സംഗത്തിനും ആക്രമണത്തിനും സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണങ്ങൾ നിലവിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.’ – ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പുറത്ത് വിട്ട പ്രസ്താവനയിലെ ചില വാക്കുകളാണിത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീൻവുഡ് പരിശീലനത്തിലേക്കോ മത്സരങ്ങളിലേക്കോ തിരിച്ചു വരില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്.