2024 സീസണിലേക്കുള്ള ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ഹാർദിക്ക് പാണ്ട്യയെ തിരിച്ചെത്തിക്കുന്നു എന്നുള്ള വാർത്തകൾ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഐപിഎൽ ലേലത്തിന് മുന്നോടിയായി മറ്റു ടീമുകളിൽ നിന്ന് താരങ്ങളെ ‘ട്രേഡ്’ വഴി ടീമിലെത്തിക്കാമെന്ന നിയമമുണ്ട്. ഈ നിയമം ഉപയോഗിച്ചാണ് മുംബൈ ഹാർദിക്കിനെ തിരിച്ചെത്തിക്കുന്നത് എന്നതായിരുന്നു പ്രചരിച്ച വാർത്ത.
എന്നാൽ ആദ്യ ഘട്ടത്തിൽ ഈ വാർത്ത പലരും വിശ്വസിച്ചിരുന്നില്ല. കാരണം വിശ്വാസയോഗ്യമായ പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോഴിതാ പ്രമുഖ കായിക മാധ്യമമായ ക്രിക്കിൻഫോ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.
ട്രേഡ് ഓപ്ഷൻ വഴി മുംബൈ ഹർദിക്കിനെ തിരിച്ചെത്തിച്ചിരിക്കുന്നു എന്ന വാർത്ത ക്രിക്ക് ഇൻഫോ സ്ഥിരീകരിച്ചിരിക്കുകയാണ്. 15 കോടി രൂപയ്ക്കാണ് മുംബൈ ഗുജറാത്ത് നായകനെ വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്.
2015 മുതൽ 2021 വരെ മുംബൈയ്ക്കായി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് ഹർദിക്ക്.2021 ലാണ് താരത്തെ മുംബൈ റിലീസ് ചെയ്യുന്നത്. പിന്നീട് ഐപിഎല്ലിലെ പുതുമുഖക്കാരായ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ പാണ്ട്യ പ്രഥമ സീസണിൽ തന്നെ അവരെ ചാമ്പ്യൻ മാരാക്കുകയും കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിക്കുകയും ചെയ്തിരുന്നു.
അതെ സമയം, ഹാർദിക്കിനെ സ്വന്തമാക്കുമ്പോൾ മുംബൈ ആരെയാണ് ഗുജറാത്തിന് കൈമാറുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുംബൈ നായകൻ രോഹിത് ശർമയെ ഗുജറാത്തിന് നൽകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വരും മണിക്കൂറുകളിൽ വ്യക്തത വരും.