നിലവിൽ ഇന്ത്യയുടെ നായകൻ രോഹിത് ശർമയാണ്. കരിയറിന്റെ അവസാന നാളുകളിലൂടെ കടന്ന് പോകുന്ന രോഹിത് ഉടനെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം രാജിവെക്കും. പകരം ഹർദിക് പാണ്ട്യയായിരിക്കും ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ.
അടുത്ത നായകനായി ബിസിസിഐ വളർത്തി കൊണ്ട് വരുന്നതും ഹർദികിനെയാണ്. അതിന്റെ തെളിവാണ് അദ്ദേഹത്തെ ടി20 ലോകകപ്പിന്റെ ഉപനായകനാക്കിയത്. എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യ രോഹിതിന് ശേഷം നായകനാക്കാനിരുന്നത് ഹർദിക്കിനെയല്ല, മറിച്ച് മറ്റൊരു യുവതാരത്തെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്.
നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ ശ്രേയസ്സ് അയ്യറിനെയാണ് ബിസിസിഐ രോഹിതിന് ശേഷം നായകനാക്കാനിരുന്നതെന്നാണ് എംഎസ്കെ പ്രസാദിന്റെ വെളിപ്പെടുത്തൽ. നേരത്തെ ഇന്ത്യ എ യുടെ നായകനായിരുന്നു ശ്രേയസ്. അന്ന് ശ്രേയസ്സിന്റെ കീഴിൽ ഇന്ത്യ എ കളിച്ച പത്ത് മത്സരങ്ങളിൽ എട്ടിലും വിജയിച്ചെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.
രോഹിതിന് ശേഷം ഞങ്ങളുടെ കണ്ണുകൾ എത്തിയത് ഋഷഭ് പന്തിലേക്കും ശ്രേയസ് അയ്യറിലെക്കുമാണ്. എന്നാൽ ക്യാപ്റ്റൻസിയിൽ പന്തിനേക്കാൾ ഒരുപടി മികച്ച് നിൽക്കുന്നവനാണ് അദ്ദേഹമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നുവെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.
അതെ സമയം, ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനാൽ അയ്യരെയും ഇഷാൻ കിഷനെയും ഈ അടുത്താണ് ബിസിസിഐ വാർഷിക കരാറിൽ നിന്നും ഒഴിവാക്കിയത്.