ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തിയ സെർബിയൻ പരിശീലകനായ ഇവാൻ വുക്കുമാനോവിച് ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ യുവതാരങ്ങളുടെ
സ്വഭാവത്തിനെ പറ്റിയും കഴിവിനെപ്പറ്റിയും എല്ലാം അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.
നിരവധി യുവതാരങ്ങളെ വളർത്തിയെടുത്ത പരിചയം കൂടിയുണ്ട് ഈ പരിശീലകന്. കേരള ബ്ലാസ്റ്റേഴ്സിന്റെ വികസനത്തിന് അപ്പുറം ഇന്ത്യൻ ഫുട്ബോളിന്റെ സമൂലമായ വികസനത്തിന് അദ്ദേഹം ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളെപ്പറ്റി അദ്ദേഹത്തിന് വളരെ വലിയ മതിപ്പാണ്. ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ വളരെ ലളിതമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. അവർക്ക് പുതിയ സാഹചര്യങ്ങളെയും തന്ത്രങ്ങളെയും സ്വാംശീകരിക്കാനും സ്വായത്തമാക്കാനുള്ള ഒരു ശേഷിയുണ്ടെന്ന് അദ്ദേഹം പറയുന്നു

ബൽജിയത്തിൽ ഫുട്ബോൾ വികസനം സാധ്യമായ അതേ മാതൃകയിൽ കൂടി മാത്രമേ ഇന്ത്യൻ ഫുട്ബോളിനെയും വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ബെൽജിയത്തിൽ ഫുട്ബോൾ വികസനം സാധ്യമായത് അവരുടെ യൂത്ത് ഡെവലപ്മെൻറ് പ്രോഗ്രാമിലൂടെ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു.
അതേ മാതൃകയിൽ ഉള്ള യൂത്ത ഡെവലപ്മെൻറ് പ്രോഗ്രാം ഇന്ത്യൻ സാഹചര്യങ്ങളിലും അവതരിപ്പിച്ചാൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയുടെ വേഗത കൂടും എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിലേക്ക് മികവുള്ള യുവതാരങ്ങളെ സംഭാവന ചെയ്യുകയാണ് തന്റെ ലക്ഷ്യം എന്നുകൂടി അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തെ ഫുട്ബോൾ വികസനം സാധ്യമാകണമെങ്കിൽ ലോവർ ഡിവിഷൻ ക്ലബ്ബുകളിലെ താരങ്ങളുടെ വികസനം സാധ്യമാകണം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. താഴ്ന്ന ലീഗുകളിലെ താരങ്ങൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകുകയും താഴ്ന്ന ലീഗുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്താൽ മികച്ച താരങ്ങളെ കണ്ടെത്തി വ്യക്തമായ പരിശീലനം കൊടുത്ത് ക്രമാനുഗതമായി അവരെ ദേശീയ ടീമിലേക്ക് എത്തിക്കുന്നതിലൂടെ ഒരു വികസനവും സാധ്യമാകും എന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള ടോപ് ഡിവിഷൻ ലീഗുകളുടെ വികസനത്തിനൊപ്പം ലോവർ ഡിവിഷൻ ക്ലബ്ബുകളുടെ കൂടി വികസനം സാധ്യമായാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന്റെ വികസനം സാധ്യമാകുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഫുട്ബോൾ വികസനത്തിനുള്ള അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദേശവും ഇതുതന്നെയാണ്