ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ക്ലബ്ബുകളെ വെളിപ്പെടുത്തിയിരിക്കുകയാണ് ബോറുസിയ ഡോർട്ട്മുണ്ടിന്റെ നോർവേ യുവതാരമായ എർലിംഗ് ബ്രൂട് ഹാലൻഡ്. ESPN-നോട് സംസാരിക്കുന്നതിനിടെയാണ് എർലിംഗ് ഹാലൻഡ് തന്റെ പ്രവചനം നടത്തിയത്.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോററായ എർലിംഗ് ഹാലൻഡിന്റെ ടീമായ ബോറുസിയ ഡോർട്ട്മുണ്ട് പുറത്തായിരുന്നു. എങ്കിലും യൂറോപ്പ ലീഗ് കിരീടം ലക്ഷ്യം വെച്ച് കൊണ്ടാണ് ബോറുസിയ ഡോർട്ട്മുണ്ട് ഇനി ബൂട്ടുകെട്ടുക.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ആര് നേടുമെന്ന ചോദ്യത്തിന് ഹാലൻഡ് നൽകിയ മറുപടി ഇങ്ങനെയാണ് : “മാഞ്ചസ്റ്റർ സിറ്റി, പാരിസ് സെന്റ് ജർമയിൻ, റയൽ മാഡ്രിഡ് ഈ മൂന്നു ടീമുകളിലൊരു ടീം ഈ സീസൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്നാണ് ഞാൻ കരുതുന്നത്.” – എർലിംഗ് ഹാലൻഡ് പറഞ്ഞു.
2024 വരെ ബോറുസിയ ഡോർട്ട്മുണ്ടുമായി നോർവേ യുവതാരത്തിന് കരാറുണ്ടെങ്കിലും 2022 സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ്ബ് വിട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 60-75മില്യൺ യൂറോ റിലീസ് ക്ലോസുള്ള താരത്തിനു വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകളാണ് രംഗത്തുള്ളത്.