കഴിഞ്ഞ ഒരു ദശകത്തിലേറെയായി ലോകഫുട്ബോളിലെ അതികായൻമാരായി വിശേഷിപ്പിക്കപ്പെടുന്നവരാണ് പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീന താരം ലയണൽ മെസ്സിയും. ചരിത്രവും പാരമ്പര്യവും പേറുന്ന എൽക്ലാസിക്കോ മത്സരങ്ങളുടെ വീറും വാശിയും വർദ്ധിപ്പിക്കുവാൻ ഈ രണ്ടു സൂപ്പർ താരങ്ങളും ഇരു ടീമുകളിലായി ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും ഉണ്ടായിരുന്നു അടുത്തകാലംവരെ.
എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക് പോയതിൽ പിന്നെ എൽക്ലാസിക്കോ മത്സരങ്ങൾക്ക് പഴയ താരപ്പെരുമ ഉണ്ടായിരുന്നില്ല.
ഫുട്ബോൾ പ്രേമികളുടെ ആരാധക ഹൃദയത്തിൽ അത്രയേറെ ആഴത്തിൽ ഈ രണ്ട് സൂപ്പർതാരങ്ങളും പതിഞ്ഞു പോയിരുന്നു. രണ്ട് ടീമുകൾക്ക് ലഭിക്കുന്നതിനേക്കാൾ വളരെയധികം ആരാധകവൃന്ദത്തെ സൃഷ്ടിക്കാനുള്ള ശേഷി ഈ താരങ്ങൾക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഈ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ആരാധകർക്ക് അതൊരു ആഘോഷം തന്നെയാണ്. എൽക്ലാസിക്കോ മത്സരങ്ങളിൽ ഈയൊരു സൂപ്പർ പോരാട്ടം കാണുവാൻ കഴിയില്ല എന്നതിൻറെ പരിഭവം തീർക്കുവാൻ ഫുട്ബോൾ പ്രേമികൾക്ക് ഇത് മറ്റൊരു അവസരം വന്നിരിക്കുകയാണ്.
ഓഗസ്റ്റ് എട്ടാം തീയതിയിൽ നടക്കുന്ന ഗാംമ്പർട്രോഫി മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ യുവന്റസും സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള ഐതിഹാസിക പോരാട്ടം വീണ്ടും കാണുവാൻ നമുക്ക് ഒരു അവസരം ലഭിക്കുകയാണ്.
മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ കാണികൾക്കു പ്രവേശനം ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. ഏതായാലും ടെലിവിഷൻ സ്ക്രീനുകളിൽ കൂടിയെങ്കിലും ആരാധകർക്ക് വീണ്ടും ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ത്രസിപ്പിക്കുന്ന പോരാട്ടം കാണുവാനുള്ള അവസരം ഒരിക്കൽക്കൂടി ലഭിക്കുകയാണ്.