ഭാവിയിലെ ഇതിഹാസം എന്ന് ബ്രസീലിയൻ ഫുട്ബോൾ പണ്ഡിതരും മാധ്യമങ്ങളും വാഴ്ത്തുന്ന കായി ജോർജ് എന്ന യുവ താരത്തിനെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കാനുള്ള എല്ലാ അണിയറ നീക്കങ്ങളും ഇറ്റാലിയൻ ക്ലബ് യുവന്റസ് തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.
അധികമാർക്കും അറിയില്ലെങ്കിലും ഇറ്റാലിയൻ ക്ലബ് യുവന്റസിന് ശക്തമായ വേരുകളുള്ള ഒരു രാജ്യമാണ് ബ്രസീൽ. യുവന്റസിനായി മുമ്പ് കളിച്ചിരുന്ന പല വിരമിച്ച ഫുട്ബോൾ താരങ്ങളുമായും ബ്രസീലിലെ ചില ഫുട്ബോൾ ഏജൻസികളുമായും യുവന്റസിന് വളരെ അടുത്ത ബന്ധമാണുള്ളത്.
ഫുട്ബോൾ ദൈവം പെലെ മുതൽ നെയ്മർ ജൂനിയർ വരെയുള്ള താരങ്ങളെ വളർത്തിയെടുത്തത് സാൻഡോസ് എന്ന ക്ലബ് തന്നെയാണ് കായി ജോർജ് എന്ന ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സെൻസേഷനേയും വളർത്തിയെടുത്തത്.
നിലവിൽ ലോകഫുട്ബോളിലെ ഈയൊരു പ്രായത്തിലുള്ള ഏറ്റവും മികച്ച യൂട്ടിലിറ്റി പ്ലെയർ എന്ന് താരത്തിന് വിശേഷിപ്പിക്കാം. സെന്റർ ഫോർവേഡ് ആയാണ് താരം നിലവിൽ ബ്രസ്സീലിയൻ ക്ലബ്ബിൽ കളിക്കുന്നത് എങ്കിലും ഏതു പൊസിഷനിലും മാറിമാറി കളിക്കാനുള്ള ഒരു വൈദഗ്ധ്യം അദ്ദേഹത്തിന് ഈ ചെറിയ പ്രായത്തിൽ തന്നെ ഉണ്ട്.
ഡിസംബറോടെ ആയിരിക്കും അദ്ദേഹം യുവന്റസിലേക്ക് കൂടു മാറുക. ഇറ്റാലിയൻ ക്ലബ്ബിൽ അദ്ദേഹത്തിന് മതിയായ അവസരം ലഭിക്കുമെന്ന് തന്നെയാണ് ഫുട്ബോൾ വിദഗ്ധർ പൊതുവേ വിലയിരുത്തുന്നത്. യൂറോപ്യൻ ഫുട്ബോളിന്റെ അനുഭവപരിചയം കൂടി ഈ ലാറ്റിനമേരിക്കൻ താരത്തിനു ലഭിക്കുകയാണെങ്കിൽ നാളെയുടെ ഇതിഹാസമായി മാറുവാൻ തീർച്ചയായും ഈ താരത്തിന് കഴിയും.