സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് അഞ്ജന സുരേന്ദ്ര ബാബു എന്ന പെൺകുട്ടിയുടെ കുറിപ്പ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പറ്റി വലിയ പിടിയില്ലാത്ത താൻ പിന്നീട് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകയായി മാറിയ അനുഭവമാണ് അഞ്ജന സുരേന്ദ്ര ബാബു എന്ന യുവതി പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഒക്ടോബർ 22 നാണ് അഞ്ജന ഈ കുറിപ്പ് ഫേസ്‍ബുക്കിൽ കുറിച്ചത്. ഈ കുറിപ്പ് ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. കൊല്ലം സ്വദേശിയായ അഞ്ജന സുരേന്ദ്രബാബു തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തിങ്ക്പാം ടെക്‌നോളജീസ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന അഞ്ജന എഴുതിയ കുറിപ്പ് വായിക്കാം.
നിങ്ങള്‍ എന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആക്കി
വര്‍ഷം 2019- പന്ത്രണ്ട് വയസ്സുള്ള കുഞ്ഞൂസിന്റെ മേല്‍നോട്ടത്തിലാണ് ആദ്യമായി ഞാന്‍ ഒരു കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം കാണുന്നത്. മണവാളന്‍ പറയുന്നത് അമ്പരപ്പോടെ കേട്ടിരുന്ന ധര്‍മേന്ദ്രയെ പോലെ അവന്റെ കമന്ററി കേട്ടിരുന്ന് ഞാനാ കളി കണ്ടു. കളിയും കളിക്കാരെയും ഒന്നും കാര്യമായി പിടികിട്ടിയില്ലയെങ്കിലും കൂട്ടുകാരോടൊപ്പം ആ സീസണ്‍ കളി കാണാന്‍ പോകാന്‍ ഞാന്‍ കരുനീക്കം നടത്തി നോക്കി. സംഭവം നൈസായി പാളി പോയി.പിന്നെ വന്ന കൊറോണ കാലത്ത് ‘KBFC യും ടോമി യും CSK യും ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങള്‍” എന്നു പറഞ്ഞ കൂട്ടുകാരനുമായി ലൈഫ് സെറ്റ് ആയിരിക്കുമ്പോഴാണ് അടുത്ത ISL സീസണിന്റെ വരവ്. നടക്കുമോ എന്നു തന്നെ സംശയിച്ചിട്ട് ഒടുക്കം ബയോബബിളും കാണികള്‍ ഇല്ലാത്ത സ്റ്റേഡിയവുമൊക്കെയായി കാലം തെറ്റി വന്നോരു ISL.
പ്ലേഓഫ് കാണാതെ കേരളം പത്താമതായി ഫിനിഷ് ചെയ്ത ആ സീസണ്‍ ആണ് എന്റെ കന്നി മുഴുനീള ISL സീസണ്‍. ഇരുപത്തി അഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ പോയി ആ സീസണ്‍ എല്ലാ മാച്ചും ഞങ്ങള്‍ ഒന്നിച്ച് കണ്ടു. ബൈക്ക് റൈഡും വിധ വിധമായ പ്രിംഗിള്‍സ് ഫ്‌ലേവറുകളും ഹൈലൈറ്റ് ചെയ്ത് നിന്നെങ്കിലും അത്യാവശ്യം കളി നിയമങ്ങളും കളിക്കാരെയും ഒക്കെ ഞാന്‍ പഠിച്ചെടുത്തു.കാര്യ കാരണങ്ങള്‍ ഒന്നും അറിയില്ലെങ്കിലും ബംഗളുരു എഫ് സി യും ATKMB യും നമ്മുടെ ശത്രുക്കള്‍ ആണെന്ന ബാലപാഠം ഞാന്‍ ഉള്‍ക്കൊണ്ടു. രാഹുല്‍ കെ പി BFC യ്ക്ക് എതിരെ എക്‌സ്ട്രാ ടൈമില്‍ കിലോമീറ്റര്‍ കണക്കിന് ഓടി വന്ന് അടിച്ച ഗോള്‍, ഗാരി ഹൂപ്പര്‍ ദൂരെ എങ്ങോ പോയി നിന്ന് സിംപിള്‍ ആയിട്ട് അടിച്ചു കേറ്റിയ ഗോള്‍, ഫഹദ് ഫാസിലിനെ പോലിരിക്കുന്ന ഫക്കുണ്ടോ പെരേര എടുക്കുന്ന അസാധ്യ കോര്‍ണറുകള്‍ അങ്ങനെ എനിക്കും ഓര്‍ത്തു വയ്ക്കാന്‍ കുറച്ച് മാച്ച് മൊമെന്റ്‌സും പൊതിഞ്ഞു എടുത്ത് ആ സീസണ്‍ കണ്ട് അവസാനിപ്പിച്ചു.അടുത്ത സീസണും കൊറോണ കൊണ്ടു പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും കല്യാണം കഴിഞ്ഞ് വരുന്ന ആദ്യ സീസണ്‍ ആയത് കൊണ്ട് കലൂരില്‍ ഒന്നിച്ചൊരു ഹോം മാച്ച് എന്ന സ്വപ്നം ഞങ്ങള്‍ പൊടി തട്ടി പുറത്തെടുത്തു വച്ചു. ഈ വട്ടം ഞാന്‍ കുറച്ചുകൂടി അപ്‌ഡേറ്റടായിരുന്നു. സൈനിങ് പോസ്റ്ററുകള്‍ കണ്ട് കോച്ച്, അല്‍വരോ, ലൂണ തുടങ്ങിയവരെ ഫോട്ടോ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന പരുവമായി.
കഴിഞ്ഞ സീസണ്‍ വരെ നമ്മള്‍ കണ്ണും പൂട്ടി ചീത്ത പറഞ്ഞിരുന്ന ആളാണ് പക്ഷേ ഇനി തൊട്ടു നമ്മുടെ ഏട്ടന്‍ ആണെന്ന് പറഞ്ഞ് ഒരു മനുഷ്യനെ കാണിച്ചു തന്നു ”ഖബ്രെട്ടന്‍”. അതു പോലെ വേറൊരു കപ്പിത്താന്‍ തേപ്പിന്റെ നായകനായ കഥയും പറഞ്ഞു തന്നു. അങ്ങനെ കളിക്ക് അകത്തും പുറത്തും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടി. കണ്ട ആദ്യ സീസണ്‍ വന്‍ പരാജയം ആയെങ്കിലും കൂടിരുന്ന് കളി കണ്ടവരുടെ ആവേശത്തിന്റെ ബലത്തില്‍ പുതിയ സീസണ്‍ ഞാന്‍ കാണാന്‍ തുടങ്ങി.ആദ്യ കളി ATKMB യുമായി. രാഹുലിന്റെ ഇഞ്ചുറിയും 4-2 ഇന്റെ തോല്‍വിയും ലേശം വിഷമിപ്പിച്ചെങ്കിലും രാഹുല്‍ – സഹല്‍ കോംബോ ഗോളും അവരുടെ സെലിബ്രേഷനും തന്നെ അടുത്ത കളി കാണാന്‍ തോന്നിപ്പിക്കാന്‍ ഉള്ള മുതലുണ്ടയിരുന്നു. പിന്നീടങ്ങോട്ട് രണ്ടു സമനില. ജയിക്കുന്നില്ലല്ലോ എന്ന് തോന്നിയെങ്കിലും പ്രതീക്ഷ വയ്പ്പിക്കുന്ന എന്തോ സംഭവം കളിയില്‍ ഉണ്ടായിരുന്നു. അങ്ങനെ അടുത്ത കളി ഒഡിഷയെ തോല്‍പ്പിച്ച് ആദ്യ ജയം, വീണ്ടും ഒരു സമനില അങ്ങനെ സമാധാനമായി പോകുന്ന കാലം.
അപ്പോഴാണ് മുംബൈ എഫ് സി യുമായി അടുത്ത കളി. നമ്മളെ അവര്‍ പണ്ട് 6-1 ഇന് അടപടലം തോല്‍പ്പിച്ചിട്ടുണ്ടെന്നും, ആ സ്‌കോര്‍ ബോര്‍ഡ് എടുത്ത് ഈ കളിക്ക് മുന്നേ അവര്‍ പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നും കാണിച്ചു തന്നു നല്ലവനായ എന്റെ ഭര്‍ത്താവ് എനിക്ക് കളി കാണാനുള്ള ആമ്പ്യന്‍സ് സെറ്റ് ചെയ്ത് തന്നു. ആ കളി 3-0 ഇനു ജയിച്ച് അവിടുന്നങ്ങോട്ട് വേറെ ലെവല്‍ എനര്‍ജിയോടെ ഓരോ കളിയും ജയിക്കുന്നത് കണ്ടു. അപ്പോ വന്നു ശകുനം മുടക്കി കൊറോണ വീണ്ടും. ടീമിന് മൊത്തം കൊറോണ. അതൊന്നു സെറ്റ് ആവുന്നതിന് മുന്നേ BFC ആയുള്ള കളി. അത് നമ്മള്‍ തോറ്റെങ്കിലും ആശാന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ അതൊരു മത്സരം ആയിട്ട് കണക്കാക്കിയതേയില്ല.അങ്ങനെ മനസ്സും ഇന്‍സ്റ്റാഗ്രാമും ഒരേ പോലെ നിറച്ചു കൊണ്ട് KBFC ലീഗ് ഘട്ടം പൂര്‍ത്തിയാക്കി. സെമി ഫൈനല്‍ എതിരാളികള്‍ ഷീല്‍ഡ് വിന്നേഴ്‌സ് ആയ ജംഷഡ്പൂര്‍. ആദ്യ പാദം അവരെ തോല്‍പ്പിച്ച് രണ്ടാം പാദം സമനില പിടിച്ച് ഫൈനലിലേക്ക്. ആ സെമിഫൈനല്‍ തോല്‍വി അവരെ എത്രത്തോളം ബാധിച്ചെന്നും , ഈ വലിയ വലിയ കളിക്കാരിലും തോല്‍വികളില്‍ വേദനിക്കുന്ന തോല്‍പ്പിച്ചവരെ ശപിച്ചു വിടുന്ന, അവരുടെ ആഘോഷം കാണുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുന്ന പിഞ്ചു മനസ്സുകള്‍ ഉണ്ടെന്നും ചില ട്വിറ്റര്‍ ഹന്‍ഡിലുകള്‍ എനിക്ക് കാണിച്ചു തന്നു. (പണ്ട് പ്രിയദര്‍ശന്‍ സിനിമകളില്‍ കണ്ടുവരുന്ന മൊട്ട തലയന്‍ ഫോറിന്‍ ഗുണ്ടയെ അനുസ്മരിപ്പിക്കുന്ന ഒരു ചേട്ടനു പ്രത്യേക സ്മരണ)
സെമി ഫൈനല്‍ രണ്ടാം മത്സരം തീര്‍ന്നതും ഗോവയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഞങ്ങള്‍ ബുക്ക് ചെയ്തു. മാച്ച് ടിക്കറ്റ് വരുന്നിടത്ത് വെച്ച് കാണാം എന്നൊരു ലൈനില്‍. സംഭവം ഗോവയില്‍ ആണ് പോയതെങ്കിലും ബാംഗ്ലൂര്‍ മടിവാള ബസ്സ് സ്റ്റാന്‍ഡില്‍ പോയി ഇറങ്ങിയ ഒരു ഫീല്‍ ആയിരുന്നു. സ്ഥലം നമ്മുടതല്ല പക്ഷേ നാലു ചുറ്റും കലപില മലയാളം. മാച്ച് ടിക്കറ്റും കൊണ്ട് ഞങ്ങളെ കാണാന്‍ ഗോവന്‍ ഹോട്ടലില്‍ എത്തിയ എന്റെ ഭര്‍ത്താവിന്റെ ഗോവക്കാരന്‍ സുഹൃത്തിനെ കണ്ടു ‘ ആഹാ ഈ ഗോവന്‍ ഫാന്‍സ് എത്ര മഹാന്മാര്‍” എന്നൊരു സ്റ്റിക്കിനോട്ട് ഞാന്‍ മനസ്സില്‍ ഒട്ടിച്ചു.അങ്ങനെ മഞ്ഞയും മഞ്ഞയും ഇട്ട് ഒരു ഡസന്‍ വിക്ക്‌സ് മുട്ടായി പോക്കറ്റില്‍ കുത്തി കയറ്റി കാല്‍നടയായി ഫട്ടോര്‍ട സ്റ്റേഡിയത്തിലേക്ക്. എന്റെ ആദ്യത്തെ ഫുട്ബാള്‍ മാച്ച് കലൂര്‍ സ്റ്റേഡിയത്തില്‍ അല്ലാത്തതില്‍ ലേശം ദുഃഖം തോന്നിയെങ്കിലും ‘ Kaloor is not a place, it’s the people’ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു (കടപ്പാട് : തോര്‍ ഏട്ടന്റെ അച്ഛന്‍)
ടീമിനു മഞ്ഞ ഇടാന്‍ പറ്റിയില്ലെങ്കിലും സ്റ്റേഡിയം മുഴുവന്‍ മഞ്ഞക്കടല്‍ തന്നെ ആയിരുന്നു. നമ്മുടെ തൊട്ട് അടുത്ത സ്റ്റാന്‍ഡില്‍ നല്ലവരായ കുറച്ച് ഗോവന്‍ ഫാന്‍സ് ശാന്തരായി ഇരിപ്പുണ്ട്. സ്വന്തം ടീം പുറത്തായിട്ടും ഈ കളിയോടുള്ള ശുദ്ധമായ സ്‌നേഹം ഒന്നു കൊണ്ടു മാത്രം കളികാണാന്‍ വന്നിരിക്കുന്ന അവര്‍ക്ക് വേണ്ടി ഒരു സ്റ്റിക്കിനോട്ട് കൂടി ഡെഡിക്കേറ്റ് ചെയ്ത് ഞാന്‍ കളിയില്‍ ശ്രദ്ധിച്ചു.പോക്കറ്റില്‍ വിക്‌സിന്റെ എണ്ണം കുറഞ്ഞു കൊണ്ടെയിരുന്നെങ്കിലും സ്‌കോര്‍ ബോര്‍ഡ് മാത്രം അനങ്ങിയതേയില്ല. അത്രേം നേരം തൊണ്ട കീറിയതിന്റെ കേട് തീര്‍ക്കാന്‍ 68- ആം മിനുട്ടില്‍ ചെറുക്കന്‍ ഒരു ഗോള്‍ അടിച്ചു. കാര്യം, ഞാന്‍ നില്‍ക്കണ്ട ഹോം സ്‌ക്രീന്‍ വാള്‍പേപ്പറില്‍ മാറി തരാതെ കേറി നില്‍ക്കുന്നതിന്റെ ചൊരുക്ക് എനിക്ക് തോന്നാറുണ്ട് എങ്കിലും രാഹുല്‍ കെ പി യെ കണ്ടു കഴിഞ്ഞാ എനിക്ക് വാത്സല്യം നിറഞ്ഞു കവിയും.. സ്റ്റേഡിയത്തില്‍ കാണുന്ന ആദ്യത്തെ ഗോള്‍ അവന്‍ തന്നെ അടിച്ചത് വേറെ ലെവല്‍ സന്തോഷം..
അവിടെ വച്ചു കളി തീര്‍ന്നാല്‍ മതിയാരുന്നു. പക്ഷേ തീര്‍ന്നില്ല. ഇപ്പൊ ഉടയ്ക്കും ഇപ്പോ ഉടയ്ക്കും എന്നു പറഞ്ഞ് നിന്നിട്ട് എണ്‍പത്തി എട്ടാം മിനുട്ടില്‍ എവിടുന്നോ വന്നൊരു മഹാപാപി കിണ്ണം കാച്ചിയ ഒരു ഗോള്‍ അടിച്ച് കളി പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊണ്ട് എത്തിച്ചു.ആ എണ്‍പത്തി എട്ടാം മിനുട്ടില്‍ രണ്ട് കാര്യങ്ങളാണ് എന്റെ ഹൃദയം തകര്‍ത്തത് ഒന്ന് ആ ഗോളും രണ്ട് എന്റെ സ്റ്റിക്കി നോട്ടിലെ മഹത്തായ ഫാന്‍സിന്റെ ട്രാന്‍സിഷനും. അത്രയും നേരം ഞങ്ങള്‍ തികച്ചും നിഷ്പക്ഷരായി കളി കാണാന്‍ വന്നവരാണെ എന്ന മട്ടില്‍ ഇരുന്നവര്‍ പണ്ട് ജോഷി സിനമയുടെ ക്ലൈമാക്‌സില്‍ വരുന്ന വിജയകുമാറിനെ പോലെ ”സോറി ഇച്ചായ ഞങ്ങള്‍ ഹൈദരാബാദ് ഫാന്‍സ് ആണെ” എന്നു പറഞ്ഞ് കൂറു മാറി. പെനാല്‍ടി ഷൂട്ടൗട്ടില്‍ നമ്മുടെ ഓരോ പിഴവും അവരുടെ ഓരോ ഗോളും അവര്‍ ആഘോഷമാക്കി.
അതു വരെ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം സ്റ്റേഡിയത്തില്‍ കണ്ടിട്ടുള്ള ഞാന്‍ പിന്നീട് അവിടെ നടന്ന സംഭവങ്ങള്‍ കണ്ട് ഇതെന്ത് മറിമായം എന്ന മട്ടില്‍ കണ്ണന്‍ സ്രാങ്ക് പോസില്‍ നിന്നു . 2016 ടി-ട്വെന്റി വേള്‍ഡ് കപ്പ് ആണ് ഞാന്‍ ഇതിനു മുന്നേ സ്റ്റേഡിയത്തില്‍ പോയി കണ്ട മത്സരം. അവസാന ഓവറില്‍ ധോണിയുടെ അസാമാന്യ പ്രകടനം കൊണ്ട് നമ്മള്‍ പിടിച്ചെടുത്ത ആ മത്സരം ഒരു 16 ഓവര്‍ കഴിയുമ്പോഴേക്കും നമ്മള്‍ തോല്‍ക്കും എന്ന തോന്നലില്‍ സ്റ്റേഡിയം പതുക്കെ ഒഴിഞ്ഞു തുടങ്ങിയിരുന്നു. അവിടെയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-1 തോറ്റു പോയ ടീമിനു വേണ്ടി കളി കഴിഞ്ഞിട്ടും ഇറങ്ങി പോകാതെ ആരാധകര്‍ കാത്തു നില്‍ക്കുന്നത്.കണ്ണീരോടെ ആണെങ്കിലും പരസ്പരം വൈകിങ് ക്ലാപ് കൊടുത്തു കൊണ്ടു വിഷമിക്കണ്ട നമ്മളുണ്ട് കൂടെ എന്നു കളിക്കാരും ആരാധകരും പറയാതെ പറയുന്ന രംഗം അതു വരെ കരുതി വച്ചിരുന്ന എല്ലാ ഹൈപ്പുകള്‍ക്കും മുകളില്‍ ആയിരുന്നു.കളി തോറ്റെങ്കിലും ഈ കളിയും അതിന്റെ ആരാധകരും വേറെ ലെവല്‍ ആണെന്ന തിരിച്ചറിവില്‍ നാട്ടിലേക്ക് വണ്ടി കയറി. ചിലപ്പോള്‍ ഈ തോല്‍വി ഒരു കാവ്യ നീതി ആയിരിക്കും എന്നോര്‍ത്ത് സമാധാനിക്കും.. കലൂരില്‍ പോയി ഒരു കളി പോലും കളിക്കാതെ നമ്മളൊരു കപ്പ് എടുത്താല്‍ അതില്‍ എന്തോ ഒരു മിസ്സിങ് ഇല്ലേ..