കൊച്ചിയിൽ കളി കാണാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയൊരു നിരാശ സമ്മാനിക്കുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഇത്തവണത്തെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില.
കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ എല്ലാ മത്സരങ്ങളും കാണാനുള്ള സീസൺ ടിക്കറ്റ് തന്നെ സാധാരണ ടിക്കറ്റുകളിൽ നിന്നും 40% ഇളവോടെ 2499 രൂപക്കാണ് ലഭ്യമാകുന്നത്. സീസൺ ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുമുണ്ട്.
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം കാണാനുള്ള സാധാരണ ടിക്കറ്റ് വില 399 രൂപയായിരിക്കും. ഇതിനോടൊപ്പം മറ്റു ചില അനുബന്ധ ചാർജുകളും കൂട്ടി 450 രൂപയോളമാണ് ടിക്കറ്റ് ലഭിക്കാൻ മുടക്കേണ്ടി വരിക.
അവസാന തവണ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരുന്നപ്പോൾ ഒരു മത്സരം കാണാനുള്ള ടിക്കറ്റ് വില 249 രൂപയായിരുന്നു. ആരാധകർക്ക് അൽപ്പം നിരാശ പകരുന്നതാണെങ്കിലും ഇഷ്ട ടീമുകളുടെ കളി കാണാൻ ഫാൻസ് തയ്യാറാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ മാത്രമല്ല, കോവിഡിന് ശേഷം വീണ്ടും കാണികൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെയെല്ലാം ടിക്കറ്റ് വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.