ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ലക്ഷ്യമിട്ട് തങ്ങളുടെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ 2022-ലെ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി തോൽവി. പോയന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള വോൾവ്സ് ആണ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായ റാൾഫ് റാഗ്നിക്കിന് കീഴിൽ ഏറ്റുവാങ്ങുന്ന ആദ്യ പരാജയമായിരുന്നു ഇത്. കൂടാതെ 2008-ന് ശേഷം തന്റെ കരിയറിൽ രണ്ടാം തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു വോൾവ്സിനോടേറ്റ തോൽവി.
മികച്ച പോരാട്ടം കണ്ട മത്സരത്തിന്റെ 82-മിനിറ്റിലാണ് വോൾവ്സിനു വേണ്ടി പോർച്ചുഗീസ് താരമായ ജാവോ മൗടീഞ്ഞോ മത്സരത്തിലെ വിജയ ഗോൾ നേടുന്നത്. 1980-ന് ശേഷം ഇതാദ്യമായാണ് ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന ഒരു പ്രീമിയർ ലീഗ് മത്സരം വോൾവ്സ് വിജയിക്കുന്നത്.
ഈ മത്സരം പരാജയപ്പെട്ടതോടെ പോയന്റ് ടേബിളിൽ 19 മത്സരങ്ങളിൽ നിന്ന് 31 പോയന്റോടെ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 19 മത്സരങ്ങളിൽ നിന്ന് 28 പോയന്റുള്ള വോൾവ്സ് ചുവന്ന ചെകുത്താൻമാർക്ക് തൊട്ടുപിറകിൽ എട്ടാം സ്ഥാനത്തുമാണുള്ളത്.