ലയണൽ മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ നടത്തുന്ന ശ്രമങ്ങളാണ് ഫുട്ബോൾ ലോകത്തെ നിലവിലെ സജീവ ചർച്ച. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയ്ക്കും ബാഴ്സയിലേക്ക് തിരികെയെത്താൻ മെസ്സിക്കും ആഗ്രഹമുണ്ട്. എന്നാൽ ഇരുവരുടെയും തമ്മിലുള്ള പ്രധാന പ്രശ്നം ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ്.
ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്നുകൊണ്ട് മെസ്സിയെ ബാഴ്സയിലേക്ക് എത്തിക്കാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ മെസ്സി- ബാഴ്സ ചർച്ചകൾ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമ്പോൾ കഴിഞ്ഞദിവസം മെസ്സി പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകരിൽ ചില ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
സൗദിയിലെ ഈന്തപ്പന തോട്ടങ്ങളുടെ ചിത്രമാണ് മെസ്സി പങ്കുവെച്ചത്. സൗദിയിൽ ഇത്ര പച്ചപ്പുണ്ടെന്ന് ആരറിഞ്ഞു എന്ന ചോദ്യമാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി ചോദിക്കുന്നത്. കൂടാതെ ആവശ്യമായ സമയത്ത് എക്സ്പ്ലോർ ചെയ്യാൻ താൻ ഇഷ്ടപ്പെടുന്നു എന്നും ഈ ചിത്രത്തിന് ഒപ്പം മെസ്സി കുറിക്കുന്നു.
ഇത്തരത്തിൽ മെസ്സി സൗദിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചതോടുകൂടി ചില ആരാധകരിൽ ആശങ്ക ഉണ്ടായിട്ടുണ്ട്. കാരണം സൗദി ക്ലബ്ബ് അൽഹിലാൽ മെസ്സിക്ക് മുന്നിൽ ഒരു വലിയൊരു ഓഫർ വെച്ചിട്ടുണ്ട്. 400 കോടിയിലേറെ രൂപയാണ് അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ വെച്ച ഓഫർ.
ഈ ഓഫർ സ്വീകരിച്ച് മെസ്സി സൗദിയിലേക്ക് പോകുന്നതിന്റെ സൂചനയാണ് മെസ്സിയുടെ ഈ പോസ്റ്റ് എന്നാണ് പല ആരാധകരുടെയും ആശങ്കകൾക്ക് കാരണം. എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്നതാണ് വസ്തുത. സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ലയണൽ മെസ്സി. ഇതിന്റെ ഭാഗമായി വിസിറ്റ് സൗദി ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മെസ്സി സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. അല്ലാതെ മെസ്സിയുടെ പോസ്റ്റിന് സൗദി റൂമറുകളുമായി യാതൊരുവിധ ബന്ധവുമില്ല.