ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഐഎസ്എൽ ടീമുകളെ ലക്ഷ്യംവെച്ച് ലാലിഗ ടീമുകൾ രംഗത്തുണ്ട് എന്നുള്ളതാണ് ആ സുപ്രധാന വാർത്ത.
ലാലിഗയുടെ ഇന്ത്യ റീജിയണൽ എംഡി ജോസേ അന്റോണിയോ കച്ചാസയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുന്നത്. സ്പോർട്സ് കിഡക്ക് നൽകിയ അഭിമുഖത്തിലാണ് കച്ചാസ ഇക്കാര്യം പറഞ്ഞത്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ലാലിഗ ക്ലബ്ബുകൾ ഐഎസ്എൽ ടീമുകളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നാണ് കച്ചാസ പറഞ്ഞത്.
ലാലിഗ ടീമുകൾ ഇന്ത്യൻ ഫുട്ബോളിനെ വലിയ മാർക്കറ്റ് ആയി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലിഗ ക്ലബ്ബായ വിയ്യാ റയൽ ബംഗളൂരുവിൽ അക്കാദമി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതും ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കച്ചാസയുടെ വാക്കുകൾ പ്രകാരം സ്പാനിഷ് ടീമുകൾ ഐഎസ്എൽ ടീമുകളെ സ്വന്തമാക്കാൻ രംഗത്ത് എത്തിയാൽ ഇന്ത്യൻ ഫുട്ബോളിന് അത് വലിയ നേട്ടമാകും.