ഏകദേശം ഒരു മാസം മുൻപാണ്, പാരീസ് സെന്റ് ജെർമെയ്ന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 2022 ഫിഫ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ പ്രസ്താവന പലരെയും അത്ഭുതപ്പെടുത്തി.
ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിക്കാൻ ആവശ്യമായ മാനസികശക്തി തനിക്ക് ഭാവിയിൽ ഉണ്ടായേക്കില്ല എന്നാണ് അതിനു കാരണമായി നെയ്മർ ആ വീഡിയോയിൽ പറഞ്ഞത് . 29 വയസ്സുകാരനായ നെയ്മർ ജൂനിയറിന്റെ ഈ പ്രസ്താവന കാരണം ബ്രസീലിയൻ ഇതിഹാസം കഫു ബ്രസീൽ ദേശീയ ടീമിന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണ്.
“അത് സംഭവിക്കുകയാണെങ്കിൽ, അത് നെയ്മറിന്റെ തീരുമാനമായിരിക്കും, അതിനോട് നമ്മൾ ബഹുമാനം കാണിക്കണം . ഖത്തറിലെ ലോകകപ്പിന് ശേഷം വിരമിക്കണമെന്ന് നെയ്മർ വിചാരിച്ചാൽ ബ്രസീലിന് ഒരു വിള്ളലുണ്ടാകും. അത് ലജ്ജാകരമാണ്, കാരണം നെയ്മർ വളരെ ചെറുപ്പവും ലോക ഫുട്ബോളിലെ ഒരു റഫറൻസുമാണ്. അദ്ദേഹത്തിന് ഇനിയും ധാരാളം മത്സരങ്ങളും കോമ്പറ്റിഷനുകളും കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.” – എന്നാണ് കഫു പറയുന്നത്
അടുത്ത വർഷം നെയ്‌മറുടെ മനസ്സ് മാറുമോ അതോ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം തീരുമാനിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഖത്തർ ലോകകപ്പിന് ഒരു തോൽവി പോലുമറിയാതെ ബ്രസീൽ യോഗ്യത നേടിയതിലും ബ്രസീലിനൊപ്പം നെയ്മർ ജൂനിയർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഖത്തർ ലോകകപ്പ് കിരീടം ബ്രസീലിന്റെ മണ്ണ് ചുംബിക്കുന്നതും കാത്തിരിക്കുകയാണ് ബ്രസീൽ ആരാധകർ.