മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിൽ സർ അലക്‌സ് ഫെർഗൂസന് ഔപചാരികമായ പങ്കുണ്ടായിരിക്കില്ല എന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഒലെ ഗുന്നാർ സോൾഷ്യയറിന് പകരക്കാരനായി പരിശീലകന്മാരെ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും ഫുട്ബോൾ ഡയറക്ടർ ജോൺ മുർട്ടോയ്ക്കും ടെക്നിക്കൽ ഡയറക്ടർ ഡാരൻ ഫ്ലെച്ചറിനും മാഞ്ചസ്റ്റർ യുണൈറ്റഡ് ചുമതല നൽകിയതായി ESPN റിപ്പോർട്ട് ചെയ്യുന്നു.
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച പരിശീലകന്മാരിൽ ഒരാളായ സർ അലക്സ് ഫെർഗൂസൺ 2013 മെയ് മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടിയിറങ്ങിയ ശേഷം ജോസേ മൗറീഞ്ഞോ, ലൂയിസ് വാൻ ഗാൽ, ഡേവിഡ് മോയസ്, ഒലെ ഗുന്നാർ സോൾഷ്യയർ എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്മാരായിട്ടുള്ളത്. ഇപ്പോഴിതാ ഫെർഗൂസൻ പടിയിറങ്ങിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അഞ്ചാമത്തെ പരിശീലകനെ തിരയുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിൽ നിന്ന് യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫറിൽ അവസാന ഘട്ടത്തിൽ ഫെർഗൂസൺ നിർണായകമായ പങ്ക് വഹിച്ചിരുന്നു. തന്റെ പ്രിയ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫോൺ കാൾ ചെയ്താണ് സർ അലക്സ് ഫെർഗൂസൻ ക്രിസ്റ്റ്യാനോ ട്രാൻസ്ഫറിൽ തന്റെ റോൾ വഹിച്ചത്.
എന്തായാലും, സിനദിൻ സിദാൻ, ബ്രണ്ടൻ റോഡ്ജേർസ്, മൗറിസിയോ പോചെട്ടിനോ തുടങ്ങിയ പരിശീലകന്മാരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒലെ ഗുന്നാർ സോൾഷ്യയർക്ക് പകരമായി ഇപ്പോൾ മൈക്കൽ കാരിക്ക് ആണ് താൽകാലിക പരിശീലകനായി ചുമതലയേറ്റിട്ടുള്ളത്. ശേഷമുള്ള ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ, സാഞ്ചോ എന്നിവരുടെ ഗോളിൽ വിയ്യാറയലിനെ 2-0 എന്ന സ്കോറിനു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി.