സമീപകാലത്ത് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് സൗദി ഫുട്ബോളിനെ പറ്റിയാണ്. ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീനയെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തി കൊണ്ടാണ് സൗദി ഫുട്ബോൾ ലോക ഫുട്ബോളിന്റെ ശ്രദ്ധ നേടുന്നത്.
പിന്നീട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് സൗദി ക്ലബ്ബായ അൽ നസ്റും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു. പിന്നീട് വിവിധ സൗദി ക്ലബ്ബുകൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിലെ മികച്ച താരങ്ങളെ ടീമിലെത്തിച്ച് സൗദി ഫുട്ബോളിനെ കൂടുതൽ ശ്രദ്ധേയമാക്കി.
നിലവിൽ സൗദിയിലേക്ക് നിരവധി താരങ്ങൾ എത്തുന്നതിനുള്ള പ്രധാനപ്പെട്ട കാരണം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവാണെന്ന് പല ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിപരീതമായ ഒരു അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ജർമൻ ക്ലബ്ബായ മെയിൻസിന്റെ പരിശീലകൻ ബോ സ്വെൻസൻ.
റൊണാൾഡോയല്ല മറിച്ച് സൂപ്പർതാരം കരീം ബെൻസീമ സൗദിയിലെത്തിയതാണ് യൂറോപ്പിൽ നിന്നും താരങ്ങൾ സൗദിയിലേക്ക് എത്താനുള്ള കാരണമെന്നാണ് ബോ സ്വെൻസന്റെ അഭിപ്രായം.
നിലവിലെ ബാലൻഡിയോർ ജേതാവായ ബെൻസിമ, റയൽ മാഡ്രിഡിൽ തുടരാനുള്ള ഓഫർ നിരസിച്ചുകൊണ്ടാണ് സൗദി ക്ലബ്ബായ അൽ ഇത്തിഹാദിൽ എത്തുന്നത്. ഈ നീക്കമാണ് യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിപ്പിച്ചതെന്നാണ് സ്വെൻസന്റെ അഭിപ്രായം.