ഇന്ത്യയിലെ ജനപ്രിയ കായിക താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. എല്ലാ മാസവും ഓർമാക്സ് ഈ പട്ടിക പുറത്ത് വിടാറുണ്ട്. എന്നാൽ ഫെബ്രുവരിയിലെ പട്ടിക അവർ പുറത്ത് വിട്ടപ്പോൾ അതിൽ കുറച്ച് കൗതുകകരമായ കാര്യങ്ങൾ കൂടിയുണ്ട്.
വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീയ കായിക താരങ്ങളിൽ രണ്ടാമൻ. ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ച് പേരും ക്രിക്കറ്റ് താരങ്ങളാണ്. മൂന്ന് ഫുട്ബോള്‍ താരങ്ങളും ഒരു ടെന്നീസ് താരവും ഒരു അത്‌ലറ്റിക്സ് താരവും അടങ്ങുന്നതാണ് പത്തുപേരുടെ പട്ടിക.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. പുതിയ പട്ടികയിലും കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് നാലാം സ്ഥാനത്ത് എത്തിയത്.
മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് സച്ചിൻ ടെണ്ടുൽക്കർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസിയാണ് പട്ടികയിലെ ആറാമൻ.
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി പട്ടികയിൽ ഏഴ്മാനായി. ടെന്നീസ് താരം സാനിയ മിർസ, ജാവലിന്‍ ത്രോയിലെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര, ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ ഉള്ളത്.