മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഡെർബി മത്സരത്തിന് മുൻപ് മാഞ്ചസ്റ്റർ സിറ്റി 10 മിനിറ്റ് നേരത്തേക്ക് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂവെന്ന് സിറ്റിയുടെ ബെൽജിയം സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ വെളിപ്പെടുത്തി.
ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എറിക് ബെയ്‌ലിയുടെ സെൽഫ് ഗോളും ബെർണാഡോ സിൽവയുടെ സ്‌ട്രൈക്കും നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ സിറ്റിക്ക് രണ്ട് ഗോൾ വിജയമൊരുക്കിയപ്പോൾ മൂന്ന് പോയിന്റുകളും സിറ്റി നേടിയെടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എങ്ങനെ തയ്യാറെടുക്കണമെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്നും കെവിൻ ഡി ബ്രുയിൻ പറഞ്ഞു .
“ഒരു മത്സരത്തിന്റെ തലേദിവസം ഞങ്ങൾ സാധാരണയായി എതിരാളികൾ എങ്ങനെ കളിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി തന്ത്രപരമായി പരിശീലിക്കും. “
“എന്നാൽ യുണൈറ്റഡുമായുള്ള മത്സരത്തിന് മുൻപ് പെപ് പറഞ്ഞു: ‘അവർ എങ്ങനെ കളിക്കുമെന്ന് ഞമ്മൾക്കറിയില്ല. അവർ എങ്ങനെയാണ് കളിക്കുന്നത് എന്ന് നമുക്ക് കാണാം’. 10 മിനിറ്റോ മറ്റോ ആയപ്പോഴേക്കും ഞങ്ങൾ പരിശീലനം നിർത്തി.”
“പലപ്പോഴും എതിരാളികൾ എങ്ങനെ കളിക്കുമെന്ന് പെപ്പിന് അറിയാം, പക്ഷെ ഇത്തവണ പെപ്പിന് യുണൈറ്റഡ് എങ്ങനെ കളിക്കുമെന്ന് അറിയില്ലായിരുന്നു. അതിനാൽ എന്താണ് ചെയ്യേണ്ടത് എന്നും പെപ്പിന് അറിയില്ലായിരുന്നു .”
“ഞങ്ങൾ എപ്പോഴും ചെയ്യുന്നത് ഞങ്ങൾ ചെയ്തു. പക്ഷേ, യുണൈറ്റഡ് അഞ്ച് പേരെ ഡിഫെൻസിൽ നിർത്തി കളിക്കുമോ, അതോ നാല് പേരെ കൊണ്ട് കളിക്കുമോ, അതോ മൈതാനത്തിന്റെ നടുവിൽ ഒരു വജ്രം ശൈലിയിൽ കളിക്കുമോ , അതോ മുന്നിൽ മൂന്ന് പേരുമായി കളിക്കുമോ എന്നൊന്നും അദ്ദേഹത്തിന് നേരത്തെ മുൻകൂട്ടി അറിയില്ലായിരുന്നു.” – കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു.
എന്തായാലും, ഓൾഡ് ട്രാഫോഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വ്യക്തമായി ആധിപത്യം പുലർത്താനും മത്സരം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനും പെപ് ഗാർഡിയോളയുടെ സിറ്റിക്ക് കഴിഞ്ഞു. സമീപകാലമത്സരങ്ങളിൽ വളരെ മോശം ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തെ യുണൈറ്റഡ് മാനേജ്മെന്റ് ഉടൻ തന്നെ പുറത്താക്കിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.