പ്രതിഭാധനരായ താരങ്ങളെ വലവീശി പിടിച്ച് അവസരം കൊടുക്കാതെ സൈഡ് ബെഞ്ചിൽ തളച്ചിട്ട് പ്രതിഭ മുരടിപ്പിക്കുന്നതിൽ ഏറെ പഴികേട്ട ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഒന്നാണ് എ ടി കെ മോഹൻ ബഗാൻ. മോഹൻബഗാനും ആയി ചേരുന്നതിനു മുൻപ് തന്നെ ATK യുടെ സ്വഭാവം ഇതുതന്നെയായിരുന്നു.
നിരവധി യുവതാരങ്ങളിളെ ടീമിൽ പിടിച്ചുനിർത്തി മറ്റു ക്ലബ്ബുകളിൽ പോയി കളിച്ചു തെളിയിക്കുവാൻ അവർക്കുള്ള അവസരവും കൊൽക്കത്ത നിഷേധിക്കുന്നത് പതിവായിരുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിവാഗ്ദാനം എന്ന വിശേഷണവുമായി എത്തിയ കോമൾ തട്ടാലിനെ ബെഞ്ചിൽ ഇരുത്തി നശിപ്പിച്ചത് എടികെ ആയിരുന്നു. അതുപോലെ തന്നെയായിരുന്നു അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ധീരജ് സിങ്ങിന്റെ കാര്യവും.
ബ്ലാസ്റ്റേഴ്സിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ കൊൽക്കത്ത വലയെറിഞ്ഞു പിടിച്ചു എന്നാൽ പിന്നീട് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് അവർ അവസരം നൽകിയില്ല. ഗോവയിൽ എത്തിയ ശേഷമാണ് താരത്തിന്റെ തലവര വീണ്ടും തെളിഞ്ഞത്.
ഈ രണ്ടുപേരുടെയും കാര്യം ഒറ്റപ്പെട്ട ഒന്നല്ല. നിരവധി താരങ്ങൾക്ക് ഇതുതന്നെയായിരുന്നു അവസ്ഥ. അങ്ങനെ അവസരം ലഭിക്കാതെ പ്രതിഭ മുരടിച്ചുപോയ നിരവധി താരങ്ങളെ എടുത്തു കാണിക്കാൻ കഴിയും.
ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ അല്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ഡിഫൻസീവ് മിഡ്ഫീൽഡർ എന്നുറപ്പിച്ച് പറയുവാൻ കഴിയുന്ന താരമായ പ്രണോയ് ഹാൽദറിന്റെ കാര്യവും ഇപ്പോൾ അതുപോലെയാണ്.
താരത്തിന് എടികെ മോഹൻബഗാൻ വിട്ടുപോകണമെന്ന് പറഞ്ഞിട്ടുപോലും ക്ലബ്ബ് അദ്ദേഹത്തെ വിടുവാൻ തയ്യാറാകുന്നില്ല. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ജംഷഡ്പൂർ എഫ് സി യുമായി നടത്തിയ വ്യക്തിഗത ചർച്ചകളിലൂടെ താരത്തിന് പോകണമെന്ന് വ്യക്തമാക്കിയിരുന്നു.
ഒരു പെർമെനൻറ് ട്രാൻസ്ഫറായി ജംഷഡ് പൂരിലേക്ക് പോകുവാൻ ആയിരുന്നു അദ്ദേഹത്തിന് ആഗ്രഹം. എന്നാൽ ഒരു കാരണവശാലും സ്ഥിരം ട്രാൻസ്ഫറായി ജംഷെഡ്പൂരിലേക്ക്
പ്രണോയെ വിടില്ല എന്നാണ് ATK നിലപാട്.
വേണമെങ്കിൽ, നിർബന്ധമാണെങ്കിൽ ലോൺ അടിസ്ഥാനത്തിൽ ഒരു ട്രാൻസ്ഫർ ആകാം എന്നാണ് അവർ പറയുന്നത്. ടാറ്റാ ഫുട്ബോൾ അക്കാദമിയിലൂടെ കളി പഠിച്ചുവന്ന പ്രണോയ്ക്ക് ജംഷഡ്പൂരിനോട് മാനസികമായി ഒരു അടുപ്പമുണ്ട്.
എടികെ 2018 ൽ വിലയിട്ടു വാങ്ങി പിന്നീട് അവർ അദ്ദേഹത്തിന് അവിടെ കൂച്ചുവിലങ്ങിട്ടു തളയ്ക്കുകയായിരുന്നു. ATKയുടെ വാശിക്ക് മുന്നിൽ ഭാവി ബലി കഴിക്കേണ്ടി വരുന്ന മറ്റൊരു താരം കൂടി ആകുമോ പ്രണോയ്എന്ന് ആശങ്കപ്പെടുകയാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ, എടികെയി ൽ കളിക്കുന്ന സമയത്ത് പ്രണയിക്ക് കൂടുതൽ അവസരങ്ങൾ നിഷേധിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം കൂടിയാണ്.